അതിരപ്പിള്ളി: കാട്ടാനയെ പ്രകോപിപ്പിച്ച വിനോദസഞ്ചാരികൾക്കെതിരെ ഷോളയാർ വനപാലകർ കേസെടുത്തു. തമിഴ്നാട്ടിൽനിന്നെത്തിയ അഞ്ചംഗ സംഘത്തിനെതിരെയാണ് കേസ്. ആനമല അന്തർസംസ്ഥാന പാതയിൽ ആനക്കയം ഭാഗത്ത് വ്യാഴാഴ്ചയാണ് സംഭവം.
ബൈക്കിലെത്തിയ സംഘമാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. ആനക്കയം ഭാഗത്ത് റോഡിൽനിന്ന് മാറി ഈറ്റക്കാട്ടിൽ തീറ്റയെടുത്തു നിൽക്കുകയായിരുന്നു കാട്ടാന. കാട്ടാനയെ കണ്ട് ബൈക്ക് നിർത്തി ഇറങ്ങിയ സംഘം ശബ്ദമുണ്ടാക്കിയും ആർത്തുവിളിച്ചും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് കാട്ടാന ഇവർക്കു നേരെ പാഞ്ഞടുത്തു. റോഡിലൂടെ ഇവർക്കു പിറകെ കുറച്ചു ദൂരം ആന ചിന്നംവിളിച്ച് പാഞ്ഞു.
ഓടിരക്ഷപ്പെട്ട ഇവർ ബൈക്കിൽ കയറി പോവുകയായിരുന്നു. വിവരം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഷോളയാർ വനപാലകർ കേസെടുത്തു. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിൽനിന്നെത്തുന്ന സഞ്ചാരികൾ പലരും കാട്ടാനകളെ പ്രകോപിപ്പിക്കുന്നത് മേഖലയിൽ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിരപ്പിള്ളി വനമേഖലയിൽ പത്തുമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ കബാലി എന്ന ആന നിലയുറപ്പിച്ചിരുന്നു.
കാറിലെത്തിയ ഒരു സംഘം യുവാക്കൾ വാഹനങ്ങൾ നിരയായി നിർത്തിയത് വകവെക്കാതെ അതിവേഗം ഓടിച്ചെത്തുകയും നിരന്തരം ഹോൺമുഴക്കി ആനയെപ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ പതിവായതോടെ വനംവകുപ്പ് കർശനനടപടിക്കൊരുങ്ങൂകയാണ്.
വാഹനം നിർത്തി ആനയെ പ്രകോപിപ്പിക്കുന്നവർക്കുനേരെ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇത്തരം പ്രവൃത്തി നടത്തുന്നവരുടെ വാഹനം പിടിച്ചെടുക്കാൻ പൊലീസും മോട്ടോർ വാഹനവകുപ്പുമായും വനം വകുപ്പ് ചർച്ചകൾ നടത്തിയതായും അറിയിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയിൽ കടന്ന് പ്രകോപിപ്പിക്കുന്ന ഇത്തരക്കാർക്ക് പിഴയും ജയിൽ വാസവും ലഭിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.









