തിരുവനന്തപുരം: ശാസ്തമംഗലത്ത് ഇന്നലെ രാത്രി പാർക്കിങ്ങിനെ ചൊല്ലിയായിരുന്നു തർക്കത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയ്ക്കെതിരെ പരാതിയില്ലെന്നാണ് മാധവ് സുരേഷ് പറയുന്നത്. എന്താണ് ശരിക്കുമുള്ള പ്രശ്‌നമെന്ന് ഇരുവർക്കും അറിയാമെന്നും പരസ്പരം മനസിലായെന്നും മാധവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ കുറിച്ചു.
‘വിനോദ് കൃഷ്ണ സാറിനെതിരെ പരാതികളൊന്നുമില്ല, കാരണം ഞങ്ങൾ പരസ്പരം എന്താണ് ചെയ്തതെന്ന് രണ്ടുപേർക്കും മനസ്സിലായി, നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്. വിനോദ് സാറിന് പരാതി ഇല്ലാതിരുന്നിട്ടും അവരിൽ ഒരാൾ ഞാൻ പൊലീസ് ജീപ്പിൽ കയറുന്നത് ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിച്ചു. അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെ കൂടിനിന്നവർക്ക് കൃത്യമായി അറിയാമായിരുന്നു. ആരും ശരിക്കും എന്താണ് സത്യമെന്ന് ശ്രദ്ധിക്കുന്നില്ല’, മാധവ് കുറിച്ചു.
ALSO READ: കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു; അന്ത്യം അസുഖത്തെ തുടർന്ന്
അതേസമയം സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണ രംഗത്തിയിരുന്നു. മാധവ് വാഹനം കുറുകെനിർത്തിയതിന് പിന്നാലെ ഗതാഗതതടസ്സമുണ്ടായി. പിറകിലുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ആളുകൾ ബഹളം വെച്ചെന്നും വിനോദ് പറഞ്ഞു. ട്രാക്ക് നോക്കി വണ്ടി ഓടിക്കാനായി ആരോ ബഹളം ഉണ്ടാക്കുന്നത് കേട്ടാണ് ഞാൻ നോക്കിയത്. എന്റെ വാഹനത്തിന്റെ ഡോറോ മറ്റോ തുറന്ന് കിടക്കുന്നു എന്നാണ് ആദ്യം ഞാൻ കരുതിയത്, വിനോദ് കൃഷ്ണ പറഞ്ഞു.
പോലീസ് വന്ന് പഠിപ്പിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് വാഹനം കുറുകെ നിർത്തി. ഗതാഗത തടസ്സം ഉണ്ടായി. എന്റെ വാഹനത്തിന്റെ പുറകെ കിടന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചു. ആളുകൾ ബഹളം ഉണ്ടാക്കിയെന്നും വാഹനം മാറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു. മാധവിനോട് വാഹനം മാറ്റാനും നാണക്കേടാകുമെന്ന് പറഞ്ഞിരുന്നതായും വിനോദ് പ്രതികരിച്ചു. ആദ്യമേ അത് മാധവ് ആണെന്ന് തനിക്ക് മനസ്സിലായെന്നും എന്നാൽ താൻ ആരാണെന്ന് അദ്ദേഹത്തിനോട് പറഞ്ഞില്ല. ആരെയൊക്കെയോ അദ്ദേഹം വിളിക്കുന്നുണ്ടായിരുന്നു. ഞാൻ ഒടുവിൽ പോലീസിനെ വിളിച്ചു. – വിനോദ് കൂട്ടിച്ചേർത്തു.
ALSO READ: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; മുന്നറിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് നടുറോഡിൽ വച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായത്. കാറിന്റെ ബോണറ്റിൽ തട്ടി ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് മാധവ് കോൺഗ്രസ് നേതാവിന്റെ അടുത്തേക്ക് ചെല്ലുന്നത്. കാറിന്റെ ബോണറ്റിൽ ഇടയ്ക്കിടെ കൈകൊണ്ട് ഇടിച്ചായിരുന്നു മാധവ് കാർ തടഞ്ഞത്. ഇതോടെ സ്ഥലത്ത് ആളുകൾ കൂടി.
പ്രശ്നം വഷളായതോടെ സ്ഥലത്ത് പൊലീസ് എത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് ആരോപിച്ചതോടെ പൊലീസ് മാധവിനെ പൊലീസ് ജീപ്പിൽ കയറ്റി. ഈ സമയത്ത് ആരോ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്റ്റേഷനിലേക്ക് എത്തിച്ച ശേഷം പരിശോധനയിൽ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ഇരുകൂട്ടരും സംസാരിച്ച് ധാരണയിൽ എത്തുകയായിരുന്നു. പരാതി ഇല്ലെന്ന് ഇരുവരും അറിയിച്ചതോടെ മാധവിനെയും വിനോദിനെയും പൊലീസ് വിട്ടയച്ചു.
The post ‘വിനോദ് കൃഷ്ണ സാറിനെതിരെ പരാതികളൊന്നുമില്ല,നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്’; പ്രതികരണവുമായി മാധവ് സുരേഷ് appeared first on Express Kerala.