
റാഞ്ചി: ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഷാഹിദ് അഫ്രീദിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ ചരിത്രം കുറിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് രോഹിത് തന്റെ 352-ാമത്തെ സിക്‌സർ പറത്തിയത്. 351 സിക്‌സറുകളുമായി അഫ്രീദി കൈവശം വെച്ചിരുന്ന റെക്കോർഡാണ് രോഹിത് തകർത്തത്.
ഇതേ മത്സരത്തിൽ മൂന്ന് സിക്‌സറുകൾ അടിച്ചുകൂട്ടിയ രോഹിത് 43 പന്തിൽ 50 റൺസ് നേടി തന്റെ ആക്രമണോത്സുക ബാറ്റിംഗ് മികവ് പ്രകടമാക്കി. 51 പന്തിൽ 57 റൺസ് എടുത്താണ് രോഹിത് കളം വിട്ടത്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മക ബാറ്റ്‌സ്മാൻമാരിൽ ഒരാളെന്ന രോഹിത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ നാഴികക്കല്ല്.
വിരാട് കോഹ്‌ലി എന്ന ഭാരത ബാറ്ററുടെ ക്ലാസിക് ചാരുതയാര്‍ന്ന ബാറ്റിങ് ബലത്തില്‍ ആദ്യ ഏകദിനം ആതിഥേയര്‍ വിജയിച്ചു. ഭാരത ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ നാടായ റാഞ്ചിയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 17 റണ്‍സിനാണ് ഭാരതം പരാജയപ്പെടുത്തിയത്. മൂന്ന് മത്സര പരമ്പരയില്‍ ആതിഥേയര്‍ 1-0ന് മുന്നിലായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 332 റണ്‍സില്‍ എല്ലാവരും പുറത്തായി.
ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാലത്തിന് ശേഷം ലോകം കണ്ട ഏറ്റവും മകിച്ച ക്ലാസിക് ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് വിസ്മയത്തിന് സാക്ഷിയാകാനായിരുന്നു റാഞ്ചിയിലെ ജെസിഎ സ്റ്റേഡിയത്തിന്റെ നിയോഗം. 120 പന്തില്‍ 11 ബൗണ്ടറികളും ഏഴ് സിക്‌സറും സഹിതം 135 റണ്‍സ് നേടിയായിരുന്നു വിരാടിന്റെ മാസ്മരിക ബാറ്റിങ് വിരുന്നു. ഒപ്പം മറ്റൊരു മുന്‍ നായകന്‍ രോഹിത് ശര്‍മയും നായകന്‍ കെ.എല്‍. രാഹുലും അര്‍ദ്ധ സെഞ്ച്വറിയുമായി പിന്തുണ നല്‍കിയപ്പോള്‍ ഭാരത സ്‌കോര്‍ കുതിച്ചു. ഒടുവില്‍ രവീന്ദ്ര ജഡേജ കാഴ്‌ച്ചവച്ച വെടിക്കെട്ട് പ്രകടനവും ഭാരത വിജയത്തില്‍ നിര്‍ണായകമായി.
കൂറ്റന്‍ സ്‌കോര്‍ പടുത്തെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ പ്രതിരോധിക്കാന്‍ ഭാരതം വല്ലാതെ പാടുപെട്ടു. കൃത്യം 350 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ വീണത് വലിയ തിരിച്ചടിയായി. 11 റണ്‍സെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് വീണ ദക്ഷിണാഫ്രിക്ക വലിയൊരു തകര്‍ച്ചയെ മുന്നില്‍ കണ്ടു. 77 റണ്‍സെത്തുമ്പോള്‍ വീണ്ടും വിക്കറ്റ് നഷ്ടപ്പെട്ടു. 21.4 ഓവറില്‍ 130 റണ്‍സില്‍ അഞ്ച് വിക്കറ്റ് വീണതോടെ ഭാരതം വിജയം ഏറെക്കുറേ ഉറപ്പിച്ചതാണ്. പിന്നീട് കഥ മാറി. ആറാം വിക്കറ്റില്‍ മാത്ത്യൂ ബ്രീട്‌സ്‌കെയും(72) മാര്‍കോ ജാന്‍സെനും(70) ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് മികച്ച റണ്‍നിരക്കും ഉയര്‍ത്തിക്കൊണ്ട് വന്നതോടെ ഭാരതം വലിയ പ്രതിസന്ധിയിലായി. 32-ാം ഓവറില്‍ കുല്‍ദീപ് യാദവ് ജാന്‍സനെ പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 227. തൊട്ടുപിന്നാലെ ബ്രീട്‌സ്‌കെയും പുറത്തായതോടെ ഭാരതം ആശ്വസിച്ചു. പക്ഷെ കോര്‍ബിന്‍ ബോഷ് അവസാന ഓവര്‍ വരെ ഭാരതത്തിന് ഭീതി വിതച്ച് ക്രീസില്‍ നിലയുറപ്പിച്ചു. ഒടുവില്‍ ജയിക്കാന്‍ അഞ്ച് പന്തില്‍ 18 റണ്‍സ് മതിയെന്നിരിക്കെ കോര്‍ബിന്‍ ബോഷിനെ(67) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ രോഹിത് ശര്‍മ പിടികൂടി പുറത്താക്കി. ഭാരത വിജയത്തോടെ ആവേശ മത്സരം പരിസമാപ്തമായി. ഭാരതത്തിനായി കുല്‍ദീപ് നാല് വിക്കറ്റും ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റും നേടി.
ടോസ് ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു. ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ക്രീസിലേക്കെത്തിയത്. തകര്‍പ്പന്‍ ബാറ്റിങ് തുടങ്ങിവച്ച ജയ്‌സ്വാള്‍(18) നേരത്തെ തന്നെ പുറത്തായി. ഈ സമയം ഒരു റണ്‍സ് മാത്രമെടുത്തിരുന്ന രോഹിത് പിന്നീട് ആക്രമണം ഏറ്റെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയുമൊന്നിച്ച് രോഹിത് ശര്‍മ 136 റണ്‍സിന്റെ ശക്തമായ കൂട്ടുകെട്ടുണ്ടാക്കി. അര്‍ദ്ധസെഞ്ച്വരി പ്രകടനം കാഴ്‌ച്ചവച്ച രോഹിത് ശര്‍മ മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും സഹിതം 51 പന്തുകള്‍ നേരിട്ട് 57 റണ്‍സുമായാണ് മടങ്ങിയത്. രോഹിത്തിന്റെ മടക്കത്തിന് ശേഷം ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ഒന്നിച്ച് നാലാം വിക്കറ്റില്‍ കോഹ്‌ലിക്ക് അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തു. അര്‍ദ്ധസെഞ്ച്വറി നേടിയ രാഹുല്‍ 56 പന്തുകളില്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 60 റണ്‍സെടുത്തുി. 49-ാം ഓവര്‍ വരെ കളിച്ചു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഭാരതത്തിന് ആറ് റണ്‍സേ എടുക്കാന്‍ സാധിച്ചുള്ളൂ. രവീന്ദ്ര ജഡേജ 20 പന്തുകളില്‍ 32 റണ്‍സുമായാണ് തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി മാര്‍കോ ജാന്‍സെന്‍, നാന്ദ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ്, ഓട്ട്‌നെയില്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.









