ന്യൂദല്‍ഹി: ക്ഷേത്രോത്സവങ്ങളെ ഗുരുതരമായി ബാധിച്ച ആനയെഴുന്നള്ളിപ്പിലെ വിവാദമായ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രായോഗികമല്ലാത്ത ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് കുറ്റപ്പെടുത്തി. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയിലെ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ വിധിക്കാണ് സ്റ്റേ. കേരളത്തിലെ പൂര പ്രേമികള്‍ക്കും ക്ഷേത്ര വിശ്വാസികള്‍ക്കും വേണ്ടി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്കിയ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍.
മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. മൃഗാവകാശങ്ങളുടെ പേരില്‍ ആചാരങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കോടതി നിശിതമായി വിമര്‍ശിച്ചു. മനുഷ്യരുടെ നീക്കം പോലും പ്രവചിക്കാനാകാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ആനകളുടെ നീക്കം പ്രവചിക്കാനാകുക. മൂന്നു മീറ്റര്‍ അകലം ദേവസ്വം ബോര്‍ഡുകളോട് നിര്‍ദേശിക്കാന്‍ എങ്ങനെയാണ് കോടതിക്കു സാധിക്കുകയെന്നും സുപ്രീംകോടതി ചോദിച്ചു. ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങള്‍ക്കു വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി വിലയിരുത്തി. നിലവില്‍ സുപ്രീംകോടതി അംഗീകരിച്ച ചട്ടങ്ങളുണ്ട്. 2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ദേവസ്വങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥ ചെയ്യാത്ത നിയന്ത്രണങ്ങളാണ് ആനയെഴുന്നള്ളിപ്പിന് ഹൈക്കോതി നിര്‍ദേശിച്ചതെന്ന് ജസ്റ്റിസ് നാഗരത്ന കുറ്റപ്പെടുത്തി. ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം ഹൈക്കോടതിക്കില്ല. ചട്ടത്തില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അതതു സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കണം.
രാവിലെ 9 മുതല്‍ 5 വരെ ആനയെഴുന്നള്ളിപ്പ് പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശവും അപ്രായോഗികമെന്ന് സുപ്രീംകോടതി. പകലാണ് എഴുന്നള്ളിപ്പുകള്‍ നടക്കുന്നത്. പകല്‍ കടുത്ത ചൂടായതിനാലാണ് നിയന്ത്രണമെന്ന് മൃഗസ്നേഹികളുടെ സംഘടന ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളം ഹിമാലയത്തില്‍ അല്ലെന്നും അതിനാല്‍ തന്നെ ചൂടു കാണുമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.
എഴുന്നള്ളിപ്പിന്റെയും അതിനിടെ ആനകള്‍ക്കോ ഭക്തര്‍ക്കോ അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും ദേവസ്വങ്ങള്‍ക്കാണ്. ആനയുള്ളിടത്ത് അപകടമുണ്ടാകുമെന്ന ആശങ്കയുള്ളവര്‍ക്ക് അവിടേക്കു പോകാതിരിക്കാം. വാഹനങ്ങളില്‍ ആനകളെ കൊണ്ടുപോകുന്നതിനെക്കാള്‍ നല്ലത് നടത്തിക്കൊണ്ടു പോകുന്നതാണ്. കര്‍ണാടകയിലൊക്കെ കാട്ടാനകളുടെ സഞ്ചാരം വൈദ്യുത വേലികെട്ടി തടയുന്നതില്‍ മൃഗസ്നേഹികളുടെ സംഘടനയ്‌ക്ക് ഇടപെടെണ്ടേയെന്നും സുപ്രീംകോടതി ചോദിച്ചു.
ക്ഷേത്രോത്സവാചാരങ്ങള്‍ നിലയ്‌ക്കുമെന്നും തൃശ്ശൂര്‍ പൂരമടക്കം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ശക്തമായ വാദമാണ് ഉന്നയിച്ചത്. ജനു. 5ന് ഉത്സവം നടക്കാനുണ്ട്. ഹൈക്കോടതി വിധിപ്രകാരം ഉത്സവം സാധ്യമല്ലെന്ന ദേവസ്വങ്ങളുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് എന്‍.കെ. സിങ് കൂടി ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ച് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍, എം.ആര്‍. അഭിലാഷ് എന്നിവര്‍ ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായി. ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ ചട്ടങ്ങള്‍ പാലിച്ചു നടന്ന തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ മഴ വന്നതോടെ ആനകളും ഭക്തരും പന്തലിലേക്കു മാറിയതോടെ ദേവസ്വത്തിനെതിരേ ഹൈക്കോടതി കേസെടുക്കുന്ന സാഹചര്യവുമുണ്ടായി.