വിവാഹ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞ, ഹിമാചൽ പ്രദേശിൽ നടന്നൊരു കല്യാണത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഒരു വധുവിന് താലി ചാർത്തിയത് രണ്ടു പേരാണ്!
സിർമൗർ ജില്ലയിൽ ഗ്രാൻസ്-ഗിരി പ്രദേശത്തായിരുന്നു ഈ വിവാഹം നടന്നത്. ജൂലൈ 12 മുതൽ മൂന്നു ദിവസം നീണ്ട ചടങ്ങുകൾ. പരമ്പരാഗത നൃത്തങ്ങളും പാട്ടുകളുമൊക്കെ വർണാഭമാക്കിയ വിവാഹവേളയിൽ നൂറു കണക്കിന് പേരെ സാക്ഷിയാക്കിയാണ് സുനിത ചൗഹാനെ പ്രദീപ് നേഗിയും കപിൽ നേഗിയും വിവാഹം ചെയ്തത്. സുനിതയെയും നേഗി സഹോദരന്മാരെയും ഒന്നിപ്പിച്ചത്, ഹട്ടി ഗോത്രവിഭാഗത്തിനിടയിൽ ഇന്നും പ്രചാരത്തിലുള്ള ബഹുഭർതൃത്വമാണ്. ‘ ജോഡിധാര’ എന്നാണ് ഇത്തരം വിവാഹങ്ങൾക്ക് പറയുന്നത്, ഹിമാചൽ പ്രദേശിലെ റവന്യു നിയമങ്ങളും ബഹുഭർതൃത്വത്തെ അംഗീകരിക്കുകയാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ട്രാൻസ്-ഗിരി മേഖലയിലെ ബദാന ഗ്രാമത്തിൽ ഇത്തരം അഞ്ച് വിവാഹങ്ങൾ നടന്നിട്ടുണ്ട്.
ALSO READ: ഇന്ത്യൻ കരസേനയ്ക്ക് കരുത്തായി അമേരിക്കയുടെ സ്വന്തം AH 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകൾ
കുൻഹട്ട് എന്ന ഗ്രാമത്തിൽ നിന്നാണ് സുനിത. അവർ പറയുന്നത്, സ്വന്തം ഇഷ്ടത്തോടോ തന്നെയാണ് പ്രദീപിനെയും കപിലിനെയും ഭർത്താക്കന്മാരായി സ്വീകരിച്ചതെന്നാണ്. പാരമ്പര്യത്തെ അംഗീകരിക്കുകയാണ് സുനിത. ഷില്ലായ് ഗ്രാമക്കാരാണ് പ്രദീപും കപിലും. സർക്കാർ ജീവനക്കാരനാണ് പ്രദീപ്. സഹോദരൻ വിദേശത്താണ്. ഈയൊരു തീരുമാനം ഒരുമിച്ച് ചേർന്ന് എടുത്തതാണെന്നാണ് സഹോദരന്മാരും പറയുന്നത്. പാരമ്പര്യം പരസ്യമായി പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്നും അതിൽ അഭിമാനം കൊള്ളുന്നുവെന്നുമാണ് പ്രദീപ്-കപിലുമാർ പറയുന്നത്. വിദേശത്തെ ജോലി തുടരുമെന്നാണ് കപിൽ പറയുന്നത്. ‘ഞങ്ങൾ ഒറ്റ കുടുംബമായിരിക്കുമെന്നും, ഞങ്ങളുടെ ഭാര്യയ്ക്ക് എല്ലാവിധ പിന്തുണയും സ്‌നേഹവും ഉറപ്പാക്കുമെന്നും കപിൽ പറയുന്നു. എല്ലാക്കാര്യങ്ങളും സുതാര്യമായി ചെയ്യാനാണ് തങ്ങൾ എപ്പോഴും താത്പര്യപ്പെടുന്നതെന്നും സഹോദരൻ പറയുന്നു.
ഹിമാചൽ പ്രദേശ്- ഉത്തരാഖണ്ഡ് അതിർത്തി മേഖലയിൽ തമാസിക്കുന്ന ഗോത്രവിഭാഗമാണ് ഹട്ടികൾ. തമ്മിൽ തമ്മിൽ വളരെ അടുപ്പത്തിൽ ജീവിക്കുന്നവരാണ് ഹട്ടി സമുദായത്തിലുള്ളവർ. മൂന്നു വർഷം മുമ്പാണ് ഇവരെ ഷെഡ്യൂൾഡ് ട്രൈബുകളായി(എസ്ടി)കളായി സർക്കാർ അംഗീകരിച്ചത്. ബഹുഭർതൃത്വം നൂറ്റാണ്ടുകളായി ഇവരുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും, സ്ത്രീകൾക്കിടയിൽ വിദ്യാഭാസം കൂടിയതും സാമ്പത്തികമായ ഉന്നമനത്തിലേക്ക് സമൂഹം മാറിയതും ബഹുഭർതൃത്വത്തെ തടയുന്ന സാമൂഹിക കാരണങ്ങളായി. കഴിഞ്ഞ കുറെ കാലങ്ങളായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
The post സഹോദരന്മാരായ 2 പേരെ വിവാഹം ചെയ്ത് യുവതി appeared first on Express Kerala.