
ഇന്ത്യയുടെ പ്രീമിയം പേസറായ ജസ്പ്രീത് ബുംറയ്ക്ക് ആവശ്യത്തിന് വിശ്രമം നൽകുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് സിറാജ് മറുപടി നൽകി. നിലവിൽ ഇരുവരും വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ കളിക്കുന്നുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ ബുംറ മൂന്ന് മത്സരങ്ങളിൽ കളിച്ചപ്പോൾ സിറാജ് അഞ്ച് മത്സരങ്ങളിലും കളിച്ചിരുന്നു.
ഇതിന്റെ പേരിൽ ബുംറയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ലഭിച്ചിരുന്നു. സിറാജിന് അഞ്ച് മത്സരങ്ങളിൽ കളിക്കാമെങ്കിൽ ബുംറയ്ക്കും കളിക്കാമെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ഈ വിമർശനങ്ങളോട് പ്രതികരിച്ച സിറാജ്, “ബുംറ ആ മത്സരങ്ങളിൽ കൂടി കളത്തിലിറങ്ങിയിരുന്നെങ്കിൽ പിന്നീട് അദ്ദേഹത്തിന് പന്ത് എടുക്കാൻ പോലും സാധിക്കില്ലായിരുന്നു. അതിന്റെ സീരിയസ്സ്നെസ്സിനെക്കുറിച്ച് ആരാധകർ മനസ്സിലാക്കണം,” എന്ന് പറഞ്ഞു. ബുംറയെപ്പോലെ ഒരു മികച്ച പേസറുടെ ജോലിഭാരം കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം സിറാജ് ഊന്നിപ്പറഞ്ഞു.
Also Read: കോഹ്‌ലിയും രോഹിത്തും ആദ്യം വിജയ് ഹസാരെയിൽ കളിക്കട്ടെ; ഗവാസ്‌ക്കർ
ഗുരുതരമായ പുറം പരിക്കിനും വലിയ ശസ്ത്രക്രിയക്കും ശേഷമാണ് ബുംറ തിരിച്ചെത്തിയത്. കൂടുതൽ വിശ്രമം എടുത്ത ബുംറയുടെ തീരുമാനത്തെക്കുറിച്ച് പുറത്തുള്ളവർ പറയുന്നതൊന്നും അദ്ദേഹത്തിന് ഒരു വിഷയമല്ല. “ആ മത്സരത്തിൽ അദ്ദേഹം പന്തെറിഞ്ഞിരുന്നെങ്കിൽ, വീണ്ടും പന്തെറിയുമായിരുന്നോ ഇല്ലയോ എന്ന് പോലും പറയാൻ കഴിയില്ല, അത് അത്ര ഗുരുതരമാണ്,” സിറാജ് പറഞ്ഞു. ബുംറയുടെ ബൗളിങ് ആക്ഷൻ ഈ പരിക്കിന് കാരണമാകുന്ന തരത്തിൽ വളരെ ബുദ്ധിമുട്ടുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാ കപ്പ് മുതൽ അടുത്ത വർഷത്തെ ലോകകപ്പ് വരെ ഇന്ത്യക്ക് ഏറ്റവും പ്രധാനപ്പെട്ട ബൗളറാണ് ബുംറ. അദ്ദേഹം ടീമിന്റെ നട്ടെല്ലാണെന്ന് ഇന്ത്യൻ ആരാധകർ മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ലഭ്യത ഉറപ്പാക്കാൻ അദ്ദേഹം വിശ്രമം എടുക്കുന്നത് അത്യാവശ്യമാണ്. “ജാസി ഭായ് എടുത്തത് മികച്ച തീരുമാനമാണ്,”സിറാജ് വ്യക്തമാക്കി.
The post അന്ന് അത്രയ്ക്ക് ഗുരുതരമായിരുന്നു, ബുംറയ്ക്കെതിരായ ട്രോളുകളിൽ പ്രതികരിച്ച് മുഹമ്മദ് സിറാജ് appeared first on Express Kerala.









