
സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് 2025 ടൂര്‍ണ്ണമെന്‍റില്‍ ഇതുവരെ മുന്നിട്ട് നിന്നിരുന്ന ഇറാന്റെ പര്‍ഹാം മഗ് സൂദലുവിനെ വീഴ്‌ത്തി തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിന്‍. ഏഴാം റൗണ്ടില്‍ നേടിയ ഈ വിജയത്തോടെ നിഹാല്‍ സരിന്‍ അഞ്ചര പോയിന്‍റോടെ ഒന്നാമതെത്തിയിരിക്കുകയാണ്.
വാശിയേറിയ പോരിലാണ് അസാധാരണമായ ആക്രമണത്തില്‍ നിഹാല്‍ സരിന്‍ പര്‍ഹാം മഗ്സസൂദലുവിനെ വീഴ്‌ത്തിയത്. ആറ് റൗണ്ട് വരെ, അഞ്ച് വിജയവും ഒരു സമനിലയുമായി മുന്നേറിയ മഗ് സൂദലുവിനെ വീഴ്‌ത്തിയത് നിഹാല്‍ സരിന്റെ അത്ഭുത പ്രതിഭ വിളിച്ചോതുന്ന പ്രകടനമായിരുന്നു.
ആദ്യ രണ്ട് റൗണ്ടുകളില്‍ സമനില കാരണം പിന്നിലായിപ്പോയ നിഹാല്‍ സരിന്‍ പിന്നീട് തുടര്‍ച്ചയായ ജയങ്ങളിലൂടെ മുന്നേറുകയായിരുന്നു. മൂന്നാം റൗണ്ടില്‍ അര്‍മേനിയയുടെ ആറം ഹക്യോബാനുമായും നിഹാല്‍ സരിന്‍ വിജയിച്ചിരുന്നു. കുതിരയെ (നൈറ്റ്) ബലികൊടുത്തുകൊണ്ടുള്ള കളിയായിരുന്നു നിഹാല്‍ സരിന്‍റേത്. അത് വിജയത്തില്‍ കലാശിക്കുകയും ചെയ്തു.അഞ്ചാം റൗണ്ടില്‍ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലിയോണ്‍ ലൂക്ക് മെന്‍ഡോങ്കയെ നിഹാല്‍ സരിന്‍ തോല്‍പിച്ചിരുന്നു. 22 നീക്കത്തില്‍ സൈമണ്‍ ഗുമുലാഴ്സിനെ തകര്‍ത്താണ് നിഹാല്‍ സരിന്‍ ആറാം റൗണ്ടില്‍ വിജയം കൊയ്തത്. ഇപ്പോള്‍ ഏഴാം റൗണ്ടില്‍ പര്‍ഹാം മഗ്സൂദലുവിനെ തകര്‍ത്തോടെ മൂന്ന് കളികളില്‍ തുടര്‍ച്ചയായി ജയിച്ച ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു നിഹാല്‍ പി. സരിന്‍.
ലോകറാങ്കിങ്ങില്‍ മുന്നിട്ടുനില്‍കുന്ന ഇന്ത്യയുടെ പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ് എന്നിവരെല്ലാം പിന്തള്ളപ്പെട്ട ടൂര്‍ണ്ണമെന്‍റിലാണ് തുടര്‍ച്ചയായി മൂന്ന് ജയങ്ങളിലൂടെ നിഹാല്‍ സരിന്‍ വാര്‍ത്ത സൃഷ്ടിക്കുകയും ഇപ്പോള്‍ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തുകയും ചെയ്തത്. ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് മൂന്നര പോയിന്‍റും ഗുകേഷിന് മൂന്ന് പോയിന്‍റും അര്‍ജുന്‍ എരിഗെയ്സിക്ക് നാലര പോയിന്‍റും മാത്രമേയുള്ളൂ. ഇവരുടെ ഏഴാം റൗണ്ട് മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ ടൂര്‍ണ്ണമെന്‍റില്‍ ഏഴ് കളികള്‍ കളിച്ചതില്‍ നാല് ജയവും മൂന്ന് സമനിലയുമാണ് നിഹാല്‍ സരിന്‍ നേടിയത്. ഒരു കളി പോലും തോറ്റിട്ടില്ല. നിഹാല്‍ സരിന്റെ ഫിഡെ റേറ്റിംഗ് ഈ വിജയത്തോടെ 2700ലേക്ക് ഉയര്‍ന്നിട്ടുണ്ട്.









