
ബ്രിസ്‌ബേന്‍: ആഷസ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ നില പൂര്‍ണമായും തകരാതെ നോക്കി ജോ റൂട്ട്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് നിരയെ തകര്‍ത്തത് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് ആണ്. ആറ് വിക്കറ്റ് വീഴ്‌ത്തി. നാല് ബാറ്റര്‍മാര്‍ പൂജ്യത്തിന് മടങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പുറത്താകാതെ നിന്ന് റൂട്ട് നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ഇംഗ്ലണ്ട് 325 റണ്‍സെടുത്തിട്ടുണ്ട്.
അതിവേഗ സ്‌കോറിങ് രീതിയായ ഇംഗ്ലണ്ടിന്റെ ബാസ്‌ബോളില്‍ നിന്നും വേറിട്ട പ്രകടനവുമായാണ് ജോ റൂട്ട് ഒറ്റയാന്‍ പ്രകടനത്തിലൂടെ ഇന്നിങ്‌സ് നയിച്ചത്. ഓപ്പണര്‍ സാക്ക് ക്രൗളി അര്‍ദ്ധ(76) സെഞ്ച്വറി പ്രകടനം കാഴ്‌ച്ചവച്ചു. തുടക്കത്തിലേ ബെന്‍ ഡക്കറ്റിനെയും ഒലീ പോപ്പിനെയും പൂജ്യത്തിന് പുറത്താക്കി സ്റ്റാര്‍ക് ഇംഗ്ലണ്ട് നില ദുസ്സഹമാക്കി. മൂന്നാം വിക്കറ്റില്‍ ക്രൗളിക്കൊപ്പം റൂട്ട് ചേര്‍ന്നതോടെ ഇംഗ്ലണ്ട് കരുത്താര്‍ജിച്ചെന്ന് തോന്നിച്ചു. പക്ഷെ 117 റണ്‍സ് കൂട്ടിചേര്‍ത്തുകൊണ്ട് ഗംഭീരമായ ഈ കൂട്ടുകെട്ട് പിരിഞ്ഞു. ക്രൗളിയെ പുറത്താക്കി മൈക്കല്‍ നെസെര്‍ ആണ് ശക്തമായ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് റൂട്ടിനൊപ്പം ചേര്‍ന്ന ഹാരി ബ്രൂക്കും മികവ് കാട്ടിയെങ്കിലും ബാസ്‌ബോള്‍ ശൈലിയിലാണ് ബാറ്റ് വീശിയത്. നാലാം വിക്കറ്റില്‍ റൂട്ട്-ബ്രൂക്ക് സഖ്യം 54 റണ്‍സെടുത്തു. ഇംഗ്ലണ്ട് സ്‌കോര്‍ 176 റണ്‍സില്‍ എത്തിനില്‍ക്കെ നാലാമനായി ബ്രൂക്ക്(31) പുറത്തായി. പിന്നാലെ വീണ്ടുമൊരു കൂട്ടതകര്‍ച്ച നേരിട്ടു. സ്റ്റാര്‍ക് ആണ് ബ്രൂക്കിനെ പുറത്താക്കിയത്. നന്നായി കളിച്ചുവന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(19) റണ്ണൗട്ടായതും തിരിച്ചടിയായി. ഇംഗ്ലണ്ട് സ്‌കോര്‍ 264 റണ്‍സിലെത്തുമ്പോള്‍ ഒമ്പത് വിക്കറ്റുകളും നഷ്ടപ്പെട്ടു. ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ഒരറ്റത്ത് റൂട്ട് പൊരുതിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് 11-ാമനായി കളിച്ചുകൊണ്ടിരിക്കുന്ന ജോഫ്ര ആര്‍ച്ചര്‍ തട്ടുപൊളിപ്പന്‍ പ്രകടനവുമായി സ്‌കോറിങ് ഉയര്‍ത്തുന്നുണ്ട്. 202 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന റൂട്ടിനൊപ്പമുള്ള ആര്‍ച്ചര്‍ 32 റണ്‍സിലെത്തി.
ഓസീസിനായി സ്റ്റാര്‍ക്കിനൊപ്പം നെസെറിനെ കൂടാതെ സ്‌കോട്ട് ബോളണ്ടും ഒരു വിക്കറ്റ് നേടി. പെര്‍ത്തില്‍ നടക്കുന്ന ഈ ടെസ്റ്റ് രാത്രിയും പകലുമായി പിങ്ക് ടെസ്റ്റ് ആയാണ് നടക്കുന്നത്. ടോസ് ഇംഗ്ലണ്ടിനായിരുന്നു.









