
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ തുടർന്ന് വോട്ടവകാശം തിരികെ ലഭിക്കുകയും മത്സരരംഗത്ത് തുടരാൻ അനുമതി ലഭിക്കുകയും ചെയ്തതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് പ്രതികരണവുമായി രംഗത്ത്. “സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നു. നീതി ലഭിച്ചതിൽ കോടതിക്ക് നന്ദിയുണ്ട്,”വൈഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഈ വിജയത്തെ ജനാധിപത്യത്തിന്റെ വിജയം എന്ന് വിശേഷിപ്പിച്ചു. ഇതോടെ വൈഷ്ണ സുരേഷിന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മുട്ടട വാർഡിൽ പത്രിക നൽകി മത്സരിക്കാൻ അവസരം ഒരുങ്ങി.
Also Read: മഹായുതിയിൽ വൻ പൊട്ടിത്തെറി..! തർക്കം പരിഹരിക്കാൻ ഫഡ്‌നാവിസിന്റെ അടിയന്തര ഇടപെടൽ
വോട്ടർ പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് 24 വയസ്സുള്ള വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞതെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഒഴിവാക്കിയതെന്നും വൈഷ്ണ ചൂണ്ടിക്കാട്ടിയിരുന്നു.
ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, വൈഷ്ണയേയും പരാതിക്കാരനേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ മാസം ഇരുപതിനകം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനമെടുത്ത് അറിയിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. കോടതിയുടെ ഈ കർശന നിർദ്ദേശങ്ങൾക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക ഉത്തരവ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
The post ‘സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നു’; കോടതിക്ക് നന്ദി പറഞ്ഞ് വൈഷ്ണ സുരേഷ്, ആശ്വാസത്തിൽ യുഡിഎഫ് appeared first on Express Kerala.









