കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഇന്ന് രാവിലെ ഉയർത്തും. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോയ ടാങ്കർ ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട് സൗത്തിൽ മറിയുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് പ്രാദേശിക അവധിയടക്കം മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള 18,19,26 വാർഡുകൾക്ക് പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ പാടില്ല. ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും അറിയിപ്പുണ്ട്. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതിനും, വീഡിയോ ചിത്രീകരണത്തിനോ അനുമതിയില്ല. പ്രദേശത്ത് പൊതുജനങ്ങൾക്കുള്ള പ്രവേശനം പൂർണമായും നിരോധിക്കും. ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നത് വരെ വൈദ്യുത ബന്ധം വിച്ഛേദിക്കുമെന്നും അറിയിപ്പ്.
READ ALSO: കേരളത്തിൻ്റെ കള്ളിന് ബ്രിട്ടീഷ് അംഗീകാരം! ഇന്ത്യ-യുകെ കരാറിലൂടെ ബ്രീട്ടീഷ് മണ്ണിലേക്ക്…
കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്ന് കല്ലൂരാവി വഴി പോകണമെന്ന് അറിയിപ്പ്. നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ – കല്യാൺ റോഡ് – ആലയി വഴി കാഞ്ഞങ്ങാട് എത്തണം. ചരക്ക് വാഹന ഗതാഗതം നാളെ 9.30am മുതൽ നിർത്തിവയ്ക്കും.
The post കാഞ്ഞങ്ങാട് അതീവ ജാഗ്രതാ നിർദേശം; മൂന്ന് വാർഡുകളിൽ പ്രാദേശിക അവധി appeared first on Express Kerala.