- 184 കോടിയുടെ ഇടപാട്
- ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സിഎംആര്‍എല്‍ പണം കൊടുത്തു
- വ്യാജ ബില്ലുകള്‍ ചമച്ചതായി കണ്ടെത്തി
ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ ഖനന കമ്പനി സിഎംആര്‍എലും തമ്മിലെ ദുരൂഹ ഇടപാടുകള്‍ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) ദല്‍ഹി ഹൈക്കോടതിയില്‍ അതീവ ഗുരുതര വെളിപ്പെടുത്തല്‍ നടത്തി.
സിഎംആര്‍എല്‍ ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്കു പണം നല്കിയെന്നു സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മാസപ്പടി കേസില്‍ പ്രധാന രാഷ്‌ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോയെന്ന് പരിശോധിക്കുകയാണെന്ന് എസ്എഫ്‌ഐഒ അഭിഭാഷകന്‍ പറഞ്ഞു. സിഎംആര്‍എലും എക്‌സാലോജിക്കും തമ്മിലെ ദുരൂഹ ഇടപാടു സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായി. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാം, കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം കൊടുത്തെന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 184 കോടിയിലധികം രൂപയുടെ ഇടപാടു നടന്നതിന്റെ തെളിവുണ്ട്. ഈ പണത്തില്‍ നിന്നൊരു ഭാഗം ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്കും കിട്ടി. ചെയ്യാത്ത സേവനത്തിന് എക്‌സാലോജിക്കിന് പണം കൈമാറിയിട്ടുണ്ട്. ഇതിനായി വ്യാജ ബില്ലുകള്‍ ചമച്ചതായി കണ്ടെത്തിയെന്നും എസ്എഫ്‌ഐഒ വ്യക്തമാക്കി.
എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഗുരുതര വെളിപ്പെടുത്തലുകള്‍. കേസ് ഈ 23ലേക്കു മാറ്റി.