കോഴിക്കോട്: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേന്ദ്രസേനയുടെ ചെലവ് സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശത്തെ സംബന്ധിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി എം.ടി. രമേശ്.
ദുരന്തകാലത്ത് രക്ഷാദൗത്യത്തിന് കേന്ദ്രസേനകള്‍ എത്തുമ്പോള്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നതാണ് തുടരുന്ന ചട്ടം. സംസ്ഥാന മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയുടെ 80 % കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ഇതാണ് ചെലവിടേണ്ടത്. എല്ലാ സംസ്ഥാന സര്‍ക്കാറിനും ഇത് ബാധകമാണ്. 2012 ലും 2013 ലും ഇതായിരുന്നു നടപടിക്രമം. ഓഖി ദുരന്തകാലത്തെ രക്ഷാദൗത്യത്തിനും സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച സാമാന്യ ബോധമില്ലെങ്കില്‍ മുഖ്യമന്ത്രി അത് പഠിക്കണം. സ്വന്തം ജാള്യത മറയ്‌ക്കാനാണ് മുഖ്യമന്ത്രി വിവാദങ്ങളുണ്ടാക്കുന്നത്. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ഒരു സഹായവും ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്.
മെക് 7 കായിക പരിശീലനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വ്യായാമത്തിന് ആരും എതിരല്ല. കായിക പരിശീലനത്തിന് കേരളമാകെ പ്രത്യേക തരം ശൃംഖല ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ആദ്യം നല്‍കിയ പ്രസ്താവന പിന്നീട് തിരുത്തിയതിന്റെ കാരണം സിപിഎം വ്യക്തമാക്കണം രമേശ് പറഞ്ഞു.