‘സോൻ പാപ്ഡി ഇല്ലാതെ എന്ത് ദീപാവലി’ ഈ വരി പലപ്പോഴും സോഷ്യല്‍ മീഡിയയിലോ സംഭാഷണങ്ങളിലോ പരിഹാസരൂപേണ ഉപയോഗിക്കാറുണ്ട്. ദീപാവലി ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മധുരങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് സോൻ പാപ്ഡിയുടെ സ്ഥാനം.
സോൻ പാപ്ഡിയെ കാണുമ്പോൾ ചിലർക്ക് വായിൽ വെള്ളമൂറും, ചിലർക്ക് മുഖം വീർക്കും. പക്ഷേ സത്യം എന്തെന്നാൽ, നിങ്ങൾക്ക് സോൻ പാപ്ഡി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ദീപാവലിക്ക് നിങ്ങൾക്ക് അത് അവഗണിക്കാൻ കഴിയില്ല. സോഹൻ പാപ്ഡി, പട്ടിസ, ഷോൺ പാപ്ഡി, സൺ പാപ്ഡി, ഷോംപാപ്ഡി എന്നീ പേരുകളിലും അറിയപ്പെടുന്ന സോൻ പാപ്ഡി, കടല മാവ്, നെയ്യ്, പഞ്ചസാര എന്നിവയിൽ നിന്നാണ് നിർമ്മിക്കുന്നത്. പക്ഷേ, ഈ നാവിൽ അലിഞ്ഞു ചേരുന്ന മധുരം എവിടെ നിന്നാണ് വന്നതെന്ന് നിങ്ങൾക്കറിയാമോ?
‘ഇത് വെറുമൊരു ദീപാവലി മധുരമല്ല’
സോൻ പാപ്ഡി ദീപാവലിക്ക് മാത്രമുള്ളതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഇന്ത്യൻ പാചകരീതിയിൽ ആഴത്തിലുള്ള അറിവുള്ള വിദഗ്ദർ പറയുന്നത് സോൻപാപ്ഡി ഒരു ദീപാവലി മധുരപലഹാരം മാത്രമാണെന്നത് വലിയൊരു തെറ്റിദ്ധാരണയാണ് എന്നാണ്. ഈ മധുരപലഹാരം വർഷം മുഴുവനും എല്ലായിടത്തും ലഭ്യമാണ്. വീടിനടുത്തുള്ള കടകളിൽ നിന്ന് തുടങ്ങി വിമാനത്താവളങ്ങളിലും ട്രെയിൻ സ്റ്റേഷനുകളിലും വരെ നിങ്ങൾക്ക് സോൻ പാപ്ഡിയുടെ പാക്കറ്റുകൾ ലഭിക്കും.
സോൻ പാപ്ഡിയിൽ പാൽ അടങ്ങിയിട്ടില്ല. ഇത് കടലപ്പൊടിയും പഞ്ചസാരയും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്, ഇത് ആറ് മാസം വരെ ഈട് നിൽക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് പല വലിയ ബ്രാൻഡുകളും ഇത് രാജ്യത്തേക്കും വിദേശത്തേക്കും വലിയ അളവിൽ കയറ്റുമതി ചെയ്യുന്നത്. മോട്ടിച്ചൂർ ലഡ്ഡു അല്ലെങ്കിൽ കാജു കട്ലി പോലെ, ഇത് എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ മധുരപലഹാരമാണ്.
ഇതിന്റെ വിലകുറഞ്ഞതും വൻതോതിലുള്ള ഉൽപ്പാദനവുമാണ് ദീപാവലി സമയത്ത് ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന മധുരപലഹാരമാക്കുന്നത്. ഈ മധുരപലഹാരത്തിന്റെ വേരുകൾ പഞ്ചാബിൽ ആണ്. മാത്രമല്ല ഇതിനു പട്ടിസ എന്ന പഞ്ചാബ് വിഭവവുമായി അടുത്ത ബന്ധവുമുണ്ട്.
പഞ്ചാബിലെ പഴയ കുടുംബങ്ങൾ പഞ്ചസാര സിറപ്പ് ആവർത്തിച്ച് അടിച്ച് നല്ല നാരുകൾ ഉണ്ടാക്കാറുണ്ടായിരുന്നു. ഈ നാരുകളുള്ള ഘടനയാണ് സോൻ പാപ്ഡിയെ സവിശേഷമാക്കുന്നത്. മുൻപ്, ഇതെല്ലാം കൈകൊണ്ടാണ് നിർമ്മിച്ചിരുന്നത്, എന്നാൽ ഇപ്പോൾ യന്ത്രങ്ങൾ ജോലി എളുപ്പമാക്കിയിരിക്കുന്നു. പഞ്ചാബിൽ, ബേസൻ ലഡ്ഡുവിനൊപ്പമാണ് പട്ടീസ ഉണ്ടാക്കിയിരുന്നത്, അത് ക്രമേണ സോൻ പാപ്ഡിയായി രൂപാന്തരപ്പെട്ടു. രണ്ടിനും പൊതുവായ ഒരു കാര്യമുള്ളത് നാരുകളുള്ള ഘടനയും പഞ്ചസാരയുടെ മധുരവും ആണ്.
ഇന്ത്യയുമായി മാത്രമേ ബന്ധമുള്ളുവോ?
സോൻ പാപ്ഡി മധുരമുള്ള പേർഷ്യൻ വിഭവമായ പശ്മാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. പശ്മാക്ക് എന്നാൽ ‘കമ്പിളി പോലുള്ളത്’ എന്നാണ് അർത്ഥമാക്കുന്നത്. അതായത് അതിന്റെ നാരുകളുള്ള ഘടനയെ സൂചിപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, പേർഷ്യൻ വ്യാപാരികൾ മുംബൈയിലെ തെരുവുകളിൽ പശ്മാക്ക് വിട്ടിരുന്നു. എസ്.എം. എഡ്വേർഡ്സിന്റെ ‘ബൈ-വേസ് ഓഫ് ബോംബെ’ എന്ന പുസ്തകത്തിൽ ഇത് പരാമർശിക്കുന്നുണ്ട്. പഞ്ചസാര, ഉണങ്ങിയ പഴങ്ങൾ, പിസ്ത, ഏലം എന്നിവയുടെ സുഗന്ധം പശ്മാക്കിനുണ്ടായിരുന്നു.
‘സോഹൻ’ എന്ന വാക്കിനെ ‘ശോഭൻ’ (മനോഹരം) എന്ന സംസ്‌കൃത പദവുമായി ബന്ധിപ്പിക്കുന്നു. പേർഷ്യൻ, തുർക്കിസ്ഥാൻ വഴിയാണ് ഇത് ഇന്ത്യയിലെത്തിയതെന്ന് അവകാശപ്പെടുന്നു. ഒപ്പം പേർഷ്യൻ സോഹൻ ഹൽവയുമായി സോൻ പാപ്ഡിക്ക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
സോഹൻ ഹൽവയും സോൻ പാപ്ഡിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
സോഹൻ ഹൽവ ഗോതമ്പിൽ നിന്നാണ് ഉണ്ടാക്കുന്നത്, കട്ടിയുള്ളതാണ്. അതേസമയം സോൻ പാപ്ഡി കടലമാവിൽ നിന്നാണ് ഉണ്ടാക്കുന്നത്, നാരുകളുള്ളതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ആണ് സോൻ പാപ്ഡി നിർമ്മിക്കാൻ തുടങ്ങിയത്. നാല് തരം ‘സോഹൻ’ മധുരപലഹാരങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടോടെ, ബീഹാറിലും ബംഗാളിലും, പ്രത്യേകിച്ച് ബക്സറിൽ, ഇതിന്റെ കടകൾ പ്രശസ്തമായി തുടങ്ങി.
ദീപാവലി, സോൻ പാപ്ഡി, വിനോദം
ദീപാവലി ദിനത്തിൽ, സോൻ പാപ്ഡി തമാശകളുടെയും ഒത്തുചേരലിന്റെയും സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയുമൊക്കെ ഭാഗമായി മാറുന്നു.
ഇത് വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഒപ്പം ഇത് വിലകുറഞ്ഞതാണ്, പാൽ ചേർക്കാതെ ഉണ്ടാക്കുന്നതിനാൽ വളരെക്കാലം കേടാകില്ല എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ദീപാവലി സമയത്ത് ആളുകൾ ഇത് ഉദാരമായി വിതരണം ചെയ്യുന്നത്. സോൻ പാപ്ഡിയുടെ ഒരു പെട്ടി എല്ലാ വീട്ടിലും ദീപാവലി വേളയിൽ എത്താറുണ്ട്.
സോൻ പാപ്ഡിയുടെ കഥ അതിനെ ലോകത്തിന്റെ രണ്ട് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയിലെ പഞ്ചാബിലെ പട്ടിസയുമായി ചിലർ ബന്ധപ്പെടുത്തുമ്പോൾ, ചിലർ പേർഷ്യയിലെ പഷ്മാക് മധുരപലഹാരവുമായുള്ള ബന്ധവും പറയുന്നു. ഇതിന്റെ നേർത്ത നാരുകളും വായിൽ അലിഞ്ഞു ചേരുന്ന രുചിയും ഇതിനെ സവിശേഷമാക്കുന്നുവെന്ന് മാത്രം എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു.









