
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയി തിരികെയെത്തിച്ച സ്വർണ്ണപ്പാളികൾ യഥാർത്ഥത്തിൽ സ്വർണ്ണം തന്നെയോ എന്ന് ഉറപ്പിക്കാനാണ് വിശദമായ ശാസ്ത്രീയ പരിശോധന നടത്തുക.
ഹൈക്കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് കെ.ടി ശങ്കരൻ നിലവിൽ ശബരിമല സന്നിധാനത്ത് തുടർന്ന് വരികയാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇപ്പോൾ സ്ട്രോങ് റൂമിലുള്ളത് യഥാർത്ഥ സ്വർണ്ണപ്പാളികളാണോ എന്നറിയാനാണ് പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തുന്നത്. 2019 ലും 2025 ലുമാണ് സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോയത്. തട്ടിപ്പുകാർ സ്വർണ്ണം മാറ്റിയെടുത്തതായി അന്വേഷണസംഘം തുടക്കം മുതൽ സംശയിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക പരിശോധന.
Also Read: കേരളത്തിന് മുകളിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
2019-ൽ ദ്വാരപാലക ശിൽപങ്ങളും ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചു എന്നാണ് വിജിലൻസ് റിപ്പോർട്ട്. ഈ സ്വർണ്ണം എന്ത് ചെയ്തു, തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പോറ്റിയോടൊപ്പം ദേവസ്വം ബോർഡിലെ ഏതെല്ലാം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണം ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ ക്യാമ്പ് ഓഫീസ് സ്ഥാപിച്ച് എസ്.ഐ.ടി പ്രവർത്തനം ആരംഭിക്കും.
The post തിരികെ കിട്ടിയത് ഒറിജിനൽ സ്വർണപ്പാളിയോ? ശാസ്ത്രീയ അന്വേഷണത്തിന് പ്രത്യേക സംഘം appeared first on Express Kerala.









