
ലിവര്‍പൂള്‍: സീസണില്‍ പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്കും സിറ്റിക്കും ഏക പ്രതീക്ഷയായി തുടരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടീമിന് തിരിച്ചടി. ഒടുവില്‍ നടന്ന മത്സരത്തില്‍ എവര്‍ട്ടണിനോട് സമനില പിണഞ്ഞു. എവര്‍ട്ടണിന്റെ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം 3-3ല്‍ അവസാനിക്കുകയായിരുന്നു. തോല്‍വിയിലേക്ക് നീങ്ങുമായിരുന്ന മത്സരത്തിന്റെ അവസാന മിനിറ്റുകളിലൊന്നില്‍ യെറെമി ഡോക്കു നേടിയ ഗോള്‍ ആണ് സിറ്റിക്ക് ആശ്വാസമായത്. ഇതിലൂടെ ഡോക്കു ഇരട്ടഗോല്‍ കണ്ടെത്തുകയായിരുന്നു.
സമനിലയിലൂടെ പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി പൊരുതുന്ന ആഴ്‌സണലുമായുള്ള അങ്കത്തില്‍ സിറ്റിയുടെ നില കുറച്ച് പരിങ്ങലിലാക്കി. ഒന്നാമതുള്ള ആഴ്‌സണല്‍ സിറ്റിയെക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ്. ആഴ്‌സണലിന് ഇനി മൂന്ന് മത്സരങ്ങളേ ഉള്ളൂ. സിറ്റിക്ക് നാലെണ്ണമുണ്ട്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡോക്കു നേടിയ ഏക ഗോളില്‍ സിറ്റി മുന്നിട്ടു നിന്നു. 43-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ നേട്ടം. രണ്ടാം പകുതിയില്‍ 68, 73, 81 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തുകൊണ്ട് എവര്‍ട്ടണ്‍ 3-1ന് മുന്നിലായി. ആദ്യ ഗോളും മൂന്നാം ഗോളും തിയെമോ ബാരി നേടിയപ്പോള്‍ ജെയ്‌ക് ഒബ്രിയേന്‍ ഒരു ഗോള്‍ സംഭാവന ചെയ്തു. 83-ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ട് നേടിയ ഗോളില്‍ സിറ്റി ആശ്വസിച്ചു. സ്‌റ്റോപ്പേജ് സമയത്ത് കൂടുതല്‍ സമയം കിട്ടിയതിനെ പ്രയോജനപ്പെടുത്തി കളിച്ച സിറ്റി സമനില പിടിച്ചെടുക്കുകയായിരുന്നു.








