
ഇന്ത്യയിലെ ഒരു രാജാവുണ്ട്, അദ്ദേഹത്തിന്റെ മരണം നടന്നിട്ട് 300 വർഷത്തിലേറെയായി. എന്നിട്ടും അദ്ദേഹം ഇപ്പോഴും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നു. ആ രാജാവിന്റെ പേര് ഔറംഗസേബ് ആലംഗീർ എന്നാണ്. അദ്ദേഹത്തെ ഇപ്പോഴും ആളുകൾ വെറുപ്പോടെയാണ് കാണുന്നത്, അദ്ദേഹത്തിന്റെ ഓർമ്മകൾ ഇപ്പോഴും രാജ്യമെമ്പാടും ചർച്ചാ വിഷയമാണ്. സ്ത്രീകളെ പീഡിപ്പിക്കുകയും, ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും, നിർബന്ധിത മതപരിവർത്തനം നടത്തുകയും, മുസ്ലീങ്ങളല്ലാത്തവരെ പീഡിപ്പിക്കുകയും ചെയ്ത ഒരു സ്വേച്ഛാധിപതിയായി ആളുകൾ കരുതുന്ന മുഗൾ രാജവംശത്തിലെ ആറാമത്തെ രാജാവായിരുന്നു ഔറംഗസേബ് ആലംഗീർ.
ഔറംഗസീബിന്റെ ഭരണകാലം
1526-ൽ ആണ് ബാബർ മുഗൾ സാമ്രാജ്യം സ്ഥാപിച്ചത്. മധ്യേഷ്യയിലെ ആധുനിക അഫ്ഗാനിസ്ഥാൻ മുതൽ കിഴക്ക് ബംഗ്ലാദേശ് വരെ വ്യാപിച്ചു കിടക്കുന്നത് ആയിരുന്നു അത്. 1857-ൽ അവസാന ചക്രവർത്തിയായ ബഹാദൂർ ഷായെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയതോടെ സാമ്രാജ്യം അവസാനിച്ചു. അതിനുമുൻപ്, അക്ബറിന് ശേഷം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ഭരണാധികാരിയായിരുന്നു ഔറംഗസേബ്. അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രത്യേകത, ആ സമയത്ത് മുഗൾ സാമ്രാജ്യത്തെ അതിന്റെ ഉന്നതിയിലെത്തിച്ചുവെന്നതായിരുന്നു.
മുഗൾ കാലഘട്ടത്തിലെ ഏറ്റവും വിവാദപരമായ ചക്രവർത്തി
മുഗൾ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ രാജാക്കന്മാരായ ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ എന്നിവർ മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുകയും താജ്മഹൽ, ഡൽഹിയിലെ ചെങ്കോട്ട തുടങ്ങിയ ചരിത്രപരമായ സ്മാരകങ്ങൾ നിർമ്മിച്ചുകൊണ്ട് ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും ചെയ്തു. എന്നാൽ ഔറംഗസീബിനെ ഒരു മതഭ്രാന്തനായും ഇരട്ട വ്യക്തിത്വമുള്ള സങ്കീർണ്ണ കഥാപാത്രമായും കണക്കാക്കുന്നു. വിശുദ്ധനെന്നും പിശാചെന്നും ഒരുപോലെ പേര് കേട്ട രാജാവ്. മുഗൾ സിംഹാസനത്തിലേക്കുള്ള അവകാശം സ്ഥാപിച്ചതോടെ ഔറംഗസീബ് ആരാധനയും വെറുപ്പും ഉണർത്തി.
പിതാവിനെ തടവിലാക്കുകയും സഹോദരനെ കൊല്ലുകയും ചെയ്തു
അച്ഛനെ തടവിലാക്കി സഹോദരന്മാരെ കൊന്നു, സിംഹാസനത്തിലെത്തിയ രീതി കൊണ്ട് ബഹുമാനം അർഹിക്കുന്നില്ല എന്ന കാരണത്താൽ ഔറംഗസീബിനെ ആളുകൾ വെറുത്തിരുന്നു. ഇതൊക്കെയാണെങ്കിലും, തന്റെ വ്യക്തിപരമായ ലാളിത്യം, ഭക്തി, മുഗൾ സാമ്രാജ്യത്തിന്റെ വികാസത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ അതുല്യമായ സൈനിക ശക്തി, അദ്ദേഹത്തിന്റെ രാഷ്ട്രീയ ചാതുര്യം, ഭരണപരമായ കാര്യക്ഷമത, നീതിക്കും ന്യായത്തിനും ഉള്ള പ്രശസ്തി എന്നിവയാൽ അദ്ദേഹം ആരാധനയും വിശ്വസ്തതയും നേടി. എങ്കിലും അദ്ദേഹത്തിന്റെ സ്വഭാവം ജനങ്ങളുടെ വെറുപ്പ് നേടിക്കൊടുത്തു.
1618 ൽ ജനനം
1618-ൽ ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും മകനായി ജനിച്ച ആലംഗീർ ഔറംഗസീബിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് ഭക്തനും ഗൗരവമുള്ളവനുമായ ഒരു വ്യക്തിയായിട്ടാണ്. കുട്ടിക്കാലം മുതൽ തന്നെ നേതൃത്വത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ അദ്ദേഹം കാണിച്ചു. 18 വയസ്സുമുതൽ അദ്ദേഹം പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും തന്റെ എല്ലാ സഹോദരന്മാരിലും ഏറ്റവും കഴിവുള്ള കമാൻഡറായി സ്വയം സ്ഥാപിക്കുകയും ചെയ്തു. പിതാവിന്റെ കീഴിൽ മുഗൾ സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തിയിരുന്ന സമയത്ത് ഔറംഗസീബ് തന്റെ പിതാവായ ഷാജഹാന്റെ സിംഹാസനം പിടിച്ചെടുക്കാൻ നിരവധി ശ്രമങ്ങൾ നടത്തി.
1657-ൽ ഷാജഹാൻ രോഗബാധിതനായപ്പോൾ, ഔറംഗസീബും മൂന്ന് സഹോദരങ്ങളും തമ്മിൽ ഒരു പിന്തുടർച്ചാവകാശ തർക്കം ഉടലെടുത്തു. ഇത് അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ദാരാ ഷിക്കോഹിനെ അനന്തരാവകാശിയായി ഉയർത്തുന്നതിലേക്ക് നയിച്ചു. ഹിന്ദു-മുസ്ലിം സമന്വയത്തെ പിന്തുണച്ചിരുന്ന ദാരാ ഷിക്കോഹിനെ ഔറംഗസീബ് ഇഷ്ടപ്പെട്ടില്ല. 1658-ൽ ഔറംഗസീബ് തന്റെ രോഗിയായ പിതാവ് ഷാജഹാനെ തടവിലാക്കി, അടുത്ത വർഷം സഹോദരൻ ദാരാ ഷിക്കോഹിനെ യുദ്ധത്തിൽ പരാജയപ്പെടുത്തി. തുടർന്ന് ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ഒരു വൃത്തികെട്ട ആനപ്പുറത്ത് ഡൽഹിയിലെ തെരുവുകളിലൂടെ നടത്തി.
ദാരാ ഷിക്കോയ്ക്ക് മരണം
ഷാജഹാന്റെ പ്രിയപുത്രൻ ആയിരുന്ന ദാരാ ഷിക്കോ ക്രൂരമായ രീതിയിൽ ആയിരുന്നു കൊല്ലപ്പെട്ടത്. തന്റെ സഹോദരന്റെ കയ്യാലുള്ള മരണത്തിനായുള്ള ശിക്ഷാ യാത്രയിൽ കറ പുരണ്ടതും വൃത്തി ഹീനമായ തുണികൊണ്ടുള്ള മേലങ്കി ധരിപ്പിച്ച് കൊണ്ടായിരുന്നു കൊണ്ട് പോയത്. ദരിദ്രരിൽ ദരിദ്രർ മാത്രം ധരിക്കുന്ന തരത്തിലുള്ള ഇരുണ്ട ചെളി നിറഞ്ഞ തലപ്പാവാണ് തലയിൽ ധരിച്ചിരുന്നത്. മരണയാത്രയിൽ പോലും ഒരു രാജകുമാരനു കിട്ടേണ്ട പരിഗണനയോ എന്തിനേറെ വസ്ത്രമോ നൽകിയില്ല. ക്രൂരമായ പീഡനങ്ങൾക്ക് ശേഷം ദാരാ ഷിക്കോ പിന്നീട് വധിക്കപ്പെട്ടു. ദാരാ ഷിക്കോയുടെ വധത്തോടെ ഔറംഗസേബ് ചക്രവർത്തിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുഗൾ സാമ്രാജ്യം അതിന്റെ ഏറ്റവും വലിയ ഭൂമിശാസ്ത്രപരമായ വ്യാപ്തിയിൽ എത്തി.
ഹിന്ദുക്കളെ വെറുപ്പായിരുന്നു
ഇന്ത്യയിലെ അലിഗഡ് സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ നദീം റെസാവി പറയുന്നതനുസരിച്ച്, 1679 വരെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായോ അമുസ്ലിം പൗരന്മാർക്ക് “ജാസിയ” നികുതി ചുമത്തിയതായോ റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ല. ചില ഹിന്ദുക്കൾ തന്റെ സർക്കാരിൽ ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ടായിരുന്നതായും അതുവരെ ഔറംഗസേബ് “തന്റെ പൂർവ്വികരെപ്പോലെ” പെരുമാറിയതായും റെസാവി വിവരിച്ചു. എന്നിരുന്നാലും, 1680 ആയപ്പോഴേക്കും ഔറംഗസേബിന്റെ സ്വഭാവം മാറി, അദ്ദേഹം ക്രൂരനായി മാറുകയും ആളുകളുടെ മനസ്സിൽ ഇപ്പോഴും തന്റെ വെറുപ്പ് പ്രതിഫലിപ്പിക്കുന്ന ഒരു തരം മത അസഹിഷ്ണുത സ്വീകരിക്കുകയും ചെയ്തു.
മതഭ്രാന്തനായ ഭരണാധികാരി
ഈ മതഭ്രാന്തനായ ഭരണാധികാരി തന്റെ ഹിന്ദു രാഷ്ട്രതന്ത്രജ്ഞരെ സ്ഥാനത്തുനിന്ന് പുറത്താക്കുകയും സുഹൃത്തുക്കളെ ശത്രുക്കളാക്കുകയും മറാത്തകളെ അക്രമാസക്തമായി അടിച്ചമർത്തുകയും ചെയ്തതുൾപ്പെടെ ഡെക്കാനിൽ ദീർഘവും കഠിനവുമായ ഒരു യുദ്ധം നടത്തി. സിഖുകാർക്കെതിരെയും അദ്ദേഹം യുദ്ധം ചെയ്തു. സിഖ് മതത്തിന്റെ ഒമ്പതാമത്തെ ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചു. ഔറംഗസീബിനെ ഇപ്പോഴും നിരവധി സിഖുകാർ വെറുക്കുന്നതിന്റെ കാരണം കൂടിയാണിത്. ഏറ്റവും പ്രശസ്തനായ മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മകൻ സാംബാജിയെയും വധിച്ചത് അദ്ദേഹം ആണ്.
ക്രൂരനും വെറുക്കപ്പെട്ടവനുമായ ഈ ചക്രവർത്തിയെ അടക്കം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല, ഒരിക്കൽ ഔറംഗബാദ് എന്നറിയപ്പെട്ടിരുന്നു, ഇപ്പോൾ അതിന്റെ പേര് മാറ്റി. അദ്ദേഹത്തിന്റെ മരണത്തിന് 300 വർഷങ്ങൾക്ക് ശേഷവും, ഔറംഗസീബിനെ ഇപ്പോഴും വെറുപ്പോടെയും അവജ്ഞയോടെയും ആളുകൾ കാണുന്നു. ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് വളരെ ക്രൂരനും ദുഷ്ടനുമായ ഒരു ഭരണാധികാരിയായി രേഖപ്പെടുത്തിയിട്ടുണ്ട്.