
ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് ക്വാര്‍ട്ടറില്‍ ഭാരതത്തിന് ഇന്ന് ബെല്‍ജിയം വെല്ലുവിളി. പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിക്കൊണ്ടാണ് മൂന്‍ ഭാരത ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഭാരത ജൂനിയര്‍ ടീം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.
പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളിലായി 29 ഗോളുകളാണ് ഭാരതം നേടിയത്. ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല. പക്ഷെ എതിരാളികള്‍ താരതമ്യേന ദുര്‍ബലരായ ചിലി, ഒമാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളായിരുന്നു. ഇന്നത്തെ മത്സരത്തിലാണ് ശക്തരായൊരു ടീമിനെ കിട്ടുന്നത്. യഥാര്‍ത്ഥ ലോകകപ്പ് മത്സരങ്ങള്‍ ഇന്നുമുതലാണ് തുടങ്ങുന്നതെന്ന് ശ്രീജേഷ് ടീം അംഗങ്ങളോട് പറഞ്ഞു. ഗോള്‍ വഴങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അതിനായി പ്രധാനമായും ചെയ്യേണ്ടത് അനാവശ്യമായി പെനാല്‍റ്റി കോര്‍ണര്‍ വഴങ്ങുന്നത് ഒഴിവാക്കണമെന്ന് കോച്ച് ഉപദേശിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ഭാരതത്തിന്റെ സീനിയര്‍ ഹോക്കി ടീം സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ഫൈനലില്‍ ബെല്‍ജിയോത്തിനോട് പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലെ പ്രാഥമിക റൗണ്ടിലും സെമിയിലും തകര്‍പ്പന്‍ ജയവുമായി മുന്നേറിയ ശേഷമായിരുന്നു ഭാതത്തിന്റെ പരാജയം.
ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. നാല് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും ഇന്നു തന്നെ നടക്കും. ഉച്ചയ്‌ക്ക് 12.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. രാത്രി എട്ടിനാണ് ഭാരതം-ബെല്‍ജിയം പോരാട്ടം. ആദ്യ ക്വാര്‍ട്ടര്‍ സ്‌പെയിനും ന്യൂസിലന്‍ഡും തമ്മിലാണ്. വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ജര്‍മനിയെ നേരിടും. വൈകീട്ട് അഞ്ചരയ്‌ക്ക് നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മൂന്നാം ക്വാര്‍ട്ടര്‍ മത്സരവും നടക്കും.









