സിംബാബ്‍വെയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ ചരിത്രം കുറിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കായി 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറായിരിക്കുകയാണ് താരം. സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ മഹാരാജിന്റെ ആകെ വിക്കറ്റ് നേട്ടം 202 ആയി.
സിംബാബ്‍വെയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ 216 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.
ആദ്യ ഇന്നിങ്സിൽ സിംബാബ്‍വെ 251 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ആദ്യ ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെയ്ക്കായി സെഞ്ച്വറി നേടിയ സീൻ വില്യംസ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
164 പന്തിൽ 16 ഫോറുകൾ ഉൾപ്പെടെ 137 റൺസ് നേടിയ വില്യംസിന്റെ ബാറ്റിങ് സിംബാബ്‍വെ സ്കോർ 200 കടത്തി. 36 റൺസെടുത്ത ക്യാപ്റ്റൻ ക്രെയ്ഗ് എർവിനാണ് സിംബാബ്‍വെ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ വിയാൻ മൾഡർ നാല് വിക്കറ്റുകൾ വീഴ്ത്തി. കോഡി യൂസഫ്, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.
The post ചരിത്ര നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് appeared first on Express Kerala.