
സഞ്ചാരികളെ ത്രസിപ്പിക്കുന്നതാണ് നൈറ്റ് ലൈഫ്. അതിനാല്‍ തന്നെ വിനോദ കേന്ദ്രങ്ങളിലെത്തിയാല്‍ അവിടുത്തെ നൈറ്റ് ലൈഫ് ആസ്വദിക്കുകയെന്നത് അതിപ്രധാനമായ കാര്യവുമാണ്. ചെന്നൈയിലെ നഗരരാത്രി ആഘോഷമാക്കാന്‍ ഇതാ 5 കാര്യങ്ങള്‍.
- ഡിജെ പാര്‍ട്ടികള്‍
ചെന്നൈയുടെ ആധുനിക രാത്രിജീവിതത്തില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, റെസ്റ്റോറന്റുകളിലെ ലൈവ് സംഗീതവും നൃത്തവേദികളും ഉപയോഗപ്പെടുത്താം. പ്രാദേശിക പാട്ടുകാരുടെ നേതൃത്വത്തിലുള്ള ഡിജെകള്‍ നിങ്ങളെ ത്രസിപ്പിക്കും. വൈവിധ്യമാര്‍ന്ന പാനീയങ്ങള്‍, ഭക്ഷണങ്ങള്‍, ആവേശത്തോടെ അണിനിരക്കുന്ന ആള്‍ക്കൂട്ടം എന്നിവ നിങ്ങളെ അതിശയിപ്പിക്കും.
- മറീന ബീച്ചിലെ സുന്ദര നിമിഷങ്ങള്‍
മറീന ബീച്ച് രാത്രിയിലും സുന്ദരിയാണ്. ശാന്തമായ അന്തരീക്ഷത്തില്‍ തീരത്തുകൂടി നടക്കാം. തിരക്കും താപനിലയും കുറവായിരിക്കുമെന്നതിനാല്‍ കാറ്റിന്റെ ശീതളിമയില്‍ മണല്‍പ്പരപ്പിലൂടെ ഒഴുകി നടക്കാം. ഇരുട്ടിന്റെ മൂടുപടമണിഞ്ഞ കടലും തിരകളും നിങ്ങള്‍ക്ക് വേറിട്ട കാഴ്ചയുടെ വിരുന്നൊരുക്കും. കടലയോ പോപ്കോണോ കൊറിച്ച് തീരസൗന്ദര്യം അനുഭവിക്കാം. നിരവധി കച്ചവടക്കാര്‍ വൈവിധ്യമാര്‍ന്ന ലഘുഭക്ഷണങ്ങളുമായി ഇവിടെ നിലയുറപ്പിച്ചിട്ടുമുണ്ട്. അത്തരത്തില്‍ വേറിട്ട രുചികള്‍ ആസ്വദിക്കുകയും ചെയ്യാം.
- പോണ്ടി ബസാറിലെ നൈറ്റ് ഷോപ്പിങ്
ചെന്നൈയിലെ പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് പോണ്ടി ബസാര്‍. രാത്രിയിലും ഇത് സജീവമാണ്. ട്രെന്‍ഡി വസ്ത്രങ്ങളും ആഭരണങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും വിലപേശി വാങ്ങാം. വര്‍ണലൈറ്റുകള്‍ തിളങ്ങിനില്‍ക്കുന്ന, സംഗീതം പരക്കുന്ന തെരുവുകളിലൂടെയുള്ള രാത്രി നടത്തം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ച് നടത്തും. തെരുവുഭക്ഷണം ആസ്വദിക്കാന്‍ ഇവിടെ നിരവധി സ്റ്റാളുകളുമുണ്ട്.
- ഡ്രൈവ്-ഇന്‍ തിയേറ്റര്‍
ചെന്നൈ നൈറ്റ് ലൈഫിലെ സവിശേഷ അനുഭവമായിരിക്കും പ്രാര്‍ത്ഥന ബീച്ച് ഡ്രൈവ്-ഇന്‍ തിയേറ്ററില്‍ രാത്രി വൈകി സിനിമ കാണുന്നത്. ഈസ്റ്റ് കോസ്റ്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ 24 മണിക്കൂര്‍ ഡ്രൈവ്-ഇന്‍ തിയേറ്ററില്‍ നിങ്ങള്‍ക്ക് കാറില്‍ ഇരുന്ന് സിനിമകള്‍ കാണാന്‍ കഴിയും, സമുദ്രശബ്ദത്തിന്റെ പശ്ചാത്തലം അനുഭവിക്കുകയും ചെയ്യാം. ജനപ്രിയ തമിഴ്, ഹിന്ദി സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്.
- ഫില്‍ട്ടര്‍ കോഫി നുണയാം
ശരവണ ഭവന്‍, അഡയാര്‍ ആനന്ദ ഭവന്‍ പോലെയുള്ള ഹോട്ടലുകള്‍ രാത്രി 10.30 വരെയൊക്കെ പ്രവര്‍ത്തിക്കും. ഇവയിലേതെങ്കിലും തെരഞ്ഞെടുത്ത് കൂട്ടുകാരുമൊത്ത് ഫില്‍ട്ടര്‍ കോഫി കുടിക്കാം. രുചികൊണ്ടും അത് സമ്മാനിക്കുന്ന അന്തരീക്ഷം, അനുഭവം എന്നിവ കൊണ്ടും വേറിട്ട നിമിഷങ്ങളിലൂടെ നിങ്ങള്‍ക്ക് കടന്നുപോകാനാകും. ആവശ്യമെങ്കില്‍ ദോശ, ഇഡ്ഡലി, വട തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങളും ഇവിടെ ആസ്വദിക്കാം.