
കളമശ്ശേരിയിൽ ഷണ്ടിങ്ങിനിടെ ചരക്ക് ട്രെയിനിൻ്റെ എഞ്ചിൻ പാളം തെറ്റിയതിനെ തുടർന്ന് നിലച്ച ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എഫ്.എ.സി.ടി.യിലേക്കുള്ള ചരക്ക് കൊണ്ടുപോവുകയായിരുന്ന ട്രെയിനിൻ്റെ എഞ്ചിനാണ് നിയന്ത്രണം തെറ്റി മുന്നോട്ട് പോവുകയും ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും ചെയ്തത്. ഈ അപകടം കാരണം സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ വ്യാപകമായ തടസ്സമുണ്ടാവുകയും പല ട്രെയിനുകളും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈകുകയും ചെയ്തു.
ഉച്ചയ്ക്ക് 2.30-നാണ് കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുന്നതിനിടെ അപകടം സംഭവിച്ചത്. ഷണ്ടിങ് നടത്തുന്നതിനിടെ റെയിൽ പാളം അവസാനിക്കുന്നിടത്തെ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയ എഞ്ചിൻ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് പാളം തെറ്റിയത്. ഇതോടെ തൃശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ ഗതാഗതം പൂർണ്ണമായും നിലച്ചു.
നാല് മണിക്കൂറിലധികം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പാളത്തിലെ തകരാറുകൾ പരിഹരിച്ച് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ റെയിൽവേ ഖേദം പ്രകടിപ്പിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് പ്രാഥമിക പരിശോധന നടത്തുമെന്നും റെയിൽവേ അറിയിച്ചു.
The post ചരക്ക് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി സംഭവം; കളമശ്ശേരിയിൽ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു appeared first on Express Kerala.






