പശ്ചിമ ബംഗാളിലെ24 നോർത്ത് പർഗാ നസ് ജില്ലയിലെ ചക്ല എന്ന ഗ്രാമത്തിൽ നിന്നാണ് സീറോ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ബംഗാൾയാത്രയുടെ തുടക്കം.പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത നഗരത്തിൽനിന്നും 50കി.മീ അകലെയാണ് ചക്ല എന്ന ഗ്രാമം. കൃഷിയുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകളിലും, സാമുദായിക കൂട്ടായ്മകളിലുമായി മനുഷ്യർ സമൂഹമായി ജീവിക്കുന്ന പ്രദേശങ്ങളാല്ലോ ഗ്രാമങ്ങൾ,അത്തരം ഒരു ഗ്രാമമാണ് ചക്ലയും.നോർത്ത് 24 പർഗാനാസ് ജില്ലാ ആസ്ഥാനമായ ബരാസത്തിൽനിന്നും റോഡ് മാർഗ്ഗമാണെങ്കിൽ 25 km സഞ്ചരിച്ചാൽ മാത്രമെ ചക്ലയിൽ എത്താൻ കഴിയൂ, ഒന്നര മണിക്കൂർ യാത്രയുണ്ട്.

കൊൽക്കത്തയിൽ നിന്നും ബരാസത്ത് വരെ മാത്രമെ പൊതുഗതാഗത സംവിധാനമായ ബസ് സസ്‍വിസ് ലഭ്യമാകൂ,ബരാസത്തിൽ നിന്നും ചക്ലയിലേക്ക്മാജിക് വാൻ (8 മുതൽ10 പേർക്ക് വരെ യാത്ര ചെയ്യാൻ കഴിയുന്ന ചെറിയ വാഹനം )എന്ന സ്വകാര്യ ടാക്സി വാഹനങ്ങളാണ് യാത്രമാർഗം. ചക്ലയിലേക്ക് റോഡ് മാർഗമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും, യാത്രാ ദുരിതവും മനസ്സിലാക്കിയതിനാൽ ഞാൻ സിയാൽദയിൽ നിന്നും ഗുമയിലേക്ക് ട്രെയിനിലാണ് എത്തിയത്. സിയാൽദയിൽനിന്നും ബൻഗോൺ ജങ്ഷനിലേക്ക് പോകുന്ന ലോക്കൽ ട്രെയിൻ ഗുമ സ്റ്റേഷനിലെത്തുമ്പോഴെക്കും സമയം രാത്രി പതിനൊന്ന് മണി.ഗുമയിൽ നിന്നും 15 കി.മീറ്ററുണ്ട് ചക്ലയിലേക്ക്,ഇലക്ട്രിക് ഓട്ടോ (ടോട്ടോ)മാത്രമാണ് യാത്രോപാധി.

ഉറങ്ങിക്കൊണ്ടിരുന്ന അപരിചതമായ ഗ്രാമങ്ങൾക്കിടയിലെ വിജനമായ റോഡിലൂടെ ഉറക്കത്തെയും, മൂടൽമഞ്ഞിനെയും വകഞ്ഞുമാറ്റിചക്ലയിലേക്കെത്താൻ ഏകദേശം ഒരു മണിക്കൂർ വേണ്ടി വന്നു. മഞ്ഞുകാലതണുപ്പിന്റെ സുഖാലസ്യത്തിലാണ് ചക്ല ഗ്രാമം. രാത്രി വൈകിയാണ് ഈ ഗ്രാമത്തിൽ എത്തിച്ചേർന്നത് സുഖകരമായ ഉറക്കത്തിനു ശേഷം പുലർച്ചെ 5:30 മണിയോടെ ഉറക്കമുണർന്ന് ഹാൻഡിലുള്ള പഴയമോഡൽ കുഴൽക്കിണറിൽ നിന്നും വെള്ളം ശേഖരിച്ച് പ്രഭാത കൃത്യങ്ങൾ പൂർത്തിയാക്കി ആറോടെ മൂടൽ മഞ്ഞിന്റെ കുളിര് പുതച്ച ചക്ലഗ്രാമത്തിന്റെ പ്രഭാതക്കാഴ്ചകളിലേക്ക്, ചക്ലമന്ദിറിന്റെ കോമ്പൗണ്ട് വഴി പുറത്തേക്ക് നടക്കാൻ തുടങ്ങി. കൊൽക്കാത്ത നഗരത്തിലെ കാളീക്ഷേത്രം കഴിഞ്ഞാൽ ബംഗാളിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന ആരാധനാലയം ചക്ലയിലെ ബാബ ലോക്നാഥ് ബ്രഹ്മചാരി മന്ദിർ ആണ്.ചക്ലാ ധാം,ചക്ല മന്ദിർ എന്നിങ്ങനെയും ഈ ആരാധനാലയം അറിയപ്പെടുന്നു.

ക്ഷേത്രം വക സത്രത്തിന്റെ രണ്ട് ഹാളുകളിയായിട്ടാണ് ഞങ്ങളുടെ യാത്രസംഘത്തിന്റെ താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. രാവിലെ 6.15 ന് ചക്ലമന്ദിറിന് പുറത്തേക്ക് ഞാനെത്തിയപ്പോൾ ഫുലംദേവിയുടെ ചെറിയ ചായക്കടയിൽ ഓരോ മൺകപ്പ് ചായയു മായി എന്തോ ചർച്ചയിലായിരുന്നു യാത്രാകോർഡിനേറ്റർമാരായ നാസർബന്ധുവും, ഡോ.അപർണയും, അഫ്സറും, അവരോടൊപ്പം മൺകപ്പിലെ 50ml ചായക്കു ശേഷം മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ച കടുകുപാടങ്ങൾക്കിടയിൽ നീണ്ടും,വളഞ്ഞും കിടക്കുന്ന റോഡിലൂടെ ഞാനും നടക്കാൻ തുടങ്ങി. മഞ്ഞു മൂടിയ പകൽ കാഴ്ചകളിലേക്ക് ആദ്യമെത്തിയത് നിറയെ മഞ്ഞപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വിശാലമായ കടുകുപാടങ്ങളാണ്.

ജീവിതത്തിൽ ആദ്യമായാണ് കടുക് പാടങ്ങൾ കാണുന്നത്.പ്രഭാത സൂര്യന്റെ പൊൻകിരണങ്ങളേറ്റിട്ടും മഞ്ഞിൻകമ്പളം പുതച്ചിരുന്ന മഞ്ഞപ്പൂക്കൾ ആലസ്യത്തിൽ നിന്നുണരാൻ മടിക്കുന്നു, ഇളം കാറ്റ് അവയെ മെല്ലെത്തലോടിക്കൊണ്ടിരിമ്പോൾ കടുകുപാടമാകെ ആടിയുലഞ്ഞ് മഞ്ഞചെറുതിരകളലയടിച്ചുണരുന്നു.. മഞ്ഞപ്പൂപ്പാടമാകെ സൂര്യനെ നോക്കിച്ചിരിക്കുന്നുപൂർണമായും ഒരു കാർഷിക ഗ്രാമമായ ചക്ല, നേർത്ത മഞ്ഞുപുതച്ച് സുഖകരമായ കുളിരിൽ ഉറക്കത്തിൻ്റെ ആലസ്യം വിട്ടുണർത്തിട്ടില്ല മഞ്ഞുകാലമാണ് ബംഗാളിലിപ്പോൾ. ഓരോ സീസണിലും ചക്ലയിലെ കൃഷിയിടങ്ങളിൽ വിതക്കുന്നതും, വിളവെടുക്കുന്നതും വിവിധതരം കാർഷികോൽപന്നങ്ങളാണ്.നെല്ല്, ചണം,കടുക്, വിവിധതരം പച്ചക്കറികൾ, പഴവർഗങ്ങൾ അങ്ങനെ പലതും അവരുടെ കൃഷിയിടങ്ങളിൽ അവർ കൃഷിചെയ്ത് വിളവെടുക്കുന്നു.

ശീതകാല കൃഷിയിലാണ് ഗ്രാമവാസികളിപ്പോൾ കടുകിന് പുറമെ കാരറ്റ്, മുള്ളങ്കി, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, വലിയ ഉള്ളി, കോളിഫ്ലവർ, കാബേജ്,മല്ലി…. തുടങ്ങി ബംഗാളി ജീവിതത്തിൽ ശീതകാലത്തുപയോഗിക്കപ്പെടുന്ന വിവിധതരം പച്ചക്കറിയിനങ്ങളുടെ വിശാലമായ കൃഷിയിടങ്ങൾക്കൊപ്പം പപ്പായ(കറമൂസ്സ)ത്തോട്ടങ്ങൾ വിസ്മയത്തോടെയാണ് ഞാൻ കണ്ടത്. ആഴ്‌ചകൾക്കകം കടുക് പാടങ്ങൾ മുഴുവൻ കൊയ്ത്തിന് പാകമാവും.ഒരിഞ്ച് ഭൂമിയും പാഴാക്കാതെ കൃഷിക്ക് ഉപയോഗിക്കുന്ന ഗ്രാമീണ ജനത, ഓരോ സീസണിലേയും കൃഷികൾ ഉപജീവനമാർഗ്ഗം എന്നതിലുപരി അവർക്ക് കഴിക്കാനുള്ള ഭക്ഷണവുമാവുമ്പോൾ ഈ ഗ്രാമീണ ജീവിതത്തോട് കൃഷിഭൂമി എത്രത്തോളം ഇഴുകിച്ചേർന്നിരിക്കുന്നുവെന്ന് മനസ്സിലാവും.കടുക് പാടങ്ങൾ വിളവെടുപ്പിന് ശേഷം ജൂട്ട് (ചണം) കൃഷിപ്പാടങ്ങളായി മാറും, ഒറ്റത്തടിയായി വളരുന്ന ചണച്ചെടിയുടെ ഇലകൾ കറിവെക്കാൻ പറ്റുന്ന വിധം ഭക്ഷ്യയോഗ്യമാണ്. ഉണക്കിയ ചണക്കമ്പിൽ ചാണകം കുഴച്ച് പിടിപ്പിച്ച് ഉണക്കിയെടുത്താണ് ഗ്രാമീണ ജനത വിറകായി ഉപയോഗിക്കുന്നത്.

ചണകൃഷിക്ക് ശേഷം പാടങ്ങൾ ഉഴുത് മറിച്ച് നെൽകൃഷിക്ക് പാകമാക്കും.അങ്ങനെ വയലുകളിൽ വർഷം മുഴുവൻ പലതരം വിളകൾക്കായി കാർഷിക യോഗ്യമാക്കി, ഓരോ സീസണിലും ഓരോ കൃഷികൾ ചെയ്ത് പരിപാലിച്ച്, വിളവെടുത്ത് അവർ ജീവിച്ചുവരുന്നു. കാർഷിക സംസ്ക്കാരത്തിന്റെ ഭാഗമാണല്ലോ പശു പരിപാലനവും. ചാണകവറളികൾ ചുമരിൽ കാണാത്ത വീടുകൾ ചക്ലയിൽ വളരെ വിരളമാണ്. ഒന്നര മണിക്കൂർ നീണ്ട പ്രഭാത നടപ്പ് അവസാനിച്ചതും ഫുലംദേവിയുടെ ചായകുടിച്ചു കൊണ്ടായിരുന്നു.ഇനിയുള്ള മൂന്ന് ദിവ സങ്ങൾ ചക്ലയുടെ നാട്ടുവഴികളിലൂടെ ഗ്രാമീണജീവിതരീതികളും,ബംഗാളീ കാർഷിക സംസ്ക്കാരവും,സാമൂഹിക-സാമുദായികബന്ധങ്ങളുമറിയാനുളള കാൽനടയാത്രയാണ്.രണ്ട് പതിറ്റാണ്ട് കാലത്തോളമായി ചക്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീറോ ഫൗണ്ടേഷന്റെ സാരഥി ചക്ലയിലെ ഗ്രാമീണജനതയെപ്പറ്റി സംസാരിച്ചു, ശേഷം ഗ്രാമീണവഴികളിലൂടെ ചക്ല എന്ന ഗ്രാമം കാണാനും,അറിയാനുമുള്ള യാത്ര ആരംഭിച്ചു.

കേരളീയർക്ക് ചിരപരിചിതമായ സാമൂഹികഘടനകളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇന്ത്യ രാജ്യത്തിലെ മറ്റ് പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലെ സാമൂഹിക ജീവിതം.സാധാരണ ഇന്ത്യൻ കാർഷിക ഗ്രാമത്തിന്റെ ഒരു ചെറിയ പതിപ്പു തന്നെയാണ് ചക്ലയും. തൊഴിലില്ലായ്മയും, ദാരിദ്യവും, ആരോഗ്യ-വിദ്യാഭ്യാസ-ധനകാര്യ – ബാങ്കിങ് മേഖലകളിലെ പരിമിതികൾ… എന്ന് തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതകൾ അടക്കം അങ്ങനെയെല്ലാ കാര്യത്തിലും പിന്നാക്കം നിൽക്കുന്ന ഒരു ബംഗാൾ ഗ്രാമമാണ് ചക്ല. 24 നോർത്ത് പർഗാനസ് ജില്ലയിലെ ദേഗംഗ അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ 13 പഞ്ചായത്തുകളിൽ ഒന്നാണ് ചക്ല, 22 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ഗ്രാമപഞ്ചായത്താണിത്.

ജാതിയുടെയോ, തൊഴിലിന്റെയോ അടിസ്ഥാനത്തിൽ ഒരുമിച്ച് ഒരു സമൂഹമായി ജീവിക്കുന്ന ചെറുഗ്രാമങ്ങളുടെ സഞ്ചയമാണ് ചക്ല.ഘോഷ്, കഹാർ,കർമ്മകാർ, പാർവ്വി(മുക്കുവർ),ചതോപാധ്യായ അഥവാ ചാറ്റർജി, മുഖോപാധ്യായ അഥവാ മുഖർജി,ബന്ധോപാധ്യായ അഥവാ ബാനർജി,ഡോം, മല്ലിഖ്, മണ്ഡൽ, ഖാസിം, സെയ്ദ്, ഷെയ്ഖ്,.. ഹിന്ദുക്കളിലും – മുസ്‍ലിംകളിലും പേരുകളിൽ സമാന ജാതിപ്പേരുകൾ കാണാം… നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മതപരിവർത്തന കാലത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണത്. ജാതി അല്ലെങ്കിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന ഗ്രാമങ്ങൾ. പൊതുവെ ബംഗാളിൽ 55 ശതമാനം വരുന്ന ദരിദ്ര കർഷകകുടുംബങ്ങളിൽ നാലു ശതമാനം കുടുംബങ്ങൾക്കേ സ്വന്തമായി കൃഷിഭൂമിയുള്ളൂ. ഭൂപരിഷ്‍കരണം നടന്നിട്ടുണ്ടെങ്കിലും ഭൂരഹിതരായവർ വളരെയേറെയുണ്ട് ബംഗാളീ ഗ്രാമങ്ങളിൽ.നിത്യ ദ്രാരിദ്ര്യത്തിന്റെ അടയാളങ്ങൾ നിരവധിയുണ്ട് ചക്ലക്ക്.

ഹിന്ദു വീടുകളിൽ നിന്നും മുസ്‍ലിംകളോ, മുസ്‍ലിം വീടുകളിൽ നിന്നും ഹിന്ദുക്കളോ ഭക്ഷണം കഴിക്കാറില്ല, അതുപോലെ തന്നെ ചായക്കടകളിലും വരെ ഇത് കാണാം! സമൂഹത്തിന്റെ സമസ്ത മേഖലകളിലും ജാതീയതയുടെ നീരാളിപ്പിടിത്തമുണ്ട്. ജാതിഭേദമന്യേയുള്ളതും അതുപോലെ തന്നെ ഹിന്ദു- മുസ്‍ലിം വീടുകൾ ഇടകലർന്ന രീതിയിലും ഉള്ളതായ സാമൂഹികജീവിതം ഈ ഗ്രാമത്തിൽ കാണാൻ കഴിയില്ല.സ്വന്തമായുള്ള കൃഷിഭൂമിയിൽ കൃഷിയിറക്കാനുള്ള സാമ്പത്തികശേഷി പോലുമില്ലാതെ അനേകം കുടുംബങ്ങളുണ്ട് ചക്ലയിൽ. ഒറ്റ മൺച്ചുമരിന് ഇരുവശവും ചാർത്തുപോലെ ഇറക്കിക്കെട്ടിയ നെടുംപുരകൾ പോലുള്ള ചെറിയ വീടുകളിൽ ചിലത് നേരിട്ട് കണ്ടു. മൺതറയിൽ മുളയും മണ്ണും ചേർത്ത് നിർമ്മിച്ച ഭിത്തിയുമുള്ള വൈക്കോലോ, ഷീറ്റോ മേഞ്ഞ് നിരനിരയായി കിടക്കുന്ന വീടുകൾ, ഇടയിൽ ചില ഇരുനിലവീടുകളും ഉണ്ട്.വളരെ കുറച്ച് കേൺക്രീറ്റ് വീടുകളും കണ്ടു. കോൺക്രീറ്റ് വീടുകളുടെ രൂപഘടനയിലും ചില പ്രത്യേകതകളുണ്ട്.

വീട്ടുമുറ്റത്ത് കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന കുഴൽക്കിണർ ഏതാണ്ട് എല്ലാ വീടുകളിലുമുണ്ട്. ചാക്ക് പുതപ്പിച്ച പശുക്കുട്ടികളും, ആട്ടിൻകുട്ടികളും സർവ്വസാധാരണമായ കാഴ്ചയാണ്, തണുപ്പ് മനുഷ്യർക്ക് മാത്രമല്ലല്ലോ! സഹജീവികളോട് കരുണയുള്ളവരാണ് ചക്ലയിലെ മനുഷ്യരും.ഗ്രാമീണ ജീവിതത്തിൽ സ്ത്രീകൾ പൊതുവെ വീട്, വീട്ടുപരിസരത്തെ തുണ്ട് ഭൂമിയിലെ കൃഷിപ്പണികൾ എന്നിവയിലൊതുങ്ങിക്കിടുമ്പോൾ, പുരുഷന്മാർ കൃഷിയിടങ്ങളിലേക്ക് പണിക്കിറങ്ങുന്നു. ദിവസക്കൂലി 200 നും 300 നും രൂപക്കിടയിലിന്നെന്നത് പ്രത്യേകം ഓർക്കണം. എല്ലാ ദിവസവും പണി കിട്ടാറുമില്ലയെന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.

നാടൻ ഭാഷയിൽ പറഞ്ഞാൽ കട്ടൻ ചായേന്റെ വെള്ളം ബംഗാളിയിൽ ‘ലിക്കർ ചാ’…. ആർഭാടമാണ് മിക്കവാറും വീടുകളിൽ. പാലു ചേർത്ത്,പഞ്ചസാരയിട്ട ചായയുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ!മിക്ക കുടുംബങ്ങളിലെയും പ്രഭാതഭക്ഷണം പൊരിയും, അതിന്റെ കൂടെ ഇത്തിരി ഉരുളക്കിഴങ്ങ് സബ്ജിയും ചേർന്നതാണ്.‘മൂടി’എന്നാണ് ബംഗാളിയിൽ ഈ ഭക്ഷണത്തിന് പറയുന്ന പേര്. ഉച്ചഭക്ഷണവും, അത്താഴവും അരിഭക്ഷണം അതായത് ചോറും അതിനോടെപ്പം പരിപ്പുകറിയും, ഉരുളക്കിഴങ്ങ് സബ്ജിയുമാണ്. ബംഗാളീയരുടെ ദൈനംദിന ഭക്ഷണത്തിൽ ഉരുളക്കിഴങ്ങിന് വളരെ പ്രധാന്യമുണ്ട്. പൊതുവെ മത്സ്യ പ്രിയരാണ് ബംഗാളീജനത, മാസത്തിൽ എത്ര ദിവസം മത്സ്യക്കറി കൂട്ടി ചോറുണ്ണാൻ കഴിയുമെന്നത് ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ശേഷിക്കനുസൃതമായിരിക്കും. (തുടരും)









