രാജ്യത്തെ പൊതുഗതാഗത ശൃംഖലയായ ഇന്ത്യൻ റെയിൽവേ ക്രിസ്തുമസ് അവധികളുടെ ഭാഗമായി മുൻകൂട്ടിയുള്ള ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് അവസാനനിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇത് ഗുണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
ഓൺലൈൻ വഴിയും സ്റ്റേഷനിൽ നേരിട്ടെത്തിയും യാത്രക്കാർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. ഓൺലൈൻ വഴിയാണെങ്കിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടുറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി) ഔദ്യോഗിക വെബ്സൈറ്റായ www.irctc.co.in വഴിയും ‘റെയിൽ വൺ’ എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാം. ഓഫ്‌ലൈൻ വഴിയാണെങ്കിൽ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പോയി പണമടച്ച് യാത്ര ടിക്കറ്റുകൾ ഉറപ്പിക്കാം.
ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ
വർഷാരംഭത്തിൽ ഇന്ത്യൻ റെയിൽവേ മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ് കാലയളവിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. നേരത്തെ 120 ദിവസങ്ങൾക്ക് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും ഇപ്പോൾ 60 ദിവസങ്ങൾക്ക് മുമ്പ് മാത്രമേ ഓൺലൈൻ ആയിട്ടും ഓഫ്‌ലൈൻ ആയിട്ടും ടിക്കറ്റുകൾ റിസേർവ് ചെയ്യാൻ സാധിക്കുകയൊള്ളൂ. ഈ മാറ്റം യാത്രക്കാർക്ക് അവർ നിശ്ചയിച്ചിട്ടുള്ള സമയത്തിന് കൂടുതൽ കൃത്യത നൽകുന്നുണ്ടെന്നാണ് റെയിൽവേ വാദം.
റിസർവേഷൻ നിയമത്തിലെ മറ്റൊരു പ്രധാന മാറ്റമായിരുന്നു ആധാർ നമ്പർ ഐ.ആർ.സി.ടി.സി അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ രാജ്യത്ത് ആധാർ നമ്പർ ലിങ്ക് ചെയ്തവർക്ക് ബുക്കിങ് ആരംഭിച്ചുള്ള ആദ്യ 15 മിനുട്ടിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. എന്നാൽ ആധാർ നമ്പർ ലിങ്ക് ചെയ്യാത്ത ഉപഭോക്താക്കൾക്ക് ആദ്യ 15 മിനുട്ട് കഴിഞ്ഞതിന് ശേഷമേ ബുക്കിങ് നടത്താൻ സാധിക്കൂ. എന്നിരുന്നാലും, ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടറൈസ്ഡ് പി.ആർ.എസ് കൗണ്ടറുകൾ വഴി ജനറൽ റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയങ്ങളിൽ നിലവിൽ മാറ്റമൊന്നുമില്ല.









