
റിയാദ്: രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി അറേബ്യയിൽ ശക്തമായ നടപടികൾ തുടരുകയാണ്. സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 23,094 അനധികൃത താമസക്കാരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 9 മുതൽ 15 വരെയുള്ള കാലയളവിലാണ് ഈ അറസ്റ്റുകൾ നടന്നത്.
അറസ്റ്റിലായവരിൽ 13,604 പേർ താമസനിയമം ലംഘിച്ചവരും, 4,816 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 4,674 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. നിയമനടപടികളുടെ ഭാഗമായി, നിലവിൽ 31,614 നിയമലംഘകർ നടപടിക്രമങ്ങൾ നേരിടുന്നുണ്ട്. ഇവരിൽ 29,933 പുരുഷന്മാരും 1,681 സ്ത്രീകളും ഉൾപ്പെടുന്നു.
Also Read: കിഴക്കൻ മേഖലയിൽ ശക്തമായ മഴ; മസാഫിയിൽ റോഡിലേക്ക് പാറകൾ പതിച്ചു
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ആകെ 13,725 പേരെ ഒരാഴ്ചയ്ക്കുള്ളിൽ സൗദിയിൽ നിന്ന് നാടുകടത്തി. കൂടാതെ, 22,989 നിയമലംഘകരെ യാത്രാ രേഖകൾക്കായി അതത് നയതന്ത്ര കാര്യാലയങ്ങളിലേക്കും 3,568 പേരെ യാത്രാ നടപടികൾ പൂർത്തിയാക്കാനുമായി റഫർ ചെയ്തു.
അനധികൃതമായി രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിച്ച 2,061 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അതിർത്തി ലംഘിക്കാൻ ശ്രമിച്ചവരിൽ 43% യെമൻ പൗരന്മാരും 56% എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 27 പേരെയും പിടികൂടി. നിയമലംഘകർക്ക് യാത്രാ സൗകര്യം, താമസസ്ഥലം, തൊഴിൽ എന്നിവ നൽകിയതുമായി ബന്ധപ്പെട്ട് 17 പേരെയും സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
The post താമസ-തൊഴിൽ നിയമലംഘകർ കുടുങ്ങി; സൗദിയിൽ സുരക്ഷാ പരിശോധനയിൽ 23,094 പേർ അറസ്റ്റിൽ appeared first on Express Kerala.









