ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതുവരെയുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം മാറും. സൗത്ത് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) എക്‌സിക്യൂട്ടീവ് എൻക്ലേവിലേക്കാണ് മാറ്റുന്നത്. സൗത്ത് ബ്ലോക്കിന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് എക്‌സിക്യൂട്ടീവ് എൻക്ലേവ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയോട് കൂടുതൽ അടുത്താണ് പുതിയ ഓഫീസ്. അടുത്ത മാസം പിഎംഒ പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പിഎംഒയ്ക്കും മറ്റ് ഉന്നത സർക്കാർ ഓഫീസുകൾക്കുമായി എക്‌സിക്യൂട്ടീവ് എൻക്ലേവ് സജ്ജീകരിച്ചിരിക്കുന്നത്.പിഎംഒയ്ക്ക് പുറമെ, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ഒരു കോൺഫറൻസിംഗ് സൗകര്യം എന്നിവടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് എൻക്ലേവ്. പഴയ കെട്ടിടങ്ങളിൽ ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥലപരിമിതികളുമാണ് പുതിയ ഓഫീസ് കെട്ടിടങ്ങൾ നിർമിച്ചതിന് പിന്നിൽ.
ALSO READ: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
പ്രധാനമന്ത്രി ഈ മാസം ഉദ്ഘാടനം ചെയ്ത കർത്തവ്യ ഭവൻ-3 ലേക്ക് ആഭ്യന്തര, പേഴ്‌സണൽ മന്ത്രാലയങ്ങളെ മാറ്റിയിരുന്നു. ഇന്ത്യയുടെ ഭരണസംവിധാനം പ്രവർത്തിച്ചിരുന്നത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളിൽ ആണെന്ന് പ്രധാനമന്ത്രി ഈ കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതിയായ സ്ഥലസൗകര്യവും വെളിച്ചവും വായുസഞ്ചാരവുമില്ലാത്ത ഈ പഴയ കെട്ടിടങ്ങളിലെ മോശം തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിൽ ആഭ്യന്തര മന്ത്രാലയം പോലുള്ള ഒരു പ്രധാന മന്ത്രാലയം ഏകദേശം 100 വർഷത്തോളം എങ്ങനെ പ്രവർത്തിച്ചു എന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണെന്നും അന്ന് പറഞ്ഞിരുന്നു.
സെൻട്രൽ വിസ്ത പദ്ധതിയിലെ കെട്ടിടങ്ങൾക്ക് പ്രത്യേകം പേര് നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ രീതി. ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിനും പുതിയ പേര് ലഭിച്ചേക്കും. സേവനം എന്ന ആശയം പ്രതിഫലിക്കുന്ന തരത്തിലായിരിക്കും പുതിയ പിഎംഒയ്ക്ക് പേര് നൽകുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The post പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്; അടുത്ത മാസം ഉദ്ഘാടനമെന്ന് സൂചന appeared first on Express Kerala.