
ദോഹ: ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങൾ ഖത്തർ അവസാനിപ്പിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു. ഹമാസ് – ഇസ്രായേൽ വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമാണ് ഖത്തർ. നിലവിൽ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, ഖത്തറിൽ വെടിനിർത്തൽ ചർച്ചകൾക്കായി ഒത്തുകൂടിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരത്തോടെയാണ് ഈ ആക്രമണം നടന്നതെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലി പ്രതിരോധ സേനയും സുരക്ഷാ ഏജൻസിയും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറിലെ കത്താറയിൽ വെച്ചാണ് ആക്രമണം നടന്നത്. ഒക്ടോബർ 7-ലെ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഹമാസിന്റെ ഉന്നത നേതാക്കളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഹമാസ് നേതാക്കളായ ഖലീൽ അൽ ഹയ്യ, സാലിഹ് അൽ അരൂരി, സാഹിർ ജബാരിൻ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഹമാസ് നേതാക്കൾ യോഗം ചേരുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഈ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഹമാസ് നേതാക്കളെ പാർപ്പിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ആക്രമണം ഭീരുത്വപരമായ നടപടിയാണെന്നും ഖത്തർ വിശേഷിപ്പിച്ചു.
The post മധ്യസ്ഥശ്രമങ്ങൾ അവസാനിപ്പിച്ചതായി ഖത്തർ; നിലവിൽ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം appeared first on Express Kerala.









