
Super League Kerala: Kombans, Malappuram, Warriors to make Kalasak a life-or-death battle
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ശേഷിക്കുന്ന രണ്ട് സെമി സ്ഥാനം ഉറപ്പിക്കാന്‍ മൂന്ന് ടീമുകള്‍ അരയും തലയും മുറുക്കി രംഗത്ത്. ഇന്ന് പ്രാഥമിക റൗണ്ടിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ തിരുവനന്തപുരം കൊമ്പന്‍സ്, മലപ്പുറം എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എന്നീ ടീമുകളാണ് അവസാന നാലില്‍ ഇടംപിടിക്കാനായി പോരാടുന്നത്. നിലവില്‍ ഒന്‍പത് കളികളില്‍ നിന്ന് 12 പോയിന്റുമായി തിരുവനന്തപുരം കൊമ്പന്‍സ് മൂന്നാമതും 11 പോയിന്റുമായി മലപ്പുറം നാലാമതും കണ്ണൂര്‍ വാരിയേഴ്സ് അഞ്ചാം സ്ഥാനത്തുമാണ്.
ഇന്ന് കണ്ണൂര്‍ എവേ പോരാട്ടത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ നേരിടുമ്പോള്‍ നാളെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ കൊമ്പന്‍സ് കാലിക്കറ്റ് എഫ്സിയുമായി ഏറ്റുമുട്ടും. നാലിന് അവസാന മത്സരത്തില്‍ മലപ്പുറത്തിന് സ്വന്തം തട്ടകമായ പയ്യനാട് സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചിയാണ് എതിരാളികള്‍. മൂന്ന് ടീമുകള്‍ക്കും സെമിയിലെത്തണമെങ്കില്‍ അവസാന മത്സരം ജീവന്മരണപോരാട്ടമാണ്. മാത്രമല്ല, മറ്റ് കളികളുടെ ഫലത്തെയും ആശ്രയിക്കണം. തിരുവനന്തപുരവും മലപ്പുറവും കണ്ണൂരും ജയിച്ചാല്‍ കണ്ണൂര്‍ പുറത്താകുകയും മറ്റ് രണ്ട് ടീമുകളും സെമിയിലേക്ക് മുന്നേറുകയും ചെയ്യും.
ഇന്ന് കണ്ണൂര്‍ ജയിച്ചാല്‍ അവര്‍ക്ക് 13 പോയിന്റാകും. ഇതോടെ അവരുടെ മത്സരങ്ങള്‍ തീരും, പക്ഷെ സെമി സാധ്യത തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളെ ആശ്രയിച്ചായിരിക്കും. ഇന്ന് ജയത്തില്‍ കുറഞ്ഞ എന്ത് സംഭവിച്ചാലും കണ്ണൂര്‍ പുറത്തേക്കുള്ള വഴി കാണും. ചുരുക്കത്തില്‍ അവര്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് തൃശൂരിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചേ മതിയാകൂ എന്നര്‍ത്ഥം. അതായത് ഒന്നോ രണ്ടോ ഗോളുകള്‍ക്ക് വിജയിച്ചിട്ട്് കാര്യമില്ല. കാരണം മറ്റ് ടീമുകളുമായുള്ള ഗോള്‍ വ്യത്യാസം വളരെ വലുതാണ് എന്നതാണ് കാരണം. തിരുവനന്തപുരം 10 ഗോളടിച്ച് ഒന്‍പതെണ്ണം വഴങ്ങിയപ്പോള്‍ മലപ്പുറം 14 എണ്ണം അടിച്ച് 13 എണ്ണം വഴങ്ങി. കണ്ണൂരാകട്ടെ 11 എണ്ണം അടിച്ചപ്പോള്‍ 15 എണ്ണമാണ് വാങ്ങിക്കൂട്ടിയത്. നാളെ തിരുവനന്തപുരം കാലിക്കറ്റിനെ തോല്‍പ്പിച്ചാല്‍ 15 പോയിന്റുമായി അവര്‍ സെമിയിലെത്തും. മറിച്ച് തോല്‍ക്കുകയോ സമനിലയില്‍ പിരിയുകയോ ചെയ്താല്‍ മലപ്പുറം-ഫോഴ്സ കളി തീരുന്നതുവരെ തിരുവനന്തപുരത്തിന് കാത്തിരിക്കേണ്ടിവരും.
നാളെ തിരുവനന്തപുരം കാലിക്കറ്റിനെ പരാജയപ്പെടുത്തിയാല്‍ അവര്‍ 15 പോയിന്റുമായി സെമിയിലെത്തുന്ന മൂന്നാമത്തെ ടീമാകും. തിരുവനന്തപുരവും മലപ്പുറവും പരാജയപ്പെടുകയോ സമനിലയില്‍ പിരിയുകയോ ചെയ്താല്‍, ഇന്ന് വിജയിക്കാന്‍ സാധിക്കുന്ന കണ്ണൂരിന് മുന്നേറാനാകും. മലപ്പുറം വിജയിക്കുകയും തിരുവനന്തപുരം കാലിക്കറ്റ് മത്സരം സമനിലയില്‍ പിരിയുകയും ചെയ്താല്‍ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ പുറത്താകും. ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് ടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടത്തിനായിരിക്കും അവസാന മൂന്ന് കളികളും സാക്ഷ്യം വഹിക്കുക.









