
മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ‘ബ്രേക്ക്ത്രൂ’ നൗക അടുത്ത കാലത്തതായി വാർത്തകളിൽ വളരെയധികം ഇടം നേടിക്കൊണ്ടിരിക്കുകയാണ്. 390 അടി നീളവും നിരവധി അത്യാധുനിക സൗകര്യങ്ങളുമുള്ള ഈ ആഡംബര നൗക, മൊണാക്കോ യാച്ച് ഷോ-2025 ൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. അതിന്റെ വില ഏകദേശം 645 ദശലക്ഷം ഡോളർ ആണെന്നുള്ളത് ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്.
അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം, ബിൽ ഗേറ്റ്സ് ഇതുവരെ ഈ ആഡംബര നൗകയിൽ കാലുകുത്തിയിട്ടില്ല എന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, ഗേറ്റ്സ് ഇത് സ്വന്തമാക്കിയിട്ടുണ്ട് എങ്കിലും അദ്ദേഹം ഒരിക്കലും അത് ആസ്വദിക്കാനായി പോയിട്ടില്ല. ‘ബ്രേക്ക്ത്രൂ’ എന്ന ഈ ആഡംബര നൗകയ്ക്ക് ഏകദേശം 645 മില്യൺ ഡോളർ (ഏകദേശം 5,400 കോടി രൂപ) വിലവരും. നൂതന സാങ്കേതികവിദ്യ, ആഡംബര രൂപകൽപ്പന, ഭാവി പരിസ്ഥിതിയെ മനസ്സിൽ വെച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത സവിശേഷതകൾ എന്നിവയാണ് ഈ ഉയർന്ന വിലയ്ക്ക് കാരണം.
ഏഴ് ആഡംബര ഡെക്കുകൾ, ഫുൾ സൈസ് ബാസ്കറ്റ്ബോൾ കോർട്ട്, സിനിമാ തിയേറ്റർ, ഹോട്ട് ടബ്, സ്വകാര്യ ആശുപത്രി, ജിം, യോഗ സ്റ്റുഡിയോ, ബ്യൂട്ടി റൂം, മസാജ് പാർലർ, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങൾ ഈ നൗകയിൽ ഉണ്ട്. അതായത്, കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു കൊട്ടാരമാണ് ഇത്.
14 അതിഥികൾക്കും 31 ക്രൂ അംഗങ്ങൾക്കും ആഡംബരപൂർണ്ണമായ താമസ സൗകര്യമാണ് ഇവിടെ ഉള്ളത്. അതിഥികളുടെ സുഖസൗകര്യങ്ങൾക്കും വിനോദത്തിനും പൂർണ്ണ ശ്രദ്ധ നൽകിയിട്ടുണ്ട്. 28 ടൺ ഭാരമുള്ള രണ്ട് വാക്വം സീൽ ചെയ്ത ടാങ്കുകളാണ് ഈ യാട്ടിൽ ഘടിപ്പിച്ചിരിക്കുന്നത്, അതിൽ -253 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഹൈഡ്രജൻ സൂക്ഷിക്കുന്നുണ്ട്. ഇത് യാട്ടിന് വൈദ്യുതി നൽകുകയും വെള്ളം മാത്രം പുറത്തുവിടുകയും ചെയ്യുന്നു. ഒപ്പം ഇത് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു.
തണുത്ത രാത്രികളിൽ യാച്ചിൽ ചൂട് നിലനിർത്താൻ കൽക്കരിയോ വിറകോ കത്തിക്കുന്നില്ല. പകരം, ജെൽ ഇന്ധനമാക്കിയ ഫയർബോളുകൾ ഉപയോഗിക്കുന്നു, ഇത് മലിനീകരണ സാധ്യത ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.