ജോലിക്ക് കയറിയ ശേഷം വെള്ളിയാഴ്ചകളിലാണ് അവധി കിട്ടാറുള്ളത്. അത് സ്ഥിരം അവധിയാണ്. ആവശ്യഘട്ടങ്ങളിൽ ക്യാഷുവൽ ലീവോ സി.ഓ ലീവോ എടുത്തിട്ടാണ് വീട്ടിൽ പോകാറുള്ളത്. അല്ലാത്ത സമയങ്ങളിൽ വ്യാഴ്ച പോയി ശനിയാഴ്ച തിരിച്ചെത്തും. കഴിഞ്ഞ ആഴ്ച വീട്ടിൽ നിന്നും വന്നപ്പോൾ ഇനി രണ്ടാഴ്ച കഴിഞ്ഞേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ഇൻസ്റ്റാഗ്രാം ഫീഡിൽ തഞ്ചാവൂർ പെരിയ കോവിലിന്റെ റീലുകൾ കറങ്ങുന്നുണ്ടായിരുന്നു.
തൊട്ടടുത്തുള്ള സംസ്ഥാനം. പോയി വരുന്നതിന് വലിയ ചെലവോ ദിവസങ്ങളോ വേണ്ട. എന്നും ട്രെയിൻ സർവീസുകളുണ്ട്.ചോഴ രാജാക്കന്മാർ പണികഴിപ്പിച്ച ഇത്തരം ക്ഷേത്രങ്ങൾ അടുത്തുള്ളപ്പോൾ സുൽത്താനേറ്റുകളുടെ സ്മാരക നിർമിതികൾ കാണാൻ പോകുന്നതിൽ എനിക്കത്ര താൽപര്യം തോന്നിയില്ല. തഞ്ചാവൂരിലേക്ക് പോകുന്ന വഴിയാണ് തിരുച്ചിറപ്പള്ളി ശ്രീരംഗത്തുള്ള പ്രശസ്തമായ ‘ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം’ സ്ഥിതിചെയ്യുന്നത്. 156 ഏക്കറിൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്റെ ഗോപുരങ്ങൾക്ക് ഡൽഹി ഗേറ്റിനെക്കാൾ വലുപ്പമുണ്ട്. എന്നാൽ പിന്നെ ഈ രണ്ട് പൈതൃക പ്രദേശങ്ങളും ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
വ്യാഴാഴ്ച ഡ്യൂട്ടിയും കഴിഞ്ഞ് റൂമിൽ ചെന്ന് കുറച്ചുനേരം ഉറങ്ങി വൈകുന്നേരം കോയമ്പത്തൂരിലേക്ക് ട്രെയിൻ പിടിക്കാം എന്ന് വിചാരിച്ചു. രാത്രിയിൽ കോഴിക്കോട് നിന്നും പുറപ്പെട്ട രാവിലെ ട്രിച്ചി എത്തുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്തു. ട്രെയിനുകൾ ദിവസവും സർവീസ് നടത്തുന്നുണ്ടെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ ഒരു ട്രെയിനിലും സ്ലീപ്പർ ടിക്കറ്റ് ഇല്ല. പിന്നെ കോയമ്പത്തൂരിൽ നിന്നും രാത്രി 12.30ന് എടുക്കുന്ന ചെന്മൊഴി എക്സ്പ്രസ്സിൽ ഒരു സ്ലീപ്പർ ടിക്കറ്റ് എടുത്തു. ചെന്മൊഴി എക്സ്പ്രസ്സ് കിട്ടണമെങ്കിൽ ബാംഗ്ലൂരിലേക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസ്സിൽ കയറണം. പക്ഷേ ആ ട്രെയിനിൻറെ ജനറൽ കോച്ചിൽ ഇതിന് മുമ്പ് യാത്ര ചെയ്തതുകൊണ്ട് റിസ്ക് എടുക്കാൻ നിന്നില്ല. കോഴിക്കോട് നിന്ന് ഷൊർണ്ണൂർ വരെ പൂനെ എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ കയറി. അവിടുന്ന് ബസിൽ ഒറ്റപ്പാലത്തേക്ക്. വൈകുന്നേരം ചായ കുടിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നു. ഒറ്റപ്പാലം എത്തിയതും ഒരു തട്ടുകടയിൽ കയറി ദോശ കഴിച്ചു.
കോഴിക്കോട് ഭാഗത്തൊക്കെ തട്ടുദോശകൾ സുലഭമായി ലഭിക്കുന്നതിനാൽ അത് പ്രതീക്ഷിച്ച് ഓർഡർ ചെയ്ത എനിക്ക് മസാല ദോശയുടെ വലിപ്പമുള്ള രണ്ടു ദോശയാണ് കിട്ടിയത്. വലിയ ദോശ കിട്ടിയതിൽ അത്ഭുതവും പൈസ കൂടുതൽ കൊടുക്കേണ്ടി വരുമെന്ന് വിചാരിച്ച് നിരാശയും തോന്നി. എന്തായാലും ദോശ വന്നു. കൂടെ ഒരു ചായയും. കഴിച്ചു കഴിഞ്ഞ് പൈസ എത്രയായി എന്ന് ചോദിച്ച എനിക്ക് വീണ്ടും അത്ഭുതം. എല്ലാം കൂടെ 40 രൂപ മാത്രം! അങ്ങനെ പൈസയും കൊടുത്ത് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും കോയമ്പത്തൂരിലേക്ക് ഞാൻ ട്രെയിൻ കയറി.

കന്യാകുമാരി കെ.എസ്.ആർ ബാംഗ്ലൂർ എക്സ്പ്രസിനാണ് ടിക്കറ്റ് എടുത്തത്. യശ്വന്ത്പൂർ എക്സ്പ്രസിന്റെ ജനറൽ കോച്ചിനുള്ള തിരക്കാണ് ഈ ട്രെയിനിനും പ്രതീക്ഷിച്ചത്. എന്നാൽ വലിയ തിരക്കൊന്നുമില്ല. കയറിയ ഉടനെ സീറ്റ് കിട്ടി. പിന്നെ നേരെ കോയമ്പത്തൂരിലേക്ക്. 11.10 ഒക്കെ ആയപ്പോഴേക്കും കോയമ്പത്തൂർ എത്തി. ചെന്മൊഴി എക്സ്പ്രസ് 12.30ന് ആണ്. ഒന്ന് പുറത്തൊക്കെ ഇറങ്ങി ഒരു ചായ കുടിച്ചു. തമിഴ്നാട്ടിലെ മധുരമില്ലാത്ത ചായ വളരെ കടുപ്പമാണ്. പിന്നെ അതും കുടിച്ച് പ്ലാറ്റ്ഫോമിലേക്ക് പോയി. ട്രെയിൻ അവിടെ കിടപ്പുണ്ടായിരുന്നു. കോയമ്പത്തൂർ മയിലാടി ദുരൈ എക്സ്പ്രസ് ട്രെയിൻ. ട്രെയിനിൽ കയറി ബർത്ത് പിടിച്ചു. ഫോൺ ചാർജിൽ ഇട്ടു. പിന്നെ നേരെ കയറി കിടന്ന് ഉറങ്ങി.
കൃത്യം 4.30ന് തന്നെ ട്രെയിൻ ട്രിച്ചി എത്തി. അതും പറഞ്ഞതിൽ 15 മിനിറ്റ് മുന്നേ. ട്രെയിനിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് മുഖം ഒന്ന് കഴുകി. ബാഗും എടുത്ത് പ്ലാറ്റ്ഫോമിൽ ഇറങ്ങി. പിന്നെ വെയ്റ്റിങ് റൂമിൽ കയറി ഒരു മണിക്കൂർ ഇരുന്നു. ആറ് മണിക്ക് പുറത്തേക്ക് ഇറങ്ങി ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് ബസ് പിടിക്കാമെന്ന് വിചാരിച്ചു. നേരം വെളുക്കുന്നത് കൊണ്ട് അധികം ബസുകളൊന്നും ഇല്ല. ഉള്ള ബസിൽ ആണെങ്കിൽ കണ്ടക്ടറെയും കാണുന്നില്ല. ഗൂഗ്ൾ ലെൻസിന്റെ ഉപയോഗം അപ്പോഴാണ് ശരിക്കും മനസിലായത്. അത് ഓപ്പൺ ചെയ്ത് ഭാഷ ഒന്ന് പരിഭാഷ ചെയ്തു. ആദ്യം തന്നെ കണ്ടത് ശ്രീരംഗം എന്ന പേര്. പിന്നെ അതിൽ തന്നെ കയറി ഇരുന്നു. തമിഴ്നാട്ടിൽ ബസുകൾക്ക് മിനിമം ചാർജ് അഞ്ച് രൂപയാണ്. അതിനി സ്വകാര്യ ബസുകൾക്കാണോ എന്ന് അറിഞ്ഞൂടാ. 11 രൂപയുടെ ടിക്കറ്റും എടുത്ത് ഞാൻ സീറ്റിൽ കയറി ഇരുന്നു.
ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം
6.30 ആയപ്പോഴേക്കും ക്ഷേത്രത്തിന്റെ പുറത്ത് ബസ് എത്തി. ബസിൽ നിന്നും ഇറങ്ങി ചായ കുടിക്കാം എന്ന് തീരുമാനിച്ചു. തൊട്ടടുത്ത കടയിൽ ചെന്നപ്പോൾ ഫിൽറ്റർ കോഫി ഉണ്ടെന്ന് കടക്കാരൻ പറഞ്ഞു. ഇതുവരെ കുടിച്ചിട്ടില്ലാത്തതിനാൽ മധുരമില്ലാതെ ഒരു ഫിൽറ്റർ കോഫി വാങ്ങി. കോഫി കുടിച്ചപ്പോൾ ഇൻസ്റ്റന്റ് എനർജി കിട്ടി. പക്ഷേ മധുരമില്ലാത്തതിനാൽ കുറച്ച് വിഷമിച്ചാണ് അത് കുടിച്ചു തീർത്തത്. ചായ കടയിൽ നിന്നും നോക്കുമ്പോൾ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ ആദ്യത്തെ ഗോപുരം കാണാം. ഈ ഗോപുരത്തിന് ഇന്ത്യ ഗേറ്റിനേക്കാൾ വലുപ്പമുണ്ട്.

ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം
ആദ്യ ഗോപുരം കടന്ന് അകത്തേക്ക് ചെന്നപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത് കല്ലുകളിൽ കൊത്തുപണികളാൽ തീർത്ത ചിത്രങ്ങളായിരുന്നു. അതും കടന്ന് ഉള്ളിലേക്ക് ചെന്നപ്പോൾ നിറയെ പൂക്കടകൾ. വിഷ്ണു പ്രതിഷ്ഠക്ക് അർച്ചന നടത്താൻ ഭക്ത ജനങ്ങൾ മിക്കവരും ഈ പൂക്കൾ വാങ്ങിക്കുന്നുണ്ട്. പച്ച നിറത്തിലുള്ള ഒരിലയും വെള്ളയും റോസും നിറത്തിലുമുള്ള ആമ്പൽ പൂക്കളുമാണ് അധികവും. തലയിൽ ചൂടാനായി മുല്ലപ്പൂവും ഭക്തർ വാങ്ങുന്നുണ്ട്.

പിന്നീട് രണ്ടാമത്തെ ഗോപുരം കടന്നെത്തുന്നത് ഒരു മാർക്കറ്റിലേക്കെന്ന പോലെയാണ്. കളിപ്പാട്ടങ്ങളുടെയും പൂജ സാധങ്ങളുടെയും കടകൾ. ഇതിനിടയിൽ ‘ഹൈ ക്ലാസ് വെജ്’ എന്ന പേരിൽ ഒരു ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. ഇതിനോട് ചേർന്ന് കൈകളിൽ ധരിക്കുന്ന പലതരത്തിലുള്ള വർണ ചരടുകൾ വിൽക്കുന്ന ഒരു ഉന്തുവണ്ടിക്കട. പല സ്ഥലങ്ങളിൽ നിന്ന് വരുന്ന ഭക്തർ ആദ്യ ഗോപുരം മുതൽ വിഷ്ണുവിനെ വണങ്ങി കൊണ്ടാണ് മുന്നോട്ട് പോകുന്നത്. മൂന്നാം ഗോപുരത്തിന്റെ മുമ്പിലായി ഒരു കുട്ടി ആന ഭക്തരെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ട്. ഈ ഭക്തർ നൽകുന്ന കാണിക്കയും സ്വീകരിച്ച് അനുഗ്രഹം നൽകിയാണ് ക്ഷേത്രത്തിലേക്ക് വിടുന്നത്. മൂന്നാം ഗോപുരം മുതലാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടം. പുറത്ത് 10 രൂപ കൊടുത്താൽ ചെരുപ്പും ഷൂസും സുരക്ഷിതമായി സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം സംവിധാനമുണ്ട്. അവിടെ ഷൂ ഏൽപ്പിച്ച് നേരെ മഹാവിഷ്ണുവിന്റെ പേരിൽ അറിയപ്പെടുന്ന ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ ഉള്ളിലേക്ക്.

മൂന്നാം ഗോപുരം കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഇരു വശങ്ങളിലുമായി പ്രതിഷ്ഠകൾ കാണാൻ സാധിക്കും. തിരക്ക് ആവുന്നതിലും മുമ്പ് ക്ഷേത്രത്തിൽ എത്തിയത് കൊണ്ടാകാം ഗോപുരം കടന്ന് അകത്തേക്ക് പ്രവേശിപ്പോൾ വളരെ സമാധാനപൂർവമായ അന്തരീക്ഷം. ഉള്ളിലേക്ക് കയറുന്നതിനനുസരിച്ച് പല ഗോപുരങ്ങൾ. അതിനിടയിലൂടെ സഞ്ചാരിച്ചാൽ ഏറ്റവും പുറത്തുള്ള ഗോപുരത്തിന്റെ അടുത്ത് എത്താം. മൂന്നാം ഗോപുരത്തിൽ നിന്നും ഇടത്തേക്കും വലത്തേക്കുമായി രണ്ട് വഴികളുണ്ട്. ഈ വഴിയിലൂടെയും അവസാനത്തെ ഗോപുരത്തിൽ എത്താം. മൂന്നാം ഗോപുരത്തിന്റെ രണ്ട് വശങ്ങളിലുമായി ‘കൃഷ്ണ ക്ഷേത്രം’ കാണാൻ സാധിക്കും. ഈ അമ്പലത്തിൽ വ്യത്യസ്ത തരത്തിലുള്ള ദൈവ വിഗ്രഹങ്ങളും പ്രതിഷ്ഠകളുമുണ്ട്. ഇതിനെല്ലാം തന്നെ വ്യത്യസ്തരായ പൂജാരിമാരും ഉണ്ട്. ഇവരാണ് നട തുറക്കുന്നതും അടക്കുന്നതും. പ്രതിഷ്ഠയുടെ പേര് വിളിച്ചു പറഞ്ഞു ഭക്തരെ തൊഴാനായി ഈ പൂജാരിമാർ ക്ഷണിക്കും. പ്രാർത്ഥന കഴിഞ്ഞ് പ്രസാധവും വാങ്ങി മടങ്ങുന്ന വഴി കാണിക്ക സമർപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്.

മൂന്നാം ഗോപുരം കഴിഞ്ഞ് ഇടത്തേക്ക് പോയാൽ വിശാലമായ ക്ഷേത്ര മതിൽ കാണാം. അതിനോട് ചേർന്ന് മറ്റൊരു പ്രതിഷ്ഠയും ആനകൾ വിശ്രമിക്കുന്ന സ്ഥലവും. അവിടെ നിന്നും മുന്നോട്ട് പോയാൽ ഇടതു വശത്തായി ഒരു കഥകളി മണ്ഡപമുണ്ട്. ആ വഴി നേരെ പോയാലും വടക്കുള്ള അവസാനത്തെ ഗോപുരത്തിന്റെ അടുത്ത് എത്താം. മൂന്നാം ഗോപുരത്തിൽ നിന്ന് വലത്തോട്ട് പോയാൽ ക്ഷേത്ര കമ്മിറ്റിയുടെ ഓഫീസാണ് ആദ്യം കാണുന്നത്. അതിനോട് ചേർന്ന് ചെറിയ മ്യൂസിയം, ലൈബ്രറി എന്നിവയുമുണ്ട്. അവിടെ നിന്ന് കുറച്ചുമാറി ആദ്യം കാണുന്നത് ‘ശേഷരി റാവു ക്ഷേത്ര’മാണ്. ക്ഷേത്രത്തിൽ നിന്നും പുറത്തേക്കിറങ്ങിയാൽ വിശാലമായ നടുമുറ്റം. ഇറങ്ങുന്ന ഭാഗത്ത് ചെറിയൊരു മണ്ഡപവും ഉണ്ട്. നേരെ മുമ്പിൽ പ്രശസ്തമായ ‘1000 തൂണുകളുള്ള മണ്ഡപം’. ഇതിന്റെ ഇടത്തേ വശത്തായി ‘ദൻവാന്ത്രി പ്രതിഷ്ഠ’.

ക്ഷേത്ര കുളം
അതിനോട് ചേർന്ന് ഒരു കുളം. കുളത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. കുളത്തിനടുത്ത് നിന്ന് പുറത്തേക്കിറങ്ങിയാൽ എത്തുന്നത് വടക്കുള്ള അവസാനത്തെ ഗോപുരത്തിലാണ്. ഷൂ നേരത്തെ ക്ലോക്ക് റൂമിൽ ഏൽപ്പിച്ചിരുന്നതിനാൽ വീണ്ടും തിരിച്ച് മൂന്നാമത്തെ ഗോപുരത്തിലേക്ക് പോയി. ഇവിടെ എത്തിയപ്പോഴേക്കും പ്രധാന പൂജയുടെ പരിപാടികൾക്ക് തുടക്കമായി. പൂജാരിമാരെല്ലാം കുടത്തിൽ വെള്ളവുമായി വിഷ്ണു പ്രതിഷ്ടക്കരികിലേക്ക് നടക്കുന്നുണ്ടായിരുന്നു. ഇവർക്ക് പിന്നിലായി ഒരു ആനയും. അപ്പോഴേക്കും സമയം ഏകദേശം പത്ത് മണിയോട് അടുത്തിരുന്നു. തഞ്ചാവുരിലേക്കുള്ള ട്രെയിൻ ഉച്ചക്ക് 1.10 നാണ്. സമയം ആവിശ്യത്തിലധികം ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കുറച്ച് മാറിയുള്ള ഒരു കടയിൽ കയറി പ്രാതൽ കഴിച്ചു. ദോശ, വട, ചായ. നാട്ടിൽ മഴ ആണെങ്കിലും ട്രിച്ചിയിൽ മഴ ഇല്ല. എന്നാൽ അസഹനീയമായ വെയിലും ഇല്ലാത്തതിനാൽ യാത്രക്ക് അത്ര ബുദ്ധിമുട്ട് നേരിട്ടില്ല. എന്നാലും വെള്ളം നല്ലപോലെ കുടിച്ചു.
പ്രാതൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇനിയും സമയം ഒരുപാട് ബാക്കി. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സുഹൃത്തിനെ വിളിച്ചു. അവർ ഇന്റേൺഷിപ്പ് ചെയ്തിരുന്നത് ട്രിച്ചിയിലായിരുന്നു. ഈ സമയം കൊണ്ട് എത്തിച്ചേരാൻ പറ്റിയ മറ്റൊരു ക്ഷേത്രവും സുഹൃത്ത് പറഞ്ഞു തന്നു. തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ആയിരുന്നതിനാൽ ഏഴ് രൂപ ബസ് ടിക്കറ്റിൽ അടുത്ത ക്ഷേത്രത്തിലേക്ക് ബസ് കയറി. ഇത്തവണ കണ്ടക്ടറെ കണ്ടതുകൊണ്ട് ഗൂഗ്ൾ ലെൻസിന്റെ ആവശ്യം വന്നില്ല.
റോക്ക് ഫോർട്ട് ക്ഷേത്രം അഥവാ ‘മലൈ കോട്ടൈ കോവിൽ’
തമിഴ്നാട്ടിലെ സ്വകാര്യ ബസുകളിലെ യാത്രകൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. ഉച്ചത്തിൽ വെച്ച തമിഴ് പാട്ടുകളും ആ സൗണ്ടിനെ മറികടക്കുന്നതിലും ഉച്ചത്തിൽ കണ്ടക്ടറുടെ സംസാരവും ആളുകളുടെ സൗഹൃദ സംഭാഷണവും ബസ് യാത്രയെ വളരെ വ്യത്യസ്തമാക്കുന്നുണ്ട്. ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നും ട്രിച്ചി നഗരത്തിലേക്കുള്ള വഴിയിലാണ് റോക്ക് ഫോർട്ട് ക്ഷേത്രം. ബസിൽ കയറി കണ്ടക്ടറോട് സ്ഥലം എത്തുമ്പോൾ ഒന്ന് പറയണമെന്ന് ഓർമിപ്പിച്ചു. അദ്ദേഹം തിരക്കിലായതിനാൽ സഹയാത്രക്കാരനോടും ഇതേ കാര്യം പറഞ്ഞു. അദ്ദേഹം അത് അക്ഷരം പ്രതി കേട്ടമട്ടിൽ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ എന്നെ ഇറക്കി വിട്ടു.

പുറത്തിറങ്ങിയപ്പോൾ ക്ഷേത്രത്തിലേക്കായിട്ടുള്ള പ്രത്യേക വഴി ഒന്നും ഇല്ല. അടുത്തുള്ള കടയിൽ പോയി കാര്യം അന്വേഷിച്ചപ്പോൾ അയാൾ ഒരു മാർക്കറ്റിലേക്കുള്ള വഴി കാണിച്ചു. അതുവഴി നീങ്ങിയപ്പോൾ ഇടതു വശത്തോട് ചേർന്ന് വലിയൊരു കുളം കണ്ടു. തമിഴ്നാട്ടിൽ ക്ഷേത്രങ്ങളോട് അടുത്തായി കുളങ്ങൾ കാണാൻ സാധിക്കും. അങ്ങനെ മുന്നോട്ട് പോയപ്പോഴും ക്ഷേത്രത്തിലേക്കുള്ള വഴി കാണുന്നില്ല. മാപ്പ് ഇട്ടുനോക്കിയപ്പോൾ അതിൽ വേറെ പല വഴികളും കാണിക്കുന്നുണ്ട്. ആകെ കൺഫ്യൂഷനിൽ നിന്നപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാരനോട് ചോദിച്ചു. അദ്ദേഹം കൃത്യമായി വഴി പറഞ്ഞു തന്നു. സത്യത്തിൽ രണ്ട് കടകളുടെ ഇടയിലൂടെയുള്ള ഒരു വഴിയാണ് ക്ഷേത്രത്തിലേക്ക്.
ആ ഇടവഴിയിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഇതൊരു ശിവ ക്ഷേത്രമാണ്. ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലെ പോലെ ചെരുപ്പുകൾ സൂക്ഷിക്കാൻ ഇവിടെയും ക്ലോക്ക് റൂം ഉണ്ട്. പക്ഷേ അവിടെ ഒരു നിശ്ചിത പണം എന്ന രീതിയല്ല. നമ്മൾ എന്ത് നൽകുന്നുവോ അതാണ് അവിടുത്തെ ഫീസ്. കൈയിലെ വെള്ളം കഴിഞ്ഞതിനാൽ ഒരു കുപ്പി വെള്ളം വാങ്ങി ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രധാനമായും ആനകളെ കാണാൻ സാധിക്കും. ഇവിടെയും അത്തരത്തിൽ ഒരെണ്ണം ഉണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ വിലക്കി. എന്നിട്ട് പറഞ്ഞു… സാമി സാർ…. ഞാൻ അത് കേട്ട് ഫോൺ പോക്കറ്റിൽ ഇട്ടു. താഴത്തെ ശിവ പ്രതിഷ്ഠയും കണ്ട് മലക്കയറ്റം ആരംഭിച്ചു. പേര് പോലെ ഒരു മല മുകളിലാണ് ക്ഷേത്രം. എന്നാൽ ആധുനിക രീതിയിലുള്ള സ്റ്റെപ്പുകൾ ഉള്ളതിനാൽ മല കയറ്റം എളുപ്പമായിരുന്നു.

ക്ഷേത്രത്തിന്റെ മുകളിൽനിന്നുള്ള കാഴ്ച
ഏകദേശം 430 ഓളം സ്റ്റെപ്പുകൾ കയറിയാലാണ് മല മുകളിൽ എത്തുന്നത്. ഇതിൽ ഏറ്റവും കൗതുകം സ്റ്റെപ്പുകൾ കയറുന്നതാണ്. ഒരു നിശ്ചിത സ്റ്റെപ്പുകൾ കയറിയാൽ നമ്മൾ വിചാരിക്കും എത്തിയെന്ന്. പക്ഷേ അവിടെ നിന്നും വീണ്ടും സ്റ്റെപ്പുകൾ ആരംഭിക്കും. അവിടെയെല്ലാം പ്രതിഷ്ഠകൾ. അവസാനം മലമുകളിൽ എത്തി. ചൂട് കാലാവസ്ഥയിലും തണുത്ത കാറ്റ് ശരീരത്തെ കുളിരണിയിക്കും. കുറച്ചൂകൂടെ മുകളിൽ കയറിയാലാണ് ഏറ്റവും മുകളിലുള്ള പ്രതിഷ്ഠ കാണാൻ പറ്റുന്നത്. അവിടെയും ഫോട്ടോകൾക്ക് കർശന വിലക്കാണ്. മലയുടെ മുകളിൽ എത്തിയാലുള്ള ഏറ്റവും ഭംഗിയുള്ള കാര്യം ട്രിച്ചി നഗരത്തെ വളരെ വിശാലമായിത്തന്നെ കാണാൻ സാധിക്കുമെന്നതാണ്. കുറച്ചുനേരം ക്ഷേത്രപടികളിൽ ഇരുന്നു. പല സംസ്ഥാനത്തുനിന്നുള്ള ഭക്തർ. ചിലർ തനിച്ച്, ചിലർ സുഹൃത്തുക്കളായി, മറ്റു ചിലർ കുടുംബവുമായി. ഇതിനിടയിൽ വിദേശികൾ വേറെ. ഇവരെ അൽപം വ്യത്യസ്തമായി തോന്നി.
കുടുംബമായി വരുന്നവർ അവരുടെ വിശ്വാസം മറ്റ് തലമുറയിലേക്കും കൈമാറുന്നുണ്ട്. അവരുടെ ചെറിയ മക്കളെയും ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ മുതിർന്നവർ വഴി കാണിക്കുന്നുണ്ട്. എത്ര ഉത്സാഹത്തോടെയും ജിഞ്ജാസയോടെയുമാണ് അവർ ഈ കാര്യം ചെയ്യുന്നതെന്ന് ഞാൻ നോക്കി നിന്നു. വിദേശികളും ഭക്തരുടെ ആചാരങ്ങൾ ഒരു പരിധിവരെ പിന്തുടരുന്നുണ്ട്. ഏകദേശം 30 മിനിറ്റ് അവിടെ ഇരുന്ന ഞാൻ പിന്നെ പതിയെ താഴേക്ക് ഇറങ്ങി. വരുന്ന വഴിയിൽ പ്രസാദം നൽകുന്നുണ്ടായിരുന്നു. ഞാനും കുറച്ച് വാങ്ങിച്ചു.

പ്രസാദം
കഴിച്ച് നോക്കിയപ്പോൾ നല്ല രുചിയുണ്ട്. മധുരമാണ്. നെയ്യിന്റെ അതിപ്രസരവും. അവിടുന്ന് കുറച്ച് വെള്ളം കുടിച്ച് താഴേക്ക് ഇറങ്ങി. അല്ലെങ്കിലും കയറാനുള്ള ബുദ്ധിമുട്ട് ഇറങ്ങാൻ ഇല്ലല്ലോ. താഴെ എത്തിയപ്പോഴേക്കും ജനക്കൂട്ടം. നോക്കിയപ്പോൾ പൂജ ആരംഭിച്ചിരുന്നു. പക്ഷേ അത് കാണാൻ നിന്നില്ല. അവിടെ ഇനിയും നിന്നാൽ തഞ്ചാവൂരിലേക്കുള്ള യാത്ര വൈകും. ക്ലോക്ക് റൂമിൽ നിന്നും ഷൂ എടുത്ത് നേരെ ബസ് സ്റ്റോപ്പിലേക്ക്. പോകുന്ന വഴി കുറെ ട്രാൻസ്‌ജെണ്ടർ ആളുകളെ കണ്ടു. കാണുന്നവരോടെല്ലാം അവർ പണം ചോദിക്കുന്നുണ്ട്. എനിക്ക് പിന്നെ ട്രെയിൻ കയറേണ്ടതിനാൽ ഞാൻ വേഗം ബസ് കയറാൻ പോയി. അപ്പോഴേക്കും ചെറിയ വിശപ്പുണ്ടായിരുന്നു. കുറച്ചു മാറി ഒരു കടയിൽ പോയി ബൺ പൊറാട്ടയും മട്ടൺ കറിയും (മട്ടൺ കൊഴബ്) കഴിച്ചു. ബൺ പൊറാട്ടക്ക് ട്രിച്ചിയും മധുരയും പ്രസിദ്ധമാണ്. ആദ്യമായാണ് ഇത് കഴിക്കുന്നത്. നല്ല രൂചിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഭക്ഷണ സംസ്ക്കാരം എനിക്ക് ഇഷ്ട്ടപ്പെട്ടു. കഴിച്ചുകഴിഞ്ഞാൽ സ്വന്തം ഇല എടുത്ത് കൊണ്ടുപോയി മറ്റൊരു സ്ഥലത്ത് നിക്ഷേപിക്കണം. സ്റ്റേഷനിൽ എത്തിയപ്പോൾ ടിക്കറ്റ് എടുക്കാൻ വലിയ നിര തന്നെ ഉണ്ട്. എന്നാൽ പിന്നെ ഓൺലൈനായി ടിക്കറ്റ് എടുക്കാമെന്ന് വിചാരിച്ചു. ട്രെയിൻ ഏഴാമത്തെ പ്ലാറ്റ്ഫോമിലാണ്. വേഗം ട്രെയിനിൽ കയറി സീറ്റ് പിടിച്ചു. ട്രിച്ചിയിൽ നിന്നും മയിലാട് ധുരൈ വരെ പോകുന്ന മെമു ആയിരുന്നു അത്. വലിയ തിരക്കൊന്നും ഇല്ല.
തഞ്ചാവൂർ
ചോഴ രാജവംശവുമായി ഏറെ പ്രധാന്യമുള്ള സ്ഥലമാണ് ‘തഞ്ചാവൂർ’. ഞാൻ കയറിയ മെമു തഞ്ചവൂർ വഴി കുംഭകോണം പോകുന്ന ട്രെയിനായിരുന്നു. തമിഴ്നാട്ടിൽ വളരെ പ്രശസ്തമായ ക്ഷേത്രങ്ങളുള്ള നഗരമാണ് കുംഭകോണം. ക്ഷേത്ര നഗരമെന്ന് വിശേഷിപ്പിക്കാം. പക്ഷേ ശ്രീ രംഗനാഥ ക്ഷേത്രവും മലൈ കോട്ടെ ക്ഷേത്രവും ചുറ്റികഴിഞ്ഞപ്പോഴേക്കും നന്നായി ക്ഷീണിച്ചതുകൊണ്ട് ട്രിച്ചിയിൽ നിന്ന് തഞ്ചാവൂർ വരെ ഒന്നുറങ്ങി. 1.55 ആയപ്പോഴേക്കും ട്രെയിൻ തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.

വളരെ പഴയ മോഡൽ റെയിൽവേ സ്റ്റേഷൻ ആണ് തഞ്ചാവൂർ. പഴയ കെട്ടിടം. ട്രാക്ക് മുറിച്ചു കടക്കാൻ സ്റ്റെപ് കൂടാതെ ഒരു പ്രവർത്തന രഹിതമായ യന്ത്ര ഗോവണിയും ഉണ്ട്. അത് വഴി പുറത്തേക്ക് ഇറങ്ങി. നല്ല വെയിൽ. ട്രിച്ചിയിൽ നിന്നും കഴിച്ച ബൺ പൊറോട്ടക്കും മട്ടൻ കൊഴമ്പിനും എന്റെ വിശപ്പിനെ പിടിച്ചു നിർത്താൻ സാധിച്ചില്ല. കുറച്ച് മുന്നോട്ട് നടന്നപ്പോൾ ഒരു ഹോട്ടൽ കണ്ടു. അവിടെ കയറി ഒരു കുഷ്ക്കയും ഓംലെറ്റും പറഞ്ഞു. തമിഴ്നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഉച്ച ഭക്ഷണമാണ് കുഷ്‌ക്ക. സംഭവം കൊള്ളാം. കഴിച്ച് ഇലയും എടുത്ത് കൈ കഴുകി പുറത്തിറങ്ങി. ക്ഷീണം വിട്ടുമാറുന്നില്ലായിരുന്നു. വീണ്ടും സ്റ്റേഷനിലേക്ക് നടന്നു. അതിന്റെ പുറകുവശത്തായി എ.സി കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ അവിടെ വിശ്രമിച്ചു.
ഒന്ന് ഫ്രഷ് ആയി 4.30 ന് പുറത്തേക്കിറങ്ങി. ആദ്യം ബസിന് പോകാമെന്നാണ് വിചാരിച്ചത്. പിന്നെ നോക്കിയപ്പോൾ നടക്കാനുള്ള ദൂരമേയുള്ളു. നടന്നു പോകുമ്പോൾ ഇടതുവശത്ത് തഞ്ചാവൂർ കോർപറേഷൻ ഓഫീസ് കാണാം. നല്ല വെള്ള നിറത്തിലുള്ള ഒരു പഴയ കെട്ടിടം. ഞാൻ നടന്നുപോകുമ്പോൾ മിക്ക ആളുകളും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് അത്ഭുതം തോന്നിയെങ്കിലും പിന്നീട് കാര്യം മനസിലായി. കുട പിടിച്ചുള്ള എന്റെ നടത്തമാണ് ആ നോട്ടങ്ങൾക്ക് കാരണം. ഞാൻ പിന്നെ അതൊന്നും ഗൗനിക്കാതെ നേരെ നടന്നു. ഒന്നര കിലോമീറ്റർ നടന്നപ്പോൾ ബ്രിഹാന്ദേശ്വര ക്ഷേത്രത്തിന്റെ മുമ്പിൽ എത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഷൂ സുരക്ഷിതമായി ക്ലോക്ക് റൂമിൽ ഏൽപ്പിച്ചു. അഞ്ച് രൂപയാണ് വാടക.

പഴയകാല ക്ഷേത്ര നിർമിതികൾ. ഇൻസ്റ്റാഗ്രാം റീലുകളിൽ സമ്പന്നമായ പെരിയ കോവിലിൽ എത്തിയ സന്തോഷത്തിലായിരുന്നു ഞാൻ. ഒരു വിസ്മയമാണ് ‘ബ്രിഹാന്ദേശ്വര ക്ഷേത്രം അഥവാ പെരിയ കോവിൽ’. ശിവ ലിംഗ പ്രതിഷ്ടയും നന്ദി ബിംബഹവുമാണ് ഇവിടുത്തെ ആരാധന മൂർത്തികൾ. റീലുകളിൽ പറയുന്നത് പോലെ പ്രണയിക്കുന്നവർ ഇവിടെ വന്നാൽ അവർ പിരിയുമെന്നും ഉന്നത പദവിയിൽ ഇരിക്കുന്നവർക്ക് അവരുടെ പദവി നഷ്ടപ്പെടുമെന്നുമുള്ള ഡയലോഗ് ഇവിടെ എത്തിയപ്പോൾ ഇവിടെവന്നവരെ ബാധിക്കുന്നില്ലെന്ന് തോന്നി. ഭക്തരായാലും സഞ്ചാരികളായാലും അധിക പേരും പങ്കാളികളാണ്. മിക്കവരും റീൽസ് ഷൂട്ട് ചെയ്യാൻ വേണ്ടി വന്നവരാണ്. ബാക്കിയുള്ളവർ പ്രാർത്ഥനയിലും കൗതുകത്തിലുമാണ്. വൈകുന്നേരം പോയതിനാൽ സൂര്യാസ്തമയം കാണാൻ സാധിച്ചു. സൂര്യ വെളിച്ചത്തിലും പെരിയ കോവിൽ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ നിഴൽ ഭൂമിയിൽ കാണുന്നില്ല. വല്ലാത്തൊരു കൗതുകം തോന്നി. എന്തൊരു അത്ഭുത നിർമിതിയാണിത്.

ഞാൻ ആദ്യം നന്ദി ദേവിയുടെ പ്രതിഷ്ഠക്ക് അടുത്ത് പോയി. ശിവ ലിംഗത്തിന് നേരെ മുഖം തിരിഞ്ഞിരിക്കുന്ന നന്ദി ദേവിയുടെ പ്രതിഷ്ഠയുടെ പുറകിലായി ഞാൻ കുറച്ചു നേരം ഇരുന്നു. തിരക്ക് കൂടിയപ്പോൾ അവിടുന്ന് ഇറങ്ങി. ക്ഷേത്രത്തിന്റെ ഉള്ളിൽ ഇരിക്കാനായി കുറെ സ്ഥലങ്ങളുണ്ട്. അങ്ങനെ പല സ്ഥലങ്ങളിൽ മാറി മാറി ഇരുന്ന് വീണ്ടും ഞാൻ മുൻവശത്ത് എത്തി. സമയം ഏഴ് മണി ആയിട്ടുണ്ടായിരുന്നു. അപ്പോഴേക്കും ക്ഷേത്രം പ്രകാശ പൂരിതമായി. ഇതിന് മുമ്പ് മൈസൂർ കൊട്ടാരം മാത്രമാണ് ഇങ്ങനെ പ്രകാശ പൂരിതമായി ഞാൻ കണ്ടിട്ടുള്ളത്. ചുറ്റും വൈദ്യുത വിളക്കുകൾ. സത്യത്തിൽ പകൽ നേരത്തെക്കാൾ ഭംഗി രാത്രിയിലായിരുന്നു. ഇരുട്ടാകുന്നത് വരെ അവിടെ ഇരുന്നു. പിന്നീട് ക്ലോക്ക് റൂമിൽ നിന്നും ഷൂ എടുത്ത് പുറത്തേക്കിറങ്ങി. ഒരു ചായ കുടിച്ചു. തമിഴ്നാട്ടിലെ ചായ ഇതിനോടകം തന്നെ എനിക്ക് പ്രിയപ്പെട്ടതായി തീർന്നിരുന്നു.

8.30 ആയപ്പോൾ സ്റ്റേഷനിൽ എത്തി. 9.25 നാണ് കോയമ്പത്തൂരിലേക്ക് ട്രെയിൻ. ഭക്ഷണം കഴിക്കാനായി ഒരു വെജിറ്ററിയൻ ഹോട്ടലിൽ കയറി. പതിവുപോലെ ദോശ കഴിച്ചു. യാത്ര ചെയ്യുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്നത് ദോശയാണ്. ഒൻപത് മണിക്ക് പ്ലാറ്റ്ഫോമിൽ കയറി. ചെറിയ മഴ ഉണ്ടായിരുന്നു. ഒരു പക്ഷേ ആ മഴയാണ് ഈ യാത്രക്ക് പൂർണത നൽകിയത്. കൃത്യം 9.25 ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ എത്തി. വലിയ തിരക്കൊന്നും ഇല്ല. സ്ലീപ്പർ ബുക്ക് ചെയ്തിരുന്നു. സൈഡ് അപ്പർ ബെർത്താണ് കിട്ടിയത്. ട്രിച്ചി ഇറങ്ങിയത് മുതൽ ഫോണിൽ ഫൂട്ട് സ്റ്റെപ്പുകൾ നോക്കിക്കുന്നുണ്ടായിരുന്നു. ഏകദേശം 10 കിലോമീറ്ററിലധികം ഞാൻ നടന്നു. ക്ഷീണം നന്നായിട്ടുള്ളതിനാൽ കയറിയ ഉടനെ തന്നെ കിടന്നു. വെളുപ്പിന് ട്രെയിൻ കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് എണീറ്റത്. സ്റ്റേഷന്റെ പുറത്തിറങ്ങി ഒന്ന് ഫ്രഷ് ആയി വീണ്ടും ഒരു ചായ കുടിച്ചു. ശേഷം ആറ് മണിക്കുള്ള മംഗളുരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റിന് കോഴിക്കോട്ടേക്ക്..