
ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് സാധാരണ ഉണ്ടാകാറുള്ള ആവേശം ഇത്തവണ ബഹിഷ്കരണ ആഹ്വാനങ്ങൾ കാരണം കുറവാണ്. എന്നിരുന്നാലും, ഈ പോരാട്ടത്തിനായി ഇപ്പോഴും ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും വികാരം മനസ്സിലാക്കുന്നുണ്ടെന്ന് ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകൻ റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു.
“ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പോലെ കളിക്കാൻ ആഗ്രഹിക്കുന്നു. വികാരം എനിക്ക് മനസ്സിലാകും, എന്നാൽ ബിസിസിഐയും ഇന്ത്യൻ സർക്കാരും നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മാത്രമേ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും വികാരങ്ങൾ തന്നെയാണ് കളിക്കാരും പങ്കിടുന്നത് എന്നതിൽ എനിക്ക് സംശയമില്ല. കുറച്ച് കാലമായി ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരുന്നു. ഈ ടൂർണമെന്റ് നടക്കുമോ എന്ന് പോലും ഞങ്ങൾ ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നു,” റയാൻ ടെൻ ഡോഷേറ്റ് കൂട്ടിച്ചേർത്തു.
എന്നാൽ ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോൾ ഈ വികാരങ്ങളെല്ലാം മാറ്റിവെച്ച് കളിയിൽ മാത്രം ശ്രദ്ധിക്കണമെന്ന് റയാൻ താരങ്ങളെ ഓർമ്മിപ്പിച്ചു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാത്രി 8 മണിക്ക് ദുബായ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം ആരംഭിക്കുന്നത്.
The post ഇന്ത്യ-പാക് മത്സരം, ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും വികാരങ്ങൾ തന്നെയാണ് കളിക്കാരും പങ്കിടുന്നത്; തുറന്നുപറഞ്ഞ് അസിസ്റ്റന്റ് കോച്ച് appeared first on Express Kerala.









