
ബെംഗളൂരു: വിനോദസഞ്ചാരത്തിനായും അല്ലാതെയും ബെംഗളൂരുവിലെത്തുന്നവര്‍ക്ക് വേറിട്ടതും മധുരിതവുമായ ഒരനുഭവം കൂടി. ഇനി തോട്ടത്തില്‍ നിന്ന് നേരിട്ട് മാതളം പറിച്ചെടുത്ത് കഴിക്കാം. ഇടനിലക്കാരുടെ സഹായമില്ലാതെ ഉപഭോക്താക്കള്‍ക്ക് ഉറുമാമ്പഴം നേരിട്ട് വാങ്ങാനും അവസരമുണ്ട്. ബെംഗളൂരുവില്‍ ഇതാദ്യമായാണ് മാതള ഫാം ടൂറിസം ആരംഭിച്ചിരിക്കുന്നത്.
കര്‍ഷകനായ എന്‍ ആര്‍ ചന്ദ്രയാണ് യെലഹങ്കയ്ക്ക് സമീപം നാഗദാസനഹള്ളിയില്‍ മാതള ഫാം ടൂറിസം ഒരുക്കിയിരിക്കുന്നത്. എന്‍സിആര്‍ എന്ന ഫാമില്‍ പ്രവേശിച്ച് പഴങ്ങള്‍ നേരിട്ട് പറിച്ച് തിന്നുകയും വാങ്ങുകയും ഈ കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയുകയും ചെയ്യാം. കൃഷിയിടം സന്ദര്‍ശിക്കാം, പഴങ്ങള്‍ പറിക്കാം, വീട്ടിലേക്ക് കൊണ്ടുപോകാം എന്ന ടാഗ് ലൈനോടെയാണ് ഈ സംരംഭം.
രാവിലെ 6.30 മുതല്‍ വൈകുന്നേരം 6.30 വരെ സന്ദര്‍ശകര്‍ക്കായി ഫാം തുറന്നിരിക്കും. ഈ പരീക്ഷണാത്മക സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. നിരവധി ആളുകളാണ് ആദ്യ ദിവസം തന്നെ കൃഷിയിടം സന്ദര്‍ശിച്ചത്. കൂടാതെ ഉറുമാമ്പഴം കൃഷിയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനുള്ള ഒരവസരം കൂടിയായി പലരും ഇതിനെ കാണുന്നു.
സന്ദര്‍ശകര്‍ക്ക് കിലോയ്ക്ക് 200 രൂപ നിരക്കില്‍ തോട്ടത്തില്‍ നിന്ന് നേരിട്ട് വിളവെടുത്ത പഴങ്ങള്‍ വാങ്ങാവുന്നതാണ്. ബെംഗളൂരു പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 100 മുതല്‍ 200 രൂപയുടെ വരെ വ്യത്യാസത്തിലെങ്കിലും മാതളം വാങ്ങാമെന്നാണ് അധികൃതര്‍ പറയുന്നത്. നേരിട്ട് പറിക്കുന്നത് കൂടാതെ കൃഷിയിടത്തിലെ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം.
‘ഒരു ദിവസത്തേക്കാണെങ്കില്‍ പോലും, നഗരത്തില്‍ കറങ്ങുന്നതിലും നല്ലത് ഇത്തരമൊരു ഫാമില്‍ ചെലവഴിക്കുന്നതാണ്. പഴങ്ങള്‍ പറിച്ചെടുക്കുന്ന സന്തോഷം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നല്‍കാന്‍ കഴിയില്ല’ – 70 കാരന്‍ ജഗദീഷ് പറഞ്ഞു. അദ്ദേഹം 50 കിലോ മാതളമാണ് വാങ്ങിയത്. പഴങ്ങള്‍ എവിടെ നിന്ന് വരുന്നു എന്ന് മനസ്സിലാക്കുന്നതിനും പ്രകൃതിദത്ത കൃഷിരീതികളുടെ ആവശ്യകതയെക്കുറിച്ച് അറിയാനും ഈ ഉദ്യമം സഹായിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കൊടകു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അശോക് സംഗപ്പ ആലൂരാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്. കര്‍ഷക-ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാതൃകാ പരിപാടിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് ഒരുപോലെ പ്രയോജനകരമാണെന്നും പ്രൊഫസര്‍ അശോക് അഭിപ്രായപ്പെട്ടു.
‘ചന്ദ്രയെ പോലുള്ള കര്‍ഷകര്‍ ഇവിടെ 200 രൂപയ്ക്ക് ഉറുമാമ്പഴം വില്‍ക്കുന്നു, എന്നാല്‍ ഇതേ പഴങ്ങള്‍ കടകളില്‍ 400 രൂപയ്ക്കാണ് നിങ്ങള്‍ക്ക് കിട്ടുക ഈ രീതി കര്‍ഷകര്‍ക്ക് ന്യായവിലയും ഉപഭോക്താക്കള്‍ക്ക് ലാഭവും ഉറപ്പാക്കുന്നു’ – അശോക് വിശദീകരിച്ചു.
27 ഏക്കറിലാണ് മാതള ഫാം. ഒരു മരത്തില്‍ നിന്ന് ഏകദേശം 30 കിലോ പഴമാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നതന്നും എന്‍ ആര്‍ ചന്ദ്ര പറയുന്നു. ‘പഴങ്ങള്‍ക്ക് 200-600 ഗ്രാം വരെ ഭാരമുണ്ട്, കൂടാതെ കയറ്റുമതി ചെയ്യാനുള്ള ഗുണനിലവാരവും ഉണ്ട്’ – ചന്ദ്ര കൂട്ടിച്ചേര്‍ത്തു. ഹൃദയാരോഗ്യം, ദഹനം, ചര്‍മ്മം എന്നിവ മികച്ചതാക്കുന്നതിന് പേരുകേട്ടതാണ് ഉറുമാമ്പഴം. കൂടുതല്‍ വിവരങ്ങള്‍ക്കായി 6366656410 എന്ന നമ്പറില്‍ ബന്ധപ്പെടാം.