ഇന്ത്യയിൽ യാത്ര പോകാൻ തീരുമാനിക്കുന്നതും അത് പ്ലാൻ ചെയ്യുന്നതും സ്ത്രീകളാണെന്ന് കണ്ടെത്തൽ. ബുക്കിങ്.കോം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 73 ശതമാനം യാത്ര പ്ലാൻ ചെയ്യുന്നതിൽ സജീവമാണ് എന്നാണ്. മൂന്നിലൊന്ന് ശതമാനം സ്ത്രീകളും കുടുംബത്തിന് വേണ്ടിയുള്ള യാത്രകൾ പ്ലാൻ ചെയ്യുകയും ബുക്ക് ചെയ്യുകയും ചെയ്യുന്നതിൽ മുൻകൈ എടുക്കുന്നു. ഈ സ്ത്രീകൾക്ക് (26 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവർ) യാത്ര ചെയ്യാൻ ഇഷ്ടമുള്ളത് മാത്രമല്ല, മറ്റുള്ളവർക്ക് വേണ്ടിയും വളരെ ശ്രദ്ധയോടെ മികച്ച യാത്രാനുഭവങ്ങൾ അവർ ഒരുക്കുന്നു.
കുടുംബത്തോടൊപ്പമുള്ള യാത്രകളിലും എല്ലാ തയാറെടുപ്പുകളും ബുക്കിങ്ങുകളും സ്ത്രീകളാണ് കൂടുതല്‍ ചെയ്യുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പത്തില്‍ നാല് സ്ത്രീകളും മുമ്പത്തേതിനേക്കാള്‍ യാത്രാ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നു. 33 ശതമാനം പേര്‍ കുടുംബത്തിനോ ഗ്രൂപ്പുകള്‍ക്കോ വേണ്ടിയുള്ള യാത്രകളിൽ ബുക്കിങ്ങുകള്‍ നടത്താൻ മുന്‍കൈയെടുക്കുന്നു എന്നാണ് റിപ്പോർട്ട്. 26 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീ യാത്രികർ, വളരെ ശ്രദ്ധയോടെ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നു.
ധാരാളം പണം ചെലവഴിക്കാതെ ഗുണമേന്മയുള്ള ബുക്കിങ്ങുകള്‍ക്ക് അവർ പ്രാധാന്യം നൽകുന്നു. യാത്രകളുടെ എല്ലാ വശങ്ങളിലും (പാക്കിങ്, ഭക്ഷണം, കുട്ടികളുടെ കാര്യങ്ങൾ) സ്ത്രീകൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും താരതമ്യം ചെയ്യുകയും ചെയ്യുന്നതിനാൽ യാത്ര സുഗമമാക്കാൻ ഇത് സഹായിക്കുന്നു. യാത്രാ വേളയിലെ സുരക്ഷാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും മുൻകരുതലുകളും എടുക്കുന്നത് സ്ത്രീകളാണെന്നും പഠനങ്ങൾ പറയുന്നു.
ഗ്രൂപ്പ് യാത്രകൾ കൂടാതെ, സോളോ യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകളും ഇന്ന് കൂടുതലാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യാനും എവിടെ പോകണം, എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം, വെല്ലുവിളികൾ സ്വയം ഏറ്റെടുത്ത് വിജയിക്കുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം, പുതിയ ആളുകളെയും സംസ്‌കാരങ്ങളെയും അടുത്തറിയാനുള്ള അവസരം, തിരക്കുകളിൽ നിന്ന് മാറി സ്വന്തം ചിന്തകൾക്കും ഇഷ്ടങ്ങൾക്കും പ്രാധാന്യം നൽകാനുള്ള സമയം ഇതൊക്കെയാണ് സ്ത്രീകളെ സോളോ ട്രിപ്പിലേക്ക് ആകർഷിക്കുന്നത്.









