
കാൺപൂർ: തന്നെ കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിക്കാനും ബലം പ്രയോഗിച്ച് ചുംബിക്കാനും ശ്രമിച്ച മുൻ കാമുകന്റെ നാക്ക് കടിച്ച് മുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന പ്രതിരോധം. ഉത്തർപ്രദേശിലെ കാൺപൂരിൽ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
വിവാഹിതനായ 35-കാരൻ ചംപിക്കാണ് യുവതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. യുവതിയുമായി ഇയാൾക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. എന്നാൽ, യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ അവർ ചംപിയിൽ നിന്ന് പൂർണ്ണമായും അകലം പാലിച്ചു. യുവതി ഫോൺ വിളിക്കാനോ കാണാനോ തയ്യാറാകാഞ്ഞത് യുവാവിനെ നിരാശനാക്കി.
Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊച്ചിയിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിലുള്ള അസ്വസ്ഥത കാരണം ചംപി പലതവണ അവരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക്, കളിമണ്ണ് ശേഖരിക്കാനായി കുളത്തിനടുത്തേക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ ചംപി പിന്തുടർന്നെത്തി. കുളത്തിന് സമീപം വെച്ച് യുവാവ് യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഭയന്നെങ്കിലും യുവതി യുവാവിനെ തള്ളിമാറ്റി. എന്നാൽ, ചംപി ബലം പ്രയോഗിച്ച് യുവതിയെ വീണ്ടും കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. ഇതോടെ രോഷാകുലയായ യുവതി, മുൻ കാമുകന്റെ നാക്ക് കടിച്ച് മുറിക്കുകയായിരുന്നു.
നാക്ക് മുറിഞ്ഞ് വേദനകൊണ്ട് പുളഞ്ഞ യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ യുവതി നൽകിയ പരാതിയിൽ പീഡന ശ്രമത്തിന് ചംപിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
The post വിവാഹം നിശ്ചയിച്ച യുവതിയെ ചുംബിക്കാൻ ശ്രമിച്ചാൽ? മുൻ കാമുകന് കിട്ടിയത് എട്ടിന്റെ പണി; നാക്ക് കടിച്ചെടുത്തു, ശസ്ത്രക്രിയ! appeared first on Express Kerala.









