അബൂദബി: ശിലാ യുഗമോ അല്‍ ഐനിലെ ആദിമനിവാസികളുടെ കാലം കാണാനോ ആഗ്രഹമുള്ളവരുണ്ടെങ്കില്‍ അത് യാഥാര്‍ഥ്യമാക്കുകയാണ് നവീകരണ ശേഷം തുറന്ന അല്‍ ഐന്‍ മ്യൂസിയം. മൂന്നുലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള വസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മരുഭൂമിയിലെ ദൗര്‍ലഭ്യതയെ അവസരങ്ങളും നവീകരണവുമാക്കി മാറ്റിയ സമൂഹങ്ങളുടെ ജീവിതത്തിലേക്കുള്ള അപൂര്‍വ നേര്‍ക്കാഴ്ചയാണ് മ്യൂസിയത്തിലുള്ളത്.
1969ല്‍ യു.എ.ഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് സ്ഥാപിച്ച മ്യൂസിയം വിപുലമായ നവീകരണത്തിനു ശേഷം വെള്ളിയാഴ്ചയാണ് വീണ്ടും തുറന്നത്. ചരിത്രപ്രസിദ്ധമായ സുല്‍ത്താന്‍ കോട്ടയോട് ചേര്‍ന്നാണ് യു.എ.ഇയിലെ ആദ്യ മ്യൂസിയമായ അല്‍ ഐന്‍ മ്യൂസിയം നിലകൊള്ളുന്നത്. രാഷ്ട്രത്തിന്റെ സംസ്കാരത്തിന്റെയും പുരാവസ്തു പൈതൃകത്തിന്റെയും മൂലക്കല്ലാണ് ഈ മ്യൂസിയം.
പാലിയോലിത്തിക്ക്, നിയോലിത്തിക്ക് കാലഘട്ടങ്ങള്‍ മുതല്‍ ഇസ്ലാമിന് മുമ്പും ആധുനിക കാലവും വരെയുള്ള അല്‍ഐനിലെ മനുഷ്യവാസത്തിന്റെ ചരിത്രം മ്യൂസിയത്തിലെ പ്രദര്‍ശനങ്ങളില്‍ കാണാം. ഭൂമിയിലെ ഏറ്റവും കഠിനമായ അന്തരീക്ഷങ്ങളിലൊന്നില് ആദ്യകാല കുടിയേറ്റക്കാര്‍ ജലസംവിധാനങ്ങള് എങ്ങനെ രൂപകല്‍പ്പന ചെയ്തു, സമൂഹങ്ങള്‍ നിര്‍മിച്ചു, അഭിവൃദ്ധി പ്രാപിച്ചു എന്നിവ വെളിപ്പെടുത്തുന്ന പുരാവസ്തുക്കള്‍, സംവേദനാത്മക പ്രദര്‍ശനങ്ങള്‍, സംരക്ഷിത സ്ഥലങ്ങള്‍ എന്നിവയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
1000 ബി.സി മുതല്‍ 300 സി.ഇ വരെയുള്ള കാലത്തെ അല്‍ഫാജ് കിണറുകള്‍, ഭൂഗര്‍ഭ ജല ചാനലുകള്‍, 300 ബി.സി.ഇക്കും 300സിഇക്കും ഇടയിലുള്ള ശവകുടീരം, പൂരാതന ശിലാ കൊത്തുപണികള്‍, ശൈഖ് സായിദിന് ലഭിച്ച നയതന്ത്ര സമ്മാനങ്ങള്‍, പാലിയോലിത്തിക് കാലത്തിലെ ശിലാ ഉപകരണങ്ങള്‍, 300 ബി.സി മുതലുള്ള നാണയങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെ പ്രദര്‍ശനത്തിലുണ്ട്.









