
പ്രവാസം തുടങ്ങിയിട്ട് 2 വർഷം തികയുന്നു. മനസ്സ് വല്ലാതെ ഒരു യാത്രയെ കൊതിച്ചു തുടങ്ങിയിരുന്നു. നാല് ദിവസം പെരുന്നാൾ അവധി ലഭിച്ചപ്പോൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. അസർബൈജാൻ, തുർക്മിനിസ്ഥാൻ, അർമീനിയ തുടങ്ങിയ രാജ്യങ്ങൾ നോക്കിയെങ്കിലും വലിയ വിമാന യാത്രാ നിരക്കായിരുന്നു. അങ്ങനെയാണ് ഒമാൻ കടന്നുവന്നത്. കുടെ കൊണ്ടുപോകാൻ ബന്ധുവിന് വരാൻ പറ്റില്ലെന്ന് അറിയിച്ചപ്പോൾ ഒറ്റക്കാകാം യാത്രയെന്ന് തീരുമാനിച്ചു. അങ്ങനെ ഒമാൻ യാത്രയുടെ വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി സഹപാഠിയായ റാശിദ് ഞാനും വരട്ടെയെന്ന് ചോദിക്കുന്നത്. അവൻ ഖത്തറിലാണ് ജോലി ചെയ്യുന്നത്. അവൻ ദോഹയിൽ നിന്ന് മസ്കത്തിലേക്ക് വിമാനവും ഞാൻ ദുബൈയിൽ നിന്ന് ബസും ബുക്ക് ചെയ്തു. മസ്കത്തിൽ പ്രിയസുഹൃത്തും സഹപാഠിയുമായ സുഹൈലുണ്ടായിരുന്നു.

മസ്കത്തിൽ ആദ്യ ദിവസം തന്നെ കാറെടുത്ത് യാത്രക്ക് തയ്യാറായി. സുഹൃത്തിനെ കൊണ്ടുവരാൻ എയർപോർട്ടിലേക്കായിരുന്നു ആദ്യ യാത്ര. അന്ന് ഉച്ചക്ക് 200 കി.മീറ്റർ അപ്പുറത്തുള്ള വാദി ഷാബിലേക്ക് പുറപ്പെട്ടു. അവിടെയെത്തുമ്പോൾ സമയം വൈകീട്ട് 5.20 ആയിട്ടുണ്ട്. പ്രവേശന കവാടത്തിലെ ആൾ സമയം കഴിഞ്ഞെന്ന് പറഞ്ഞു. 2-3 മണിക്കൂർ മിനിമം മാറ്റിവെക്കാൻ കഴിയുമെങ്കിലേ ആ സ്ഥലം ആസ്വദിക്കാൻ പറ്റൂവെന്ന് അയാൾ പറഞ്ഞു. നിരശെയോടെ അവിടെനിന്ന് മടങ്ങേണ്ടിവന്നു. വഴിയിൽ ബമ്മാ സിൻക് ഹോൾ സന്ദർശിച്ചു. പണ്ടെപ്പോഴോ കടൽക്കരയിൽ ഉൾക്ക പതിച്ച് ഉണ്ടായ വലിയ ഗർത്തമാണിതെന്ന പഴങ്കഥ വിശ്വസിക്കാൻ വകയുണ്ട്. ഉപ്പ് വെള്ളം കൊണ്ടുള്ള വലിയ കുളത്തിന് ചുറ്റിലും പാർക്ക് സംവിധാനിച്ചിരിക്കുന്നു. പിന്നീട് രാത്രി നേരെ തിരിച്ചത് മസ്കത്തിലെ മത്ര സൂഖിലേക്കാണ്. നാളെ പെരുന്നാൾ ആണ്. നേരത്തേ ആലോചിച്ചുവെച്ച പോലെ ഒമാനി കന്ദൂറ വാങ്ങിക്കണം. സൂഖിലെ കടയിൽ നിന്ന് രണ്ട് സെറ്റ് വാങ്ങി തിരിച്ച് താമസ സ്ഥലത്തേക്ക് തിരിച്ചു. മത്ര കോർണിഷ് വൈകുന്നേരം ആസ്വദിക്കാൻ സാധിച്ചില്ല എന്നൊരു വിഷമം ബാക്കി.
പെരുന്നാളിന് പുതുവസ്ത്രത്തിൽ ഞങ്ങൾ അടുത്തുള്ള മലയാളി ഈദ് ഗാഹിൽ നമസ്കാരം നിർവ്വഹിച്ചു. ഞങ്ങൾ രണ്ട് പേര് മാത്രമാണ് ഒമാനി വസ്ത്രത്തിലുണ്ടായിരുന്നത്. ശേഷം സുഹൈലിന്റെ വില്ലയിലേക്ക്. സ്നേഹത്തോടെ അവന്റെ അമ്മായി വിളമ്പിത്തന്ന പ്രാതൽ കഴിച്ചു. പെരുന്നാൾ ഒത്തുകൂടലിന് വാദിയിലേക്ക് പോകാമെന്ന് തീരുമാനിച്ചു. ഒരു ഡാമിന്റെ അടുത്ത് ഉള്ള വാദി, ഇറങ്ങി കുളിച്ചു, സുഖം!

കുളിച്ചിറങ്ങി വണ്ടിയിൽ ഇരുന്ന് തള്ളി തള്ളി മസ്കത്തിൽ എത്തി. പെരുന്നാൾ രാത്രി ഭക്ഷണം മലയാളി ഹോട്ടലിലാക്കി. ഭക്ഷണ ചിലവ് ദുബൈ പോലെ തന്നെയാണ് തോന്നിയത്. രാത്രി ഏറെ വൈകിയാണ് കിടന്നത്. അടുത്ത ദിവസം രാവിലെ തന്നെ ഇറങ്ങി. താപനില ആശ്വാസകരമാണെന്ന് സുഹൈൽ പറഞ്ഞു. എങ്കിലും 36 ഡിഗ്രി ഒക്കെ അടുത്തിരുന്നു. നിസ്വ ഫോർട്ട്, ചേർന്ന് കിടക്കുന്ന നിസ്വ സൂഖ് എന്നിവിടങ്ങളിലേക്കാണ് യാത്ര. രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് സ്ഥലത്തെത്തി. പുരാതനമായ ഒരു ഫോർട്ട് പരിസരം. വിശാലമായ പാർക്കിങ് സൗകര്യം സംവിധാനിച്ചിട്ടുണ്ട്. പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടയാണ് എന്ന് പറയപ്പെടുന്നു. നിസ്വ സൂഖില ചന്ത പ്രശ്സ്തമാണ്. വ്യത്യസ്തമായ അനുഭൂതി പകരുന്ന പള്ളിയായിരുന്നു അവിടെയുണ്ടായിരുന്നത്. അവിടുത്തെ ഈത്തപ്പഴ മാർക്കറ്റിലും ഹൽവ മാർക്കറ്റിലും കയറി രുചിച്ച് നോക്കി. ശേഷം ചന്തയിലേക്ക് ഇറങ്ങി. നാടൻ ചന്തക്ക് സമാനമായ രീതിയിൽ നിലത്ത് പായ വിരിച്ച് സാധനങ്ങൾ വിൽക്കുന്ന തനി ഒമാനികൾ. വെള്ള കന്ദൂറയും ഒമാനി തൊപ്പിയും അണിഞ്ഞ് അന്തസ്സായി കച്ചവടം ചെയ്യുന്ന മനുഷ്യർ. വേറെ സ്ഥലങ്ങളിൽ കാണാൻ സാധിക്കാത്ത കാഴ്ചയാണിത്. ചൂടകറ്റാൻ കരിമ്പ് ജ്യൂസ് കുടിച്ചു. നാടൻ സൂഖ് കാഴ്ചകൾ കഴിഞ്ഞ് തിരിച്ചത് ഇതിലേറെ നനവുള്ള സ്ഥലത്തേക്കാണ്, മിസ്ഫ അൽ അബ്രിഈനിലേക്ക്. നിസ്വ ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ സമ്പുഷ്ടമായ തോട്ടങ്ങളുള്ള ഒരു ഗ്രാമമാണിത്. ചെറിയ ചുരം കയറി മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ചൂടിൽ നേരിയ ആശ്വാസം ലഭിച്ചു. വഴിയരികിൽ വ്യൂ പോയിന്റ് ആസ്വദിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. മലയോരത്ത് വരയാടുകളെ കണ്ടത് ആകാംക്ഷ വർധിപ്പിച്ചു. സ്ഥലത്തെത്തി പാർക്ക് ചെയ്ത് നടന്നുതുടങ്ങി. വലിയ പാറയിടുക്കുകൾ കാണാം, താഴ്ഭാഗത്ത് അരുവി ഒഴുകുന്നു. ഓൾഡ് വില്ലേജിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ നോട്ടീസ് ശ്രദ്ധിച്ചു; പ്രായം ചെന്ന ഗ്രാമത്തിലെ കെട്ടിടങ്ങൾ 2010ൽ പുതുക്കി പണിത് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയതാണ്. പടികൾ ഇറങ്ങിപ്പോകുമ്പോൾ ഇളം കാറ്റ് തലോടി, നല്ല ഫോട്ടോകൾ എടുക്കാൻ മറന്നില്ല.
ഇറക്കം ചെന്ന്ചെന്ന് ഇപ്പൊ ഒരു പുഴ കാണാം. ചുറ്റിലും നല്ല പച്ചപ്പ്. ഈന്തപ്പന കൊണ്ട് സമൃദ്ധം. പ്രവാചക കഥകളിൽ പറയുന്ന തോട്ടങ്ങളെ അനുസ്മരിക്കുന്ന തോട്ടം. നടന്ന് നീങ്ങവെ പൂത്ത് കായ്ച്ചു നിൽക്കുന്ന അനാർ, കുലച്ചിരിക്കുന്ന വാഴകൾ, നാരങ്ങ മരം അങ്ങനെ പലതും.. മാവിൽ പൂത്ത് നിൽക്കുന്ന മാമ്പഴം കണ്ടാൽ ആരാണ് ഒരു കല്ലെറിഞ്ഞു നോക്കാത്തത്? എറിഞ്ഞു, നാലെണ്ണം വീഴ്ത്തി, കഴുകി കഴിച്ചു. പിന്നീടാണ് അറിഞ്ഞത് അത് മുഴുവൻ സ്വകാര്യ തോട്ടം ആയിരുന്നുവെന്ന്. പക്ഷേ അത് വഴി പോകുന്ന ഒമാനികൾ ഒന്നുമേ പറഞ്ഞില്ല.
അവസാന ദിവസം ആദ്യദിവസം പേകാൻ പറ്റാതിരുന്ന വാദി ഷാബിലേക്ക് രാവിലെ തന്നെ ഇറങ്ങി. പോകുന്ന വഴിയേ സുൽത്താൻ ഖബൂസ് മസ്ജിദ് കണ്ടിറങ്ങി. വാദി ഷാബ് ഉച്ച കഴിഞ്ഞെത്തി. നല്ല സമയമായിരുന്നു, പ്രതീക്ഷിച്ച ചൂട് ഉണ്ടായില്ല. പോകുന്നത് ഒരു പുഴയിലേക്കാണെന്ന് പറയാം. ഞാനൊഴിച്ച് രണ്ട് പേർക്കും ജാക്കറ്റ് വാങ്ങി. ആകാശം മുട്ടുന്ന കവാടം കണക്കെ ആയിരുന്നു മുകളിൽ നോക്കിയാൽ കാണാൻ പറ്റിയത്. തീരത്ത് ഏറ്റവും അടുത്തായി ഇത്രയും വലിയ പർവ്വതം കണ്ടിട്ടില്ല. പർവ്വതം രണ്ടായി പിളർന്ന പോലത്തെ ഒരു ലാൻഡ്സ്കേപ്പ്. ഞങ്ങൾ നടന്ന് തുടങ്ങി. മണലിൽ കുറച്ച് നടന്നതിന് ശേഷം, തോട്ടങ്ങളിലൂടെ കയറിയിറങ്ങി. കണ്ണെടുക്കാൻ പറ്റാത്തത്ര ഭംഗിയാണ് ആ സ്ഥലത്തെ കാഴ്ചകൾ. വലിയ പാറക്കെട്ടുകൾക്കിടയിലൂടെ കുറച്ച് കൂടി നടന്ന് എല്ലാവരും കുളിക്കുന്ന സ്ഥലത്തെത്തി. പക്ഷേ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലം ഇതിനും മുകളിലായിരുന്നു. ചോദിച്ചപ്പോൾ വെള്ളത്തിലൂടെ കടന്ന് ചെല്ലണം. വേറെ വഴിയില്ല എന്നും പറഞ്ഞു. ഞാൻ കുറച്ച് മുകളിലേക്ക് നടന്നു നോക്കി, വേറെ ഒരു സംഘം തിരിച്ച് കയറുന്നത് കണ്ടു. അവരെ വിളിച്ച് വഴിയിലൂടെ പോയി. കൂട്ടത്തിൽ അറബി അറിയാവുന്ന സുഹൈൽ സംസാരിച്ച് വഴി ചോദിച്ച് അറിഞ്ഞു. വഴിയേ കോൺക്രീറ്റ് കൊണ്ട് പാകിയ സ്റ്റെപ്പ് കാണാം. പതിയെ താഴെ എത്തി പാറകൾ കടന്ന് വെള്ളക്കെട്ടിലെത്തി. പർവ്വതത്തിന്റെ മുകളിൽ നിന്ന് ആയത് കൊണ്ടാവാം, വെള്ളം ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു. വെള്ളച്ചാട്ടം കേൾക്കുന്ന സ്ഥലത്തേക്ക് പോകാനൊരുങ്ങി. 30 അടിയേക്കാൾ ഉയരത്തിൽ നിന്ന് ധൈര്യം സംഭരിച്ച് ചാടി.
പാറ തിരിച്ച് കയറാൻ വള്ളി കെട്ടി വെച്ചിട്ടുണ്ട്, അതിൽ പിടിച്ച് കയറി. താഴെ ഒരു തുരങ്കം കാണാൻ പറ്റുന്നുണ്ട്. ഇടുക്കം ചെല്ലുംതോറും പ്രകാശം കുറയുന്നുണ്ട്. ശേഷം കണ്ടത് ജീവിതത്തിൽ ഇന്നേവരെ കാണാത്ത മായാജാലം കണക്കെയുള്ള കാഴ്ച. പാറ കൊണ്ട് ഇടുങ്ങിയ ഇടനാഴിയിൽ തല മാത്രം നീക്കി പോകുന്ന സമയം, അടിയിൽ നിന്ന് വെള്ളം ഒരു മേഘം പോലെ തിളങ്ങുന്നു, അതിന്റെ ചിത്രം എടുക്കാൻ സാധിച്ചില്ല. ഒമാനിലെ കാണേണ്ട ഒരു കിടിലൻ സ്പോട്ട് ആണിതെന്ന് നിസ്സംശയം പറയാം.