തിരുവനന്തപുരം: കേരളത്തെ നഗരവത്കരിക്കാന്‍ നിര്‍ദേശങ്ങളുമായി നഗരനയ കമ്മിഷന്‍. കേരള നഗരനയ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്‍മേല്‍ സാമൂഹിക ചര്‍ച്ചകളിലൂടെ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നഗരനയത്തിന് അന്തിമരൂപം നല്‍കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കേരളം മുഴുവന്‍ ഒരു നഗരമായി വികസിക്കുന്ന സ്ഥലപരമായ പ്രവണതകള്‍ വിലയിരുത്തിയാണ് നയശുപാര്‍ശകള്‍ രൂപീകരിക്കുന്നത്. കമ്മിഷന്റെ കരട് നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നകം സമര്‍പ്പിക്കും. 2023 ഡിസംബറിലാണ് നഗരനയ കമ്മിഷന്‍ രൂപീകരിച്ചത്.
കമ്മിഷന്റെ കരട് നിര്‍ദേശമനുസരിച്ച് നഗര ഭരണത്തിന് സിറ്റി മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടുവരും. കൗണ്‍സിലിലേക്ക് 25 ശതമാനം യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കണം. പ്രധാന മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി കേരള മുനിസിപ്പല്‍ ബോണ്ടുകള്‍. നാല്‍ചക്ര വാഹനങ്ങളിലേക്ക് മാറുന്നതോടൊപ്പം ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള സമീപനവും നടപടികളും. നരങ്ങളിലെ വാഹനങ്ങള്‍ക്ക് വാര്‍ഷിക ഹരിതഫീസും വാങ്ങുമ്പോള്‍ ഒറ്റത്തവണ ഫീസും ഏര്‍പ്പെടുത്തും.
ധനകാര്യ മാനേജ്‌മെന്റ് ഉറപ്പ് വരുത്തുന്നതിന് പദ്ധതി രൂപീകരണ ടീം തയ്യാറാക്കണം. എല്ലാ നഗരസഭകളിലും സംയുക്ത ആസൂത്രണ കമ്മിറ്റി. സ്മാര്‍ട്ട് കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തണം.
തത്സമയ വെള്ളപ്പൊക്ക സൂചനാ മാപിനികള്‍ സ്ഥാപിക്കല്‍, ആറ് നഗരസഭകളിലും ക്രെഡിറ്റ് റേറ്റിങ് പുതുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്.
ബെല്‍ഫസ്റ്റ്, ക്വീന്‍സ് സര്‍വ്വകലാശാലയിലെ ഡോ. എം. സതീഷ് കുമാര്‍ അധ്യക്ഷനായ കമ്മിഷനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
യു എന്‍ ഹാബിറ്റാറ്റ്, യുണീസെഫ്, ലോകാരോഗ്യ സംഘടന, സെപ്റ്റ് (CEPT), അര്‍ബന്‍ ഇക്കോണമി ഫോറം, ജി ഐ ഇസഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സ്, നിംഹാന്‍സ്, സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ച്ചര്‍ ദല്‍ഹി, ഭോപ്പാല്‍, വിജയവാഡ, എന്‍ ഐ ടി കോഴിക്കോട്, സി ഇ ടി തിരുവനന്തപുരം, ടികെഎം കൊല്ലം, ഗോഖലേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, ജാമിയ മിലിയ ഇസ്ലാമിയ, ഐഐഎസ്ടി തിരുവനന്തപുരം, ആക്ഷന്‍ എയിഡ്, പാര്‍ട്ടിസിപ്പേഷന്‍ റിസര്‍ച്ച് ഇന്‍ ഏഷ്യ, ജനാഗ്രഹ, ബെംഗളൂരു, ഐഡിഎഫ്‌സി ഫൗണ്ടേഷന്‍, സിഎസ്ഇഎസ് കൊച്ചി, ആരോഗ്യ സര്‍വകലാശാല, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കില, എന്നീ സ്ഥാപനങ്ങളാണ് നഗരനയ കമ്മിഷനു വേണ്ടി പഠനം നടത്തിയത്.