മാനന്തവാടി: സാഹസിക സഞ്ചാരികളെ മാടിവിളിച്ച് മുത്തുമാരികുന്ന്. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി മുത്തുമാരിയാണ് സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകൾ സമ്മാനിക്കുന്നത്. വനത്തോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പ്രദേശം. തൃശ്ശിലേരി പള്ളിക്കവലയിൽ നിന്ന് ഏകദേശം രണ്ടര കി.മീ. ദൂരത്തിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
പകുതിയോളം റോഡ് ടാറിങ് നടത്തിയിട്ടുണ്ട്. ബാക്കി ഭാഗം മണ്ണ് റോഡാണ്. ഫോർ വീൽ വാഹനങ്ങൾക്ക് മാത്രമേ കുന്നിൻ മുകളിൽ എത്താനാകൂ. കുന്നിന്റെ മറുഭാഗം ബ്രഹ്മഗിരി കുന്നുകളാണ്. കുന്നിന്റെ ഏറ്റവും ഉയരത്തിൽ നിന്ന് തൃശ്ശിലേരിയിലെ നെൽപാടങ്ങളുടെയും മാനന്തവാടിയുടെ പ്രാന്തപ്രദേശങ്ങളുടെ കാഴ്ചയും അതി മനോഹരമാണ്. റീൽസ് ചിത്രീകരിക്കാൻ നിരവധി പേരാണ് ഇവിടെ ദിനംപ്രതി എത്തുന്നത്. ആനശല്യം മാത്രമാണ് സഞ്ചാരികളുടെ മുന്നിലെ പ്രധാന വെല്ലുവിളി.