ന്യൂഡൽഹി: വ്യാപാര തർക്കം രൂക്ഷമായിരിക്കെ കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോർട്ട്. എന്നാൽ ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ച മോദി നാല് തവണയും കോളുകൾ നിരസിച്ചു. ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നാളെ രാവിലെ മുതൽ നിലവിൽ വരികയാണ്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് – മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്.
ജൂൺ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ റിപ്പോർട്ട് ചെയ്തത്. ട്രംപിന്റെ അഭ്യർഥന മാനിച്ചാണ് മോദി ഫോണിൽ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 35 മിനിറ്റ് നേരം ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചാണ് മോദി അന്ന് ട്രംപുമായി സംസാരിച്ചത്.
The post ട്രംപിനോട് മുഖം തിരിച്ച് മോദി; ഒരാഴ്ചക്കിടെ ട്രംപ് വിളിച്ചത് 4 തവണ; കോളുകൾ നിരസിച്ച് പ്രധാനമന്ത്രി appeared first on Express Kerala.