
സമര്‍ഖണ്ഡ്: ഉസ് ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വനിതാതാരം ദിവ്യ ദേശ്മുഖ് പുരുഷതാരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ഓപ്പണ്‍ വിഭാഗത്തിലാണ് പങ്കെടുത്തത്. വെറും 19 വയസ്സായ ദിവ്യയുടെ പ്രകടനം ആഗോളമാധ്യമങ്ങളില്‍ വാര്‍ത്തയായി. ലോകചാമ്പ്യന്‍ ഗുകേഷിനെ ടൂര്‍ണ്ണമെന്‍റിന്റെ എട്ടാം റൗണ്ടിലായിരുന്നു ദിവ്യ ദേശ്മുഖ്- ഗുകേഷ് മത്സരം.
അവസാന നിമിഷം വരെ വിജയത്തിനായി ശ്രമിച്ച ഗുകേഷിനെതിരെ ശക്തമായ പ്രതിരോധം തീര‍്ക്കാന്‍ ദിവ്യയ്‌ക്ക് കഴിഞ്ഞു. റോസോലിമൊ ഓപ്പണിംഗില്‍ കളിച്ച ഗുകേഷ് ആവുന്നത്ര ആക്രമണം അഴിച്ചുവിട്ടിരുന്നു. ഒടുവില്‍ 103 നീക്കങ്ങള്‍ക്ക് ശേഷമാണ് മറ്റ് ഗത്യന്തരമില്ലാതെ സമനിലന്വഴങ്ങിയത്. ഈ സമനിലയോടെ ഇപ്പോഴത്തെ പുരുഷവിഭാഗം ലോകചാമ്പ്യനായ ഗുകേഷിന്റെ ആഗോള റാങ്കിങ്ങ് 12 ആയി താഴ്ട്ന്നു. ദിവ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്.
ഈ ടൂര്‍ണ്ണമെന്‍റില്‍ ദിവ്യ ദേശ്മുഖ് രണ്ട് പരിചയസമ്പന്നരായ ഗ്രാന്‍റ് മാസ്റ്റര്‍മാരെ തോല്‍പിച്ചിരുന്നു. സെര്‍ബിയയുടെ വെലിമിര്‍ ഇവിക്, ഈജിപ്തിന്റെ അമിന്‍ ബാസെം എന്നിവരെയാണ് ദിവ്യ തോല്‍പിച്ചത്.









