കേളകം: മഴ ശമിച്ചതോടെ മഞ്ഞണിഞ്ഞ പാലുകാച്ചി മലയിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. മഞ്ഞണിഞ്ഞ മാമലകളിൽ കുളിരുതേടി പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്കാണ് സഞ്ചാരികൾ കൂട്ടമായെത്തുന്നത്. കാടും മലയും താണ്ടി ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊർജിതമായി പുനരാരംഭിച്ചതായി കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
യാത്രകൾക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽനിന്നാണ് തുടങ്ങുന്നത്. കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള പാതയിലെ വള്ളിപ്പടർപ്പുകളും കൂറ്റൻ മരങ്ങളും തട്ടുതട്ടായ ഭൂപ്രകൃതിയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.