ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഗെയിം നിരോധന ബില്‍ പാസാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്‌പോണ്‍സറും പ്രമുഖ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുമായ ഡ്രീം 11 അവരുടെ മണി ഗെയിമിംഗ് അവസാനിപ്പിച്ചു. കമ്പനിയുടെ വരുമാനത്തിന്‌റെ മൂന്നില്‍ രണ്ടും മണി ഗെയിമിംഗ് വഴിയാണ് ലഭിച്ചിരുന്നത്. ഡ്രീം പിക്‌സല്‍ എന്ന ആപ്പിലെ പേ റ്റു പ്ലേ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ഡ്രീം പ്ലേ ആപ്പും പ്രവര്‍ത്തനരഹിതമായി. പ്രവര്‍ത്തനമായി മുന്നോട്ടു പോകാന്‍ നിയമപരമായ വഴികളടഞ്ഞതോടെ ജീവനക്കാരെ പിരിച്ചുവിടുന്നതായി കമ്പനി പ്രഖ്യാപിച്ചു.
അതേസമയം ഡ്രീം 11, എംപിഎല്‍, പോക്കര്‍ ബാസി തുടങ്ങിയ ഓണ്‍ലൈന്‍ മണി കമ്പനികളുടെ സംഘടനകള്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായെ കണ്ട് ആശങ്ക അറിയിച്ചു. നിരോധനം കടുത്ത സാമ്പത്തിക നഷ്ടത്തിനും തൊഴില്‍ നഷ്ടത്തിനും ഇടയാക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ പ്ലാറ്റ്‌ഫോമുകള്‍ പൂട്ടുന്നതിന്‌റെ ഗുണം വിദേശത്തെ അനധികൃത പ്ലാറ്റ്‌ഫോമുകള്‍ക്കാണെന്ന് അവര്‍ പറയുന്നു. രാജ്യത്ത് 50 കോടി ഓണ്‍ലൈന്‍ ഗെയ്മര്‍മാരുണ്ടെന്നും നേരിട്ടും അല്ലാതെയും 2 ലക്ഷം പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്നുമാണ് പറയപ്പെടുന്നത്.