രേവതി എസ്. വർമ്മ സംവിധാനം ചെയ്ത ‘ഈ വലയം’ ഇന്ന് തിയേറ്ററുകളിലെത്തും. ജിഡിഎസ്എൻ എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ അറുപതിലധികം തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത്. നോമോഫോബിയ എന്ന് വിദഗ്ദ്ധർ വിളിക്കുന്ന മാനസിക രോഗാവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണ് “ഈ വലയം”.
കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രമാണിത്. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്.
പുതുമുഖ നടി ആഷ്‌ലി ഉഷയാണ് ഈ വലയത്തിലെ നായിക. രഞ്ജി പണിക്കർ, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായർ, അക്ഷയ് പ്രശാന്ത്, സിദ്ര , മാധവ് ഇളയിടം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സ്ക്രീൻ ആസക്തി ബാധിച്ച കൗമാരക്കാരുടെ വൈകാരിക സംഘര്‍ഷങ്ങളും അവരുടെ മാതാപിതാക്കളുടെ നിസ്സഹായാവസ്ഥയും ചിത്രം പറഞ്ഞു വെക്കുന്നു. ശ്രീജിത്ത് മോഹൻദാസ് രചനയും അരവിന്ദ് കമലാനന്ദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൽ റഫീഖ് അഹമ്മദ് എഴുതി ജെറി അമൽദേവ് സംഗീതം പകർന്ന രണ്ടു ഗാനങ്ങളും സന്തോഷ് വർമ്മ എഴുതി എബി സാൽവിൻ തോമസ് സംഗീതം നൽകിയ മറ്റൊരു ഗാനവുമുണ്ട്.
The post ‘ഈ വലയം’ ഇന്ന് തിയറ്ററുകളിൽ appeared first on Malayalam Express.