
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ചാമ്പ്യന്മാരെ തീരുമാനിക്കാന്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം. രണ്ട് സെമിയും ഒരു ഫൈനലും. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കളിയില്ല. നാളെ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ തൃശൂര്‍ മാജിക് എഫ്സി മൂന്നാം സ്ഥാനക്കാരായ മലപ്പുറം എഫ്സിയുമായി ഏറ്റുമുട്ടും. 10ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും. കണ്ണൂര്‍ വാരിയേഴ്സും കാലിക്കറ്റ് എഫ്സിയും തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സെമിയിലെത്തുന്നത്. തൃശൂരും മലപ്പുറവും ആദ്യവും. ഇരു മത്സരങ്ങള്‍ക്കും നിറഞ്ഞ സ്റ്റേഡിയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്രത്തോളം ആവേശമാണ് സൂപ്പര്‍ ലീഗിലെ ഓരോ മത്സരവും പകരുന്നത്.
തികച്ചും ആധികാരികമായി കാലിക്കറ്റ് എഫ്സിയാണ് ഈ സീസണില്‍ ആദ്യമായി സെമിയിലെത്തിയ ടീം. കളിച്ച 10 കളിയില്‍ ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 23 പോയിന്റുമായാണ് കാലിക്കറ്റ് സെമിയിലേക്ക് മുന്നേറിയത്. തൃശൂര്‍ മാജിക്കാണ് രണ്ടാമത് അവസാന നാലില്‍ ഇടംപിടിച്ചത്. അഞ്ച് വിജയവും രണ്ട് സമനിലയും മൂന്ന് പരാജയവുമടക്കം 17 പോയിന്റാണ് അവര്‍ക്ക് ലഭിച്ചത്. റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരത്തില്‍ പയ്യനാട് സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തിയാണ് മലപ്പുറം മൂന്ന് വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമടക്കം 14 പോയിന്റുമായി സെമിയിലേക്ക് കുതിച്ചത്. ഈ കളിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജോണ്‍ കെന്നഡിയുടെ ഹാട്രിക്ക് കരുത്തില്‍ 4-2ന്റെ വിജയം നേടി അവസാന നാലിലെത്തിയത്. ഈ സീസണ്‍ കണ്ട രണ്ടാമത്തെ ഹാട്രിക്കാണ് ജോണ്‍ കെന്നഡി നേടിയത്. ആദ്യ ഹാട്രിക്ക് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചിക്കെതിരെ കാലിക്കറ്റ് എഫ്സിയുടെ മുഹമ്മദ് അജ്സലാണ് സ്വന്തം പേരിലാക്കിയത്. തിരുവനന്തപുരം കൊമ്പന്‍സിനെ തങ്ങളുടെ അവസാന മത്സരത്തില്‍ കാലിക്കറ്റ് എഫ്സി 2-1ന് പരാജയപ്പെടുത്തിയതോടെയാണ് കണ്ണൂര്‍ വാരിയേഴ്സ് നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയത്. 2024ലെ ആദ്യ സീസണില്‍ ഏറ്റവും പിന്നില്‍ സീസണ്‍ അവസാനിപ്പിച്ച തൃശൂരും മലപ്പുറം ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. കഴിഞ്ഞ സീസണില്‍ മലപ്പുറം 10 പോയിന്റുമായി അഞ്ചാമതും അഞ്ച് പോയിന്റുമായി തൃശൂര്‍ ആറാമതുമായിരുന്നു. ഈ സീസണില്‍ തൃശൂരിന്റെ പരിശീലകനായ ആന്ദ്രെ ചെര്‍ണിഷോവിന്റെ തന്ത്രങ്ങളാണ് തൃശൂരിന് ഗുണകരമായത്. ഒപ്പം ഇന്ത്യന്‍ ഇതിഹാസങ്ങളിലൊരാളായ ജോപോള്‍ അഞ്ചേരിയും സഹപരിശീലകനായി ചെര്‍ണിഷോവിനൊപ്പമുണ്ടായിരുന്നു.
ഈ സീസണിലെ ഏറ്റവും നിരാശാജനകമായ പ്രകടനം കണ്ടത് ഫോഴ്സ കൊച്ചിയുടേതായിരുന്നു. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഫോഴ്സ ഈ സീസണില്‍ കളിച്ച പത്തില്‍ ഒന്‍പത് കളിയും തോറ്റ് നാണം കെട്ടു. ഒരു കളി മാത്രമാണ് ജയിക്കാനായത്. കണ്ണൂരില്‍ വെച്ച് കണ്ണൂര്‍ വാരിയേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ ഏഴ് പരാജയങ്ങള്‍ക്ക് ശേഷമാണ് അവരുടെ ഏക വിജയം. കോച്ചുമായുള്ള കളിക്കാരുടെ പടലപിണക്കവും മറ്റുമാണ് അവര്‍ക്ക് തിരിച്ചടിയായത്. തുടര്‍ തോല്‍വികളുടെ തുടര്‍ച്ചയായി ഫോഴ്സ കൊച്ചി അവരുടെ സ്പാനിഷ് പരിശീലകന്‍ മിഖായേല്‍ ലാഡോയെ പുറത്താക്കുകയും ചെയ്തു. അതിനുശേഷമായിരുന്നു അവരുടെ ഏകവിജയം. അതിനിടെ മലപ്പുറവും അവരുടെ സ്പാനിഷ് പരിശീലകന്‍ മിഗ്വേല്‍ കോറലിനെ പുറത്താക്കിയിരുന്നു.
റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ ആകെ നടന്നത് 30 കളികള്‍. ഇത്രയും കളികളില്‍ നിന്ന് ആകെ പിറന്നത് 162 ഗോളുകള്‍. എല്ലാ ടീമുകളും കൂടി അടിച്ചതും വഴങ്ങിയതും 81 ഗോള്‍ വീതം. ഏറ്റവും കൂടുതല്‍ ഗോളടിച്ചത് കാലിക്കറ്റ് എഫ്സി. 21 തവണ അവര്‍ എതിര്‍ വലകള്‍ കുലുക്കിയപ്പോള്‍ വഴങ്ങിയത് 11 എണ്ണം. ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയത് ഫോഴ്സ കൊച്ചിയാണ്. 22 എണ്ണം. അടിച്ചത് 10 എണ്ണം മാത്രം. ലീഗില്‍ ഏറ്റവും കുറവ് ഗോളടിച്ചതും വഴങ്ങിയതും രണ്ടാമതായി സെമിയിലെത്തിയ തൃശൂര്‍ മാജിക് എഫ്സി. പത്ത് കളിയില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ വഴങ്ങിയത് ഏഴെണ്ണം മാത്രം. മലപ്പുറം 18 എണ്ണം അടിച്ചപ്പോള്‍ 15 എണ്ണം വഴങ്ങി. കണ്ണൂര്‍ വാരിയേഴ്സ് 13 തവണ എതിര്‍ വല കുലുക്കിയപ്പോള്‍ 15 എണ്ണം തിരിച്ചുവാങ്ങി. തിരുവനന്തപുരം അടിച്ചതും വഴങ്ങിയതും 11 എണ്ണം വീതം.
നാളെ നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ അറിയാനുള്ളത് ഒന്നു മാത്രം. ആരായിരിക്കും ഫൈനലില്‍ കൊമ്പുകോര്‍ക്കുക. ആരായിരിക്കും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന്
ശേഷം കിരീടം ഉയര്‍ത്തുക.






