ഗുരുജനങ്ങള്‍ക്കും വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കും നമസ്‌കാരം. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്‍മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ത്യാഗങ്ങളെയും സമാനതകളില്ലാത്ത സംഭാവനകളെയും സ്മരിക്കാനാണ് നാം ഒത്തുകൂടിയിരിക്കുന്നത്. സ്നേഹപൂര്‍വ്വം നാം ബാപ്പുജിയെന്ന് വിളിക്കുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് വാഴ്ചയില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള പ്രക്ഷോഭ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ സമരനായകനായിരുന്നു.
ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം അദ്ദേഹം നയിച്ച ത്യാഗോജ്വല പോരാട്ടങ്ങളുടെ ഫലമാണ്. സത്യം,നീതി,അഹിംസ എന്നിവയിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അദ്ദേഹത്തിന്റെ തത്വചിന്ത ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ വഴികാട്ടിയാണ്. ജാതി, മത, വര്‍ണ,വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ പരിശ്രമിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു ഗാന്ധി. ഈ ദിനത്തില്‍, ബാപ്പുജിയുടെ ഓര്‍മ്മകളെ നമുക്ക് ആഘോഷിക്കാം. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യാം.
1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്ലിബായിയുടെയും മകനായായിരുന്നു ഗാന്ധിയുടെ ജനനം. 13ാം വയസില്‍ അദ്ദേഹം കസ്തൂര്‍ബയെ വിവാഹം ചെയ്തു. ഹരിലാല്‍, മണിലാല്‍, രാംദാസ്, ദേവദാസ് എന്നിവരാണ് മക്കള്‍. ഗുജറാത്തിലെ പ്രാഥമിക വിദ്യാഭ്യാസശേഷം ഗാന്ധി നിയമം പഠിക്കാനായി ലണ്ടനിലേക്ക് പോയി. തുടര്‍ന്ന് 1893ല്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തി.
അവിടെ അദ്ദേഹം നിറത്തിന്റെ പേരില്‍ കടുത്ത വിവേചനം നേരിട്ടു. ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന ദുരിതാവസ്ഥയിലൂടെ വരെ അദ്ദേഹം കടന്നുപോയി. ഇത്തരം തിരിച്ചറിവുകളില്‍ നിന്ന് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. 21 വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിച്ച ശേഷം ഗാന്ധി 1915ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇക്കാലം കൊണ്ടുതന്നെ നിയമം, നീതി, അവകാശപ്പോരാട്ടങ്ങള്‍ എന്നിവ സംബന്ധിച്ച് അദ്ദേഹം കൃത്യവും വ്യക്തവുമായ നയനിലപാടുകള്‍ രൂപപ്പെടുത്തിയിരുന്നു.
മാതൃരാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1918ലെ ചമ്പാരന്‍, ഖേഡ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി രാജ്യ ശ്രദ്ധയിലേക്കുയര്‍ന്നു. ബ്രിട്ടീഷ് വാഴ്ചക്കെതിരെ നിസ്സഹകരണ പ്രസ്ഥാനത്തിനും നിയമലംഘന പ്രസ്ഥാനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. അഹിംസയിലധിഷ്ഠിതമായി സമരം നയിക്കാന്‍ ഗാന്ധി സത്യഗ്രഹത്തെ പ്രധാന പോരാട്ട മാര്‍ഗമാക്കി. ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യ സമരവും ദണ്ഡിയാത്രയും ബ്രിട്ടീഷ് വാഴ്ചയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലയ്ക്കുന്നവയായിരുന്നു.
സമരപരമ്പരകള്‍ക്കൊടുവില്‍ 1947 ഓഗസ്റ്റ് 15ന് രാജ്യം കൊളോണിയലിസ്റ്റ് ഭരണത്തില്‍ നിന്ന് മോചിതമായി. ഒടുവില്‍, 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദു ഭീകരന്റെ വെടിയേറ്റ് ഗാന്ധി കൊല്ലപ്പെട്ടു. ഗാന്ധി വിട പറഞ്ഞെങ്കിലും അദ്ദേഹമുയര്‍ത്തിയ ആശയാദര്‍ശങ്ങള്‍ എക്കാലവും മരണമില്ലാതെ തുടരും. എന്നത്തേക്കും പ്രസക്തമാണ് ഗാന്ധി സൂക്തങ്ങള്‍.
ജാതിമത വര്‍ഗവര്‍ണലിംഗ വിവേചനമില്ലാതെ തുല്യ നീതി സാര്‍ഥകമാക്കാനായാണ് ഗാന്ധി പോരാടിയത്. രാജ്യത്തെ ജനങ്ങളുടെ സമാധാനത്തിനുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. സത്യധര്‍മ്മങ്ങളിലധിഷ്ഠിതമായിരുന്നു ബാപ്പുജിയുടെ ജീവിതം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം രാജ്യത്തിനുവേണ്ടിയായിരുന്നു. ആ മഹാമനീഷിയുടെ ത്യാഗങ്ങള്‍ എന്നും സ്മരിക്കാം. നാമോരോരുത്തരും സത്യത്തിന്റെയും ലാളിത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടരുമെന്ന് ഈ വേളയില്‍ പ്രതിജ്ഞ ചെയ്യാം.








