
ആന്ധ്രപ്രദേശിലെ കുർണൂലിൽ മുൻ കാമുകന്റെ കുടുംബം തകർക്കാൻ ഡോക്ടറായ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എച്ച്ഐവി വൈറസ് കുത്തിവച്ച യുവതിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുർണൂൽ സ്വദേശിയായ ബി. ബോയ വസുന്ധര (34) ആണ് ഈ ക്രൂരതയ്ക്ക് പിന്നിലെ പ്രധാന പ്രതി. മുൻ കാമുകൻ മറ്റൊരു വിവാഹം കഴിച്ചതിലുള്ള പകയാണ് ഈ കടുംകൈ ചെയ്യാൻ വസുന്ധരയെ പ്രേരിപ്പിച്ചത്. സംഭവത്തിൽ വസുന്ധരയെ കൂടാതെ ഇവർക്ക് സഹായം നൽകിയ നഴ്സ് കൊംഗേ ജ്യോതി, ജ്യോതിയുടെ രണ്ട് മക്കൾ എന്നിവരെയും ജനുവരി 24-ന് പൊലീസ് പിടികൂടി.
ആസൂത്രിതമായ ഒരു റോഡ് അപകടം സൃഷ്ടിച്ചാണ് വസുന്ധര തന്റെ ലക്ഷ്യം നടപ്പിലാക്കിയത്. ജനുവരി 9-ന് ഉച്ചഭക്ഷണം കഴിക്കാൻ പോകുകയായിരുന്ന അസിസ്റ്റന്റ് പ്രൊഫസറെ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ അവരെ സഹായിക്കാനെന്ന വ്യാജേന എത്തിയ വസുന്ധര, യുവതിയെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ കൈവശം കരുതിയിരുന്ന എച്ച്ഐവി ബാധിച്ച രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചു. യുവതി ബഹളം വെച്ചതോടെ പ്രതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഗവേഷണ ആവശ്യത്തിനെന്ന പേരിൽ സർക്കാർ ആശുപത്രിയിലെ എച്ച്ഐവി രോഗികളിൽ നിന്നാണ് പ്രതി രക്തസാമ്പിൾ ശേഖരിച്ചത്. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷമാണ് കുത്തിവയ്ക്കാൻ ഉപയോഗിച്ചത്. എന്നാൽ, എച്ച്ഐവി വൈറസിന് ഫ്രിഡ്ജിലെ തണുപ്പിൽ ദിവസങ്ങളോളം അതിജീവിക്കാൻ കഴിയില്ലെന്നതിനാൽ ഇരയായ യുവതിക്ക് രോഗം പകരാൻ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
The post പക തീർക്കാൻ കൊടുംക്രൂരത; മുൻ കാമുകന്റെ ഭാര്യക്ക് എച്ച്ഐവി രക്തം കുത്തിവച്ച യുവതി പിടിയിൽ appeared first on Express Kerala.









