2024 മുതൽ 2025 വരെ ലോകത്തെ പത്ത് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ. ഡബ്ല്യൂ. ടി. ടി.സി ഇക്കണോമിക് ഇംപാക്ട് റിസർച്ച് പ്രകാരം ടൂറിസം വ്യവസായത്തിൽ ഇന്ത്യ നിലയുറപ്പിച്ചു കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്.
ഇന്ത്യയിലെ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും ഓരോ വർഷവും ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര സന്ദർശകരെയാണ് ആകർഷിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഇന്ത്യ ടൂറിസം ഡാറ്റ കോമ്പൻഡിയം പ്രകാരം 18 ലക്ഷത്തിലധികം വിനോദസഞ്ചാരികളുടെ വരവുകളുമായി അമേരിക്കയാണ് മുന്നിലുള്ളത്. 2024-25 ലെ മൊത്തം വരവിന്റെ 18.13 ശതമാനമാണിത്.
അതേസമയം, മലേഷ്യ ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഫ്രാൻസിൽ നിന്നും സിംഗപ്പൂരിൽ നിന്നും സഞ്ചാരികൾ വരുന്നത് ഉയർന്നിട്ടുണ്ട്. ഇവയെ കൂടാതെ നേപ്പാൾ, ജപ്പാൻ, റഷ്യ എന്നിവ ആദ്യ 15 രാജ്യങ്ങളിൽ ഇടം നേടി. 2024 ലെ മൊത്തം വിദേശ സഞ്ചാരികളുടെ വരവിൽ (എഫ്.ടി.എ) 77 ശതമാനമാണ് ഈ രാജ്യങ്ങളിൽ നിന്നുള്ളത്. ബാക്കിയുള്ള 22.93 ശതമാനം എഫ്.ടി.എകൾ മറ്റ് രാജ്യങ്ങളിൽ നിന്നാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ എഫ്.ടി.എകൾ കാലക്രമേണ വർധിച്ചിട്ടുണ്ടെന്നാണ് ടൂറിസം ഡാറ്റാ കോമ്പൻഡിയം വ്യക്തമാക്കുന്നത്. 1981-ൽ 12.8 ലക്ഷമായിരുന്ന എഫ്.ടി.എ 2019ൽ 1.09 കോടിയായി വർധിച്ചു. ഇതിനിടെ, 2020 ലെ കോവിഡ് മഹാമാരിയിൽ ഗണ്യമായ കുറവുകൾ അനുഭവപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ എഫ്.ടി.എകൾ 74 ശതമാനത്തിൽ നിന്നും 27.4 ലക്ഷമായി കുറഞ്ഞു. പക്ഷേ, തുടർന്നുള്ള വർഷങ്ങളിൽ ഇത് വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. 2022ൽ 64.4 ലക്ഷവും 2024 ൽ 99.5 ലക്ഷവും വിദേശ വിനോദസഞ്ചാരികളാണ് ഇന്ത്യയിലേക്ക് വന്നത്. 2024ൽ മാത്രം വിനോദസഞ്ചാരികളുടെ എണ്ണം പ്രതിദിനം 27,000 ത്തിലധികമായിരുന്നു.
2024-25 കാലയളവിൽ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ സഞ്ചാരികൾ
1 യു.എസ് – 18 ലക്ഷം
2 ബംഗ്ലാദേശ് -17 ലക്ഷം
3 യു.കെ – 10 ലക്ഷം
4 ആസ്ട്രേലിയ – 5.2 ലക്ഷം
5 കാനഡ – 4.8 ലക്ഷം
6 മലേഷ്യ – 3.1 ലക്ഷം
7 ശ്രീലങ്ക -2.8 ലക്ഷം
8 ജർമനി – 2.6 ലക്ഷം
9 ഫ്രാൻസ് – 2.1 ലക്ഷം
10 സിംഗപ്പൂർ 2.1 ലക്ഷം









