
2025 ലെ വിവാഹങ്ങൾ എല്ലാവരിലും ഒരു പ്രധാന മാറ്റം കൊണ്ടുവന്നു. അതായത്, വധുവിന്റെ വസ്ത്രധാരണത്തിലും നിറത്തിലും ഉള്ള തിരഞ്ഞെടുപ്പുകൾ ആണ് ഇവയിൽ പ്രധാനം. ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ വിവാഹ വസ്ത്രങ്ങളിൽ കടും കടും നിറങ്ങളും വ്യത്യസ്ത നിറങ്ങളും തിരഞ്ഞെടുക്കുന്നു. പരമ്പരാഗത ചുവപ്പ് നിറത്തിൽ നിന്നുള്ള വലിയ വ്യതിയാനമാണിത്. ഉത്തരേന്ത്യൻ, വിവാഹങ്ങളിൽ വധു ചുവപ്പ് ധരിക്കുന്നത് അവരുടെ സംസ്കാരമായും പാരമ്പര്യമായും കണക്കാക്കപ്പെടുന്നു. വർഷങ്ങളായി അവർ തുടരുന്ന രീതിയും ഈ ചുവപ്പ് വസ്ത്രങ്ങൾ തന്നെയാണ്.
എന്നാൽ ഇപ്പോൾ ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ ചുവപ്പ് നിറം ഉപേക്ഷിച്ച് മറ്റ് നിറങ്ങൾ തിരഞ്ഞെടുക്കുന്നു. അവരുടെ വിവാഹ ദിനത്തിൽ വ്യത്യസ്തമായി കാണപ്പെടാൻ അവർ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണിത്. ഈ മാറ്റം വടക്കേ ഇന്ത്യൻ വിവാഹങ്ങളിൽ ഒരു പുതിയ ഫാഷൻ ട്രെൻഡായി ഉയർന്നുവന്നിട്ടുണ്ട്. വധുവിന്റെ കുടുംബവും പെൺകുട്ടികളുടെ ഈ സെലക്ഷന് ഒപ്പം നിൽക്കാൻ തുടങ്ങിയിരിക്കുന്നു. ഈ മാറ്റം ഒരു സാംസ്കാരിക മാറ്റമായി തന്നെ കാണണം. പ്രശസ്ത ഫാഷൻ ഡിസൈനർമാരായ റീന ധാക്കയും ലീന സിങ്ങും വടക്കേ ഇന്ത്യയിലെ ഈ വളർന്നുവരുന്ന ആധുനിക വിവാഹ ഫാഷനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
“ഇന്നത്തെ പെൺകുട്ടികൾ അപ്രതീക്ഷിതവും വളരെ വ്യത്യസ്തവുമായ നിറങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. പരമ്പരാഗത ചുവപ്പിനപ്പുറം അവർ പോകുന്നത് നമുക്ക് കാണാൻ കഴിയും. സ്വർണ്ണം, ഐവറി, കോൺട്രാസ്റ്റിംഗ് നിറങ്ങൾ എന്നിവ 2025-ൽ ട്രെൻഡിംഗിലാണ്. പർപ്പിൾ, ഹോട്ട് പിങ്ക്, മെറൂൺ, ഓഫ്-വൈറ്റ് തുടങ്ങിയ നിറങ്ങളും ഇന്നത്തെ പെൺകുട്ടികൾക്കിടയിൽ ജനപ്രിയമാണ്. ഇത് അവരുടെ വിവാഹത്തിൽ തങ്ങളെ മനോഹരവും ആകർഷകവും അതുല്യവുമാക്കുന്നുവെന്ന ആ പെൺകുട്ടികളുടെ വിശ്വാസം തന്നെയാണ്. ചുരുക്കത്തിൽ, ഇന്നത്തെ ആധുനിക പെൺകുട്ടികൾ പാരമ്പര്യത്തിനൊപ്പം അവരുടേതായ ഫാഷൻ സങ്കല്പങ്ങൾ കൂടി ചേർക്കാൻ ആഗ്രഹിക്കുന്നു”
ഭാരമേറിയ വസ്ത്രങ്ങൾക്ക് പകരം ഭാരം കുറഞ്ഞ വസ്ത്രങ്ങൾ ആണ് ഇന്നത്തെ പെൺകുട്ടികൾ തിരഞ്ഞെടുക്കുന്നത്. സിൽക്ക് പൈജാമകൾ, ഫ്യൂഷൻ ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾ, ഷരാരകൾ എന്നിവയാണ് വിപണിയിൽ അവരുടെ ആദ്യ ചോയ്‌സ്. വിവാഹ വസ്ത്രത്തിന് ഭാരം കുറവ് ആണെങ്കിൽ വിവാഹ ശേഷവും എന്തെങ്കിലും ചടങ്ങുകൾക്ക് വീണ്ടും അത് ധരിക്കാമല്ലോ എന്നാണ് അവർ കരുതുന്നത്. ഇതും സ്വാഗതാർഹമായ മാറ്റമാണ്. വിവാഹത്തിന് മാത്രം ധരിക്കാൻ ആയിരങ്ങൾ ചിലവഴിച്ച് ഒരു വസ്ത്രം വാങ്ങുകയും അത് ആ ദിവസത്തെ ഉപയോഗം കഴിഞ്ഞ് ഏതെങ്കിലും ഒരു മൂലയിൽ സൂക്ഷിക്കുന്നതിലും എത്രയോ നല്ലതാണ് ഇങ്ങനെ ചെയ്യുന്നത്.
ഇന്നത്തെ വിവാഹ സംസ്കാരത്തിൽ, നവ വധുക്കൾ പാരമ്പര്യത്തേക്കാൾ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് ആണ് മുൻഗണന നൽകുന്നത്. ഈ മാറ്റം അവരുടെ കുടുംബങ്ങൾ കൂടി അംഗീകരിക്കുന്നതോടെ വിവാഹം കൂടുതൽ വൈകാരിക നിമിഷങ്ങളായി മാറും. സംസ്കാരത്തോടൊപ്പം, പാരമ്പര്യവും, വധുവിന്റെ ആഗ്രഹങ്ങളും എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്നു. ഇത് വിവാഹത്തിലേക്ക് ചുവടുവയ്ക്കുന്ന പെൺകുട്ടിക്ക് സന്തോഷം നൽകുക മാത്രമല്ല, ജീവിതകാലം മുഴുവൻ ഓർത്തിരിക്കാവുന്ന ഒരു മധുരസ്മരണ സൃഷ്ടിക്കുകയും ചെയ്യും.
ഈ ആധുനിക മാറ്റം പാരമ്പര്യത്തെയും പെൺകുട്ടികളുടെ സ്വപ്നങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്നു. വടക്കേ ഇന്ത്യൻ വിവാഹങ്ങളിൽ, ക്ലാസിക് ചുവപ്പിന് പകരം, വധുവിന്റെ വസ്ത്രങ്ങൾ ഇപ്പോൾ ടെറാക്കോട്ട, ഒലിവ് ഗ്രീൻ, ഷാംപെയ്ൻ പോലുള്ള പേസ്റ്റൽ നിറങ്ങളിലാണ്. വിവാഹ വസ്ത്രങ്ങളുടെ നിറം തിരഞ്ഞെടുക്കുന്നത് ഇന്ന് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടികളുടെ ഇഷ്ടം നോക്കി ആണ് എന്നതിന്റെ തെളിവ് തന്നെയാണിത്.