മാതാപിതാക്കളെ ബാധിച്ച രോഗങ്ങളെക്കുറിച്ചുള്ള ധാരണ മുന്‍നിര്‍ത്തി ചിലര്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയരാകാറുണ്ട്. ശരീരത്തെ ഏതെങ്കിലും മാരക രോഗം കാര്‍ന്നുതിന്നാല്‍ തുടങ്ങിയിട്ടുണ്ടോയെന്ന് മുന്‍കൂട്ടി അറിയാനാണിത്. അങ്ങനെയെങ്കില്‍ യുക്തമായ ചികിത്സ ഉറപ്പാക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു.
എന്നാല്‍, എന്തിന് ടെന്‍ഷനടിക്കണം, രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്താം എന്ന് കരുതുന്നവരാണ് കൂടുതല്‍. ചിലരാണെങ്കില്‍ അവരുടെ കുടുംബത്തിന്റെ ആരോഗ്യ ചരിത്രത്തത്തിന് തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന ചിന്താഗതി വളര്‍ത്തി പരിശോധനകള്‍ അവഗണിക്കുകയും ചെയ്യുന്നു.
കുടുംബത്തിന്റെ രോഗചരിത്രം
മുന്‍പ്, ചില കുടുംബങ്ങളെ സംബന്ധിച്ചെങ്കിലും അവരുടെ രോഗചരിത്രം കൃത്യമായി അറിയുന്ന ഡോക്ടര്‍മാരുണ്ടായിരുന്നു. കുടുംബത്തിലെ മുതിര്‍ന്നവരുടെ മെഡിക്കല്‍ ചരിത്രം, അലര്‍ജികകള്‍, പ്രത്യേകതകള്‍ എന്നിവയെക്കുറിച്ചെല്ലാം അവര്‍ക്ക് ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പലരും ഓരോ അവസരങ്ങളിലും വ്യത്യസ്ത ഡോക്ടര്‍മാരെയാണ് സമീപിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ നിറച്ച ഫയലുകളുമായി ആളുകള്‍ പുതിയ ഡോക്ടര്‍മാരെ തേടി പോകുന്നു.
അവര്‍ ഒപിയില്‍ അനുവദിക്കുന്ന കുറഞ്ഞ സമയം മാത്രമാണ് ആശയവിനിമയം സാധ്യമാകുന്നത്. അവര്‍ നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഓടിച്ച് നോക്കുക മാത്രം ചെയ്യുന്നു. ഒരു ഡോക്ടറില്‍ നിന്ന് പ്രത്യേകിച്ച് ഫലമൊന്നും ഇല്ലെന്നുകണ്ടാല്‍ അടുത്ത ഡോക്ടറെ തേടി പോകുന്നു. അതോടെ നിങ്ങളുടെ ഫയലിലേക്ക് കൂടുതല്‍ കടലാസുകളും റിപ്പോര്‍ട്ടുകളും കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
ഡോക്ടര്‍മാരെ തെരഞ്ഞെടുക്കല്‍
ഭൂരിഭാഗം ആളുകളും ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നത് രണ്ട് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. അടുപ്പക്കാര്‍ പറഞ്ഞ് അറിഞ്ഞ ഒരു ഡോക്ടറെ കാണാമെന്നാണ് കൂടുതല്‍ പേരും തീരുമാനിക്കുന്നത്. താമസസ്ഥലത്തിന്റേയോ ഓഫീസിന്റേയോ ഏറ്റവും അടുത്തുള്ള ഡോക്ടറെ കാണാം എന്നതാണ് മറ്റൊന്ന്.
ഇവയാണ് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായി പലരും കരുതുന്നത്. എന്നാല്‍ ഓങ്കോളജിസ്റ്റായ ഡോ. പീറ്റര്‍ ഹാര്‍പര്‍ പറയുന്നതനുസരിച്ച്, ഇത് എല്ലായ്‌പ്പോഴും ശരിയായ മാര്‍ഗമായിരിക്കണമെന്നില്ല. ‘ശരിയായ സമയത്ത് യുക്തനായ ഡോക്ടറെ കണ്ടെത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പ്രത്യേക രോഗം ചികിത്സിക്കാന്‍ ഏറ്റവും മികവുള്ള ഒരാളെ കണ്ടെത്തണം.
ഇനി അങ്ങനെ ഒരു മികച്ച ഡോക്ടറെ കണ്ടെത്തിയാലും നിങ്ങളുടെ പ്രശ്‌നത്തിന് യോജിക്കുന്ന ആളായിരിക്കണമെന്നുമില്ല. അതേസമയം ഒരു ഡോക്ടര്‍ക്ക് നിങ്ങളുടെ മെഡിക്കല്‍ ചരിത്രത്തിലേക്ക് പൂര്‍ണമായ പ്രവേശനം ലഭ്യമായാല്‍, അവര്‍ നിങ്ങളുടെ ലക്ഷണങ്ങളോട് പ്രതികരിക്കുക മാത്രമല്ല, സാഹചര്യങ്ങള്‍ മനസ്സിലാക്കി രോഗനിര്‍ണയം നടത്തുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യും’ – ഡോ. ഹാര്‍പര്‍ പറയുന്നു.
‘പഴയ കുറിപ്പുകളും അവിടെവിടെയായി ചിതറിക്കിടക്കുന്ന റിപ്പോര്‍ട്ടുകളഉം സംഘടിപ്പിച്ച് സമയം പോക്കാന്‍ പല ഡോക്ടര്‍മാരും മെനക്കെടാറില്ല. എന്നാല്‍ എല്ലാം ഒരിടത്ത് ലഭ്യമാണെങ്കില്‍ അത് പരിചരണത്തിന്റെ ഗുണനിലവാരം പൂര്‍ണമായും മാറ്റും’-ഹാര്‍പര്‍ കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍ അഥവാ മാര്‍ഗദര്‍ശി
ഒരു പ്രമുഖ ഡോക്ടര്‍, ഡല്‍ഹിയിലെ ഒരു സമ്പന്ന കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക് സനാര്‍ബുദത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ. ‘അവര്‍ക്ക് ബയോപ്‌സി ആവശ്യമായിരുന്നു, പക്ഷേ എങ്ങനെ മുന്നോട്ട് പോകണമെന്ന് കുടുംബത്തിന് രണ്ടാഴ്ചയോളം അറിയില്ലായിരുന്നു. രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ലോകം തകര്‍ന്നതുപോലെ തോന്നും. അപ്പോള്‍ എന്ത് ചെയ്യണമെന്ന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഒരാള്‍ ഉണ്ടായിരിക്കണം’ – അദ്ദേഹം പറയുന്നു.
അതേസമയം വ്യക്തികളുടെ ആരോഗ്യ രേഖകള്‍ വൈദ്യശാസ്ത്രപരമായി വിലമതിക്കാനാവാത്തതാണെന്ന് പ്രൊഫസര്‍ ഡീന്‍ഫീല്‍ഡ് ചൂണ്ടിക്കാട്ടുന്നു. ‘വര്‍ഷങ്ങള്‍ കഴിയുന്തോറും നിങ്ങളുടെ ശരീരവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ മാറിക്കൊണ്ടിരിക്കും, നിങ്ങളുടെ ഭാരം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിയ്‌ക്കെല്ലാം കഥകള്‍ പറയാനുണ്ട്. ആരോഗ്യ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നതിലൂടെ ഡോക്ടര്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിന് മുമ്പ് തന്നെ അതിന്റെ രീതി മനസ്സിലാക്കാന്‍ സാധിക്കും’ – ഡീന്‍ഫീല്‍ഡ് പറയുന്നു.
കൃത്യമായ ചികിത്സയ്ക്ക് വേണ്ടത്
‘നിങ്ങള്‍ എവിടെയെങ്കിലും വീണുപോവുകയും, നിങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത അപരിചിതന്‍ ആശുപത്രിയില്‍ എത്തിക്കുന്നുവെന്നും കരുതുക. ഡോക്ടര്‍ക്കാണെങ്കില്‍ നിങ്ങള്‍ എന്തൊക്കെ മരുന്നുകളാണ് കഴിക്കുന്നതെന്നും, നിങ്ങള്‍ക്ക് എന്തൊക്കെ അലര്‍ജികളുണ്ടെന്നും അല്ലെങ്കില്‍ നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി എന്താണെന്നും അറിയുകയുമില്ല.
എന്നാല്‍ ഈ വിവരങ്ങളെല്ലാം ഉടനടി ലഭ്യമാണെങ്കില്‍, ഡോക്ടര്‍ക്ക് അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സ ഒഴിവാക്കാനും വേഗത്തില്‍ ശരിയായ ചികിത്സ ലഭ്യമാക്കാനും കഴിയും. അത് നിങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമാകും’ – ഡീന്‍ഫീല്‍ഡ് വിശദീകരിക്കുന്നു.
വിവരങ്ങളുടെ ഏകീകരണം
ഡോ. ഹാര്‍പര്‍, ഡോ. സാഹ്നി, പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫസര്‍ ജോണ്‍ ഡീന്‍ഫീല്‍ഡ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ചിറോണ്‍ ഹെല്‍ത്ത് പാര്‍ട്ണേഴ്സ്, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന സംവിധാനമാണ്. നിങ്ങളുടെ ആരോഗ്യ രേഖകള്‍ സംയോജിപ്പിക്കുക, നിരന്തരം നിരീക്ഷിക്കുക, ആവശ്യമുള്ളപ്പോള്‍ ശരിയായ സ്‌പെഷ്യലിസ്റ്റിന്റെ അടുത്തേക്ക് നിങ്ങളെ നയിക്കുക – ഇതാണ് അവരുടെ പ്രവര്‍ത്തന രീതി.
‘ക്യാന്‍സറിനെ സംബന്ധിച്ച് ജീനുകള്‍ പ്രധാനമാണ്. ഹൃദ്രോഗത്തിനും അതെ. ജീന്‍ മുഖാന്തരമാണ് രോഗമെങ്കില്‍ അത് ജീവിതത്തിന്റെ ആദ്യ 10 വര്‍ഷങ്ങളില്‍ തന്നെ ആരംഭിക്കാനിടയുണ്ട്. ഉദാഹരണത്തിന് യൂറോപ്പില്‍ 200-ല്‍ ഒരാള്‍ക്ക് ഹൃദ്രോഗത്തിന് കാരണമാകുന്ന ജീന്‍ ഉണ്ട്. നിങ്ങള്‍ക്ക് എന്ത് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് ജീനുകള്‍ക്ക് സൂചന നല്‍കാനാകും.
അതേസമയം ജീവിതശൈലിക്ക് വലിയ പങ്കുണ്ടുതാനും. മോശം ജീനുകളെ നിങ്ങള്‍ക്ക് നല്ല ശീലങ്ങളിലൂടെ മറികടക്കാന്‍ സാധിക്കും, എന്നാല്‍ മോശം ശീലങ്ങളെ മറികടക്കാന്‍ സാധിക്കണമെന്നില്ല. നിങ്ങള്‍ നേരത്തെ തന്നെ പ്രതികരിക്കുകയും രോഗം വരാതെ സൂക്ഷിക്കാന്‍ ശ്രമിക്കുകയും വേണം’ – ഡോ. സാഹ്നി പറയുന്നു..
ശ്രദ്ധിക്കാതെ പോകുന്ന സൂക്ഷ്മസൂചനകള്‍
പല രോഗങ്ങളും ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്നതല്ല, അവ പതിയെ വളരുന്നവയാണ്. ‘പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എടുക്കുക. നിങ്ങളുടെ പിഎസ്എ ലെവല്‍ സാധാരണമായിരിക്കാം, പക്ഷേ അത് ഇരട്ടിയായാല്‍, അതായത് 1-ല്‍ നിന്ന് 2 ആയി മാറിയാല്‍, അത് അപകടത്തിന്റെ സൂചനയാണ്. ക്യൂറേറ്റ് ചെയ്ത ഹെല്‍ത്ത് ട്രാക്കിങ് നിങ്ങളെ ഈ സൂക്ഷ്മമായ മാറ്റങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും’ – ഡോ. ഹാര്‍പര്‍ പറയുന്നു.
ഒരു സംഖ്യയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ‘ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഒരു പ്രശ്‌നം തന്നെയാണ്, പക്ഷേ ഇത് ഭാരം, രക്തസമ്മര്‍ദം, ജീവിതശൈലി എന്നിവയുമായി ചേര്‍ത്ത് നോക്കുമ്പോള്‍, മറ്റൊരു കഥയാണ് പറയുന്നത്. നേരത്തെ നിരീക്ഷിക്കുകയും നേരത്തെ പ്രതികരിക്കുകയും ചെയ്താല്‍ മിക്ക രോഗങ്ങളും ഒഴിവാക്കാന്‍ സാധിക്കും’ – ഹാര്‍പര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ ആരോഗ്യ യാത്രയില്‍ ശരിയായ ഡോക്ടറെ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ക്യൂറേറ്റ് ചെയ്തതും നിരന്തരം നിരീക്ഷിക്കപ്പെടുന്നതുമായ രേഖകള്‍ നിര്‍ണായകവുമാണ്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്ന് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നത് മുതല്‍ ജീനുകളും ജീവിതശൈലിയും എങ്ങനെ പരസ്പരം പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കുന്നത് വരെ ഉള്‍പ്പെടുന്ന വിലയിരുത്തലുകള്‍ ഈ കാലത്ത് അനിവാര്യമാണ്.
ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്, അതേസമയം ആയുര്‍ദൈര്‍ഘ്യവും കൂടുന്നു. അതായത്, ഈ രോഗങ്ങള്‍ വരാന്‍ വേണ്ടത്ര കാലം നമ്മള്‍ ജീവിക്കുന്നുണ്ടെന്ന് ചുരുക്കം. മലിനീകരണം, സമ്മര്‍ദം, പൊണ്ണത്തടി എന്നിവയെല്ലാം ഇതിന് ആക്കം കൂട്ടുന്നു.
എന്നാല്‍ അവയ്ക്കുള്ള ഉത്തരം ഭയമല്ല, അവബോധമാണ്. ഡോ. സാഹ്നി പറയുന്നതുപോലെ, ‘രോഗം വന്നുകഴിഞ്ഞാല്‍ എല്ലാം അനിശ്ചിതത്വത്തിലാകും. എന്നാല്‍ നിങ്ങളുടെ രേഖകള്‍ ഉപയോഗിച്ച് ശരിയായ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ഒരാളുണ്ടെങ്കില്‍, അത് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കും’.









