അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കീഴിൽ, അമേരിക്കയുടെ സംരക്ഷണ വ്യാപാര നയങ്ങൾ ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്. കാനഡയുമായി നിലനിന്നിരുന്ന തർക്കങ്ങൾ ഇപ്പോൾ ഒരു പൂർണ്ണ വ്യാപാര യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്ന കാഴ്ചയും നമ്മുക്ക് കാണാവുന്നതാണ്. പ്രസിഡന്റ് ട്രംപ് കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളുടെ തീരുവ 25% ൽ നിന്ന് 35% ആയി കുത്തനെ വർദ്ധിപ്പിച്ചതോടെയാണ് ഈ പ്രതിസന്ധി രൂക്ഷമായത്.
ഇതിന് മറുപടിയായി, കാനഡയും ടൊമാറ്റോ കെച്ചപ്പ്, വാഷിംഗ് മെഷീനുകൾ തുടങ്ങിയ വിവിധ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് താരിഫുകൾ ഏർപ്പെടുത്തി. വടക്കേ അമേരിക്കയിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ തർക്കം കാനഡയിലെ സാധാരണക്കാരുടെ ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
വില കുതിച്ചുയരുന്ന ഉൽപ്പന്നങ്ങൾ
ഗൃഹോപകരണങ്ങൾ: അമേരിക്കൻ നിർമ്മിത വാഷിംഗ് മെഷീനുകൾ, ഡ്രയറുകൾ, റഫ്രിജറേറ്ററുകൾ എന്നിവയുടെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ്. കൂടാതെ ഈ വ്യാപാര യുദ്ധം റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും വില ശരാശരി 2% വർദ്ധിച്ചു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം, ജൂണിൽ പാത്രം കഴുകുന്നതിനും അലക്കുന്നതിനുമുള്ള ഉപകരണങ്ങളുടെ വില മുൻവർഷത്തെ അപേക്ഷിച്ച് 4.5% ആണ് ഉയർന്നിരിക്കുന്നത്.
പുതിയതും ഉപയോഗിച്ചതുമായ കാറുകൾ: ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കാർ നിർമ്മാണ ശൃംഖലകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ മേഖലയെ താരിഫ് രൂക്ഷമായി ബാധിച്ചു. പുതിയ വാഹനങ്ങളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 5% വർദ്ധിച്ചു. പുതിയ കാറുകളുടെ വില വർദ്ധിച്ചത് ഉപയോഗിച്ച കാറുകളുടെ വില വർധിക്കുന്നതിനും കാരണമായി.

ഭക്ഷണസാധനങ്ങൾ: ടൊമാറ്റോ കെച്ചപ്പ്, പീനട്ട് ബട്ടർ, ടിന്നിലടച്ച സൂപ്പ്, ജാം തുടങ്ങിയ പലചരക്ക് സാധനങ്ങൾക്കും വില കൂടി. കാനഡയിലെ ഏറ്റവും വലിയ പലചരക്ക് വ്യാപാരിയായ ലോബ്ലോ, താരിഫ് കാരണം വില വർധിച്ച ഉൽപ്പന്നങ്ങളിൽ ‘T’ എന്ന് ലേബൽ ചേർക്കാൻ തുടങ്ങി. ഇത് ആ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 20% ഇടിവിന് കാരണമായതായി സിഇഒ പറഞ്ഞു.
വസ്ത്രങ്ങളും പാദരക്ഷകളും: അമേരിക്കൻ ഇറക്കുമതിക്ക് കാനഡ താരിഫ് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ആഗോള വ്യാപാര യുദ്ധം കാരണം വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിലയിൽ 2% വർദ്ധനവുണ്ടായി.
ഭവന നിർമ്മാണ സാമഗ്രികൾ: സ്റ്റീൽ, അലുമിനിയം താരിഫുകൾ ഭവന നിർമ്മാണ മേഖലയെയും ബാധിച്ചു. ജനാലകൾ, കാർപെറ്റുകൾ, തറ, ഷിംഗിൾസ് എന്നിവയുടെ വില വർദ്ധിച്ചു. ഇത് വീട് നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള ചെലവ് ഉയർത്തി.
അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം കേവലം നയതന്ത്രപരമായ വാക്പോരുകൾക്കപ്പുറം, കനേഡിയൻ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ കാര്യമായ ആഘാതങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ . കാനഡ മോർട്ട്ഗേജ് ഹൗസിംഗ് കോർപ്പറേഷൻ (CMHC) ചൂണ്ടിക്കാണിച്ചതു പോലെ, ഈ വ്യാപാരയുദ്ധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്ന ആശങ്കകൾ യാഥാർത്ഥ്യമാവുകയാണ്. ഓട്ടോ നിർമ്മാണം പോലുള്ള താരിഫുകൾ നേരിട്ട് ബാധിച്ച മേഖലകളിൽ, പ്രത്യേകിച്ച് ഒന്റാറിയോ പോലുള്ള പ്രവിശ്യകളിൽ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ മാന്ദ്യം ഇതിനോടകം പ്രകടമാണ്.
Also Read:ഭൂകമ്പ ഭീഷണിയിൽ ലോകം: ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങൾ ഇവയാണ്!

ഈ പ്രതിസന്ധി തുടർന്നാൽ കനേഡിയൻ ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നിത്യോപയോഗ സാധനങ്ങൾക്കും വാഹനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും വർദ്ധിക്കുന്ന വില, സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കും. ഈ വ്യാപാര തർക്കം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് കാനഡയുടെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിക്കുകയും, രാജ്യത്തിന്റെ വിപണിയെയും വ്യവസായങ്ങളെയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം സാധാരണ നിലയിലാക്കേണ്ടത് സാമ്പത്തിക സുസ്ഥിരതക്ക് അനിവാര്യമാണ്.
The post ട്രംപ് നയങ്ങൾ കനഡയെ തളർത്തുന്നുവോ? appeared first on Express Kerala.