ഇന്ത്യ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ജനസംഖ്യ ഏറ്റവും കൂടുതലുള്ള 100 ജില്ലകളിൽ ഒന്നാണ് പശ്ചിമബംഗാളിലെ 24 നോർത്ത് പർഗാനസ്. 24 നോർത്ത് പർഗാനസ് ജില്ലയിലെ ബറാസത്ത് സബ് ഡിവിഷനിലുള്ള ചക്ല എന്ന ഗ്രാമത്തിൽ ഏഴിലധികം സ്വകാര്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്, എന്നാൽ ഇവിടങ്ങളിലെ ഒരു ക്ലിനിക്കിലും പ്രാക്ടിസ് ചെയ്യുന്നത് മെഡിക്കൽ ബിരുദം നേടിയ യോഗ്യതയുള്ള ഡോക്ടർമാരല്ല എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? ബംഗാളിന്റെ ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ‘ഡോക്ടർമാർ’, ഫാർമസിസ്റ്റുകൾ എന്നിവരിൽ പലരും ഹൈസ്ക്കൂൾതലം പോലും വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും,
ഔപചാരിക വിദ്യാഭ്യാസം നേടാത്തവരും വർഷങ്ങളായി ‘മെഡിക്കൽ’ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടർമാരാണ്! ബംഗാളി ഗ്രാമങ്ങളിൽ ഇത്തരം ഡോക്ടർമാർ അസുഖങ്ങൾക്ക് ചികിത്സയും മൈനർ ശസ്ത്രക്രിയകളും,പ്രസവങ്ങൾ വരെയും കൈകാര്യം ചെയ്യുന്നുണ്ട്. വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാമെങ്കിലും യഥാർഥചിത്രം അതാണ്. ഏറ്റവും വലിയ വിരോധാഭാസം ഇതൊരു വലിയ സാമൂഹ്യ പ്രശ്നമോ,നിയമലംഘനമോ ആയിട്ടല്ല ബംഗാളിലെ ഗ്രാമീണ ജനസമൂഹം കാണുന്നത് എന്നതാണ്. അസുഖങ്ങൾ പിടിപെട്ടാൽ ഗ്രാമങ്ങളിലെ സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ സംവിധാനങ്ങൾ നൽകാനും,കാര്യക്ഷമതയോടെ നിലനിർത്താനുമുള്ള ബാധ്യത സർക്കാറിന് അല്ലേ?

ചക്ലയിലെ ഇംഗ്ലീഷ് മെഡിക്കൽ സ്റ്റാൾ & ഡോക്ടറുടെ ക്ലിനിക്കും പിന്നെസൈക്കിൾ വണ്ടിയിൽ ചികിത്സയ്ക്ക് എത്തിച്ച രോഗിയും.
ബംഗാൾ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുടെ ചികിത്സാകാര്യങ്ങൾക്ക് ഈ 2025 കാലഘട്ടത്തിലും ആശ്രയം ഒരുവിധ യോഗ്യതകളുമില്ലാത്ത ‘മെഡിക്കൽ പ്രാക്ടീഷണർമാർ’തന്നെ ആണ്. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജക്കന്മാർ വാഴുന്നു, ചികിത്സക്ക് ചെലവ് വളരെ കുറവാണെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുമുണ്ട്. ഇങ്ങനെ ഗ്രാമങ്ങളിൽ ആതുരസേവന പ്രക്രിയയിൽ ഏർപ്പെട്ട മികച്ച ‘ഡോക്ടർമാരെയും’ അവരുടെ ക്ലിനിക്കുകളും നേരിട്ട് കാണാൻ സീറോ ഫൗണ്ടേഷൻ സംഘടിപ്പിച്ച ബംഗാൾ യാത്രയിലൂടെ സാധിച്ചു.
സർക്കാർ സംവിധാനങ്ങളെ അപഹാസ്യമാക്കിക്കൊണ്ട് ബംഗാൾ ഗ്രാമങ്ങളിലെ ആരോഗ്യമേഖലയിൽ ഇത്തരം സ്വയം പ്രഖ്യാപിത ഡോക്ടർമാർ പ്രവർത്തിക്കുന്നു, മരുന്ന് കുറിക്കുന്നു,പല്ല് പറിക്കുന്നു എന്തിനേറെ ശസ്ത്രക്രിയകൾ വരെ ചെയ്യുന്നു! ഇങ്ങനെയൊക്കെയാണ് ബംഗാളിൽ കാലാകാലങ്ങളിൽ ജനങ്ങളാൽ ഭരണച്ചുമതലയേല്പിക്കപ്പെട്ട ജനാധിപത്യ ഭരണകൂടങ്ങൾ ജനങ്ങൾക്കായി തിരിച്ച് നൽകിയ മികച്ച ഭരണ സംഭാവനകൾ! ചക്ലയിലെ ജനങ്ങൾക്ക് ഏറ്റവും അടുത്ത സർക്കാർ ആശുപത്രിയിൽ എത്താൻ 7കിമീ സഞ്ചരിക്കണം. ബംഗാൾ സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് നാഷനൽ റൂറൽ ഹെൽത്ത് മിഷൻ്റെ കീഴിൽ ചക്ല പഞ്ചായത്തിലെ റായ്പൂരിലാണ് 10 കിടക്കകളുളള പ്രൈമറി ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്.
ഈ ആശുപത്രിയിൽ മാസത്തിൽ ഒരു തവണപോലും ഡോക്ടമാർ ഡ്യൂട്ടിക്ക് എത്താറില്ല എന്നതാണ് അറിയാൻ കഴിഞ്ഞത്. 20 കിമീ സഞ്ചരിച്ചാൽ മാത്രമെ ചികിത്സക്കും, പ്രസവാവശ്യങ്ങൾക്ക് പോലും മറ്റൊരു ആശുപത്രിയെ ആശ്രയിക്കാനാവൂ എന്നതാണ് സത്യം. നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ചികിത്സ ക്ലിനിക്കുകളിലും, പരിശോധനാ ചേംബറുകളിലും പ്രവർത്തിച്ച് വൻതുകകൾ ഫീസ് വാങ്ങി സമ്പന്നരാകാനാണ് മെഡിക്കൽ ബിരുദധാരികൾ ഇഷ്ടപ്പെടുന്നത്. ഉൾഗ്രാമങ്ങളിൽ സർക്കാർ ആശുപത്രികൾ കുറവാണ്, ഉണ്ടെങ്കിൽ നിയമിതരായ ഡോക്ടർമാർ പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നില്ലെന്നത് മറ്റൊരു ദുരന്തമാണ്. അതുകൊണ്ടുതന്നെ ഒരുവിധ ആധുനിക മെഡിക്കൽ പരിജ്ഞാനവും ഇല്ലാത്ത ‘മെഡിക്കൽ പ്രാക്ടീഷണർ’മാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന യാഥാർഥ്യം കേരളീയരായ നമ്മളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തും.
ബാങ്കിങ് സംവിധാനങ്ങളും,സഹകരണ സംഘങ്ങളും
വികസ്വര രാജ്യങ്ങളില്‍ ബാങ്കുകള്‍ പ്രധാന സാമ്പത്തിക ഇടനിലക്കാരാണ്. ജനസമൂഹങ്ങളുടെ സാമ്പത്തിക നേട്ടങ്ങളുടെ പ്രധാന കാരണങ്ങള്‍ ബാങ്ക് നിക്ഷേപവും ബാങ്ക് വായ്പയുമാണ്. ഗ്രാമങ്ങളിലെ സാധാരണ ജനതയുടെ ജീവിതത്തെ ശക്തിപ്പെടുത്തുക വഴി രാഷ്ട്ര പുനർനിർമാണത്തിന്റെയും,അതിലേക്ക് സഹകരണ സംഘങ്ങളുടെയും ആവശ്യകതയെയും കുറിച്ച് പഠിക്കാനായി മഹാനായ ടാഗോർ ആശ്രയിച്ചത് സർ ഡാനിയൽ ഹാമിൽട്ടണെയായിരുന്നു. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായ സർ ഡാനിയൽ ഹമിൽട്ടൺ ജീവിച്ചിരുന്നത് ബംഗാളിലായായിരുന്നു,
‘ഇന്ന് ബംഗാൾ ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കും…’ ബംഗാളിനെപ്പറ്റി ഇങ്ങനെ മേനി പറഞ്ഞവർ സഹകരണസംഘങ്ങളുടെ കാര്യങ്ങളിലും എങ്ങനെ അല്ലെങ്കിൽ എന്ത് കൊണ്ട് ബംഗാൾ പിന്നോട്ട് പോയി എന്ന് ചിന്തിച്ചിട്ടുണ്ടാവുമോ? സർ ഡാനിയൽ ഹാമിൽട്ടൺ എന്ന സ്കോട്ട്ലൻഡുകാരൻ സായിപ്പ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാളിലെ സുന്ദർബൻ പ്രദേശത്ത് 9000 ഏക്കർ ഭൂമി വില കൊടുത്ത് വാങ്ങുകയും, ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാളിലെ ദാരിദ്ര്യബാധിതരായ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ചിന്താസരണികൾ ഗോസബ ദ്വീപിൽ പ്രാവർത്തികമാക്കുകയുണ്ടായി.

ഗോസബയിലും മറ്റ് സുന്ദർബൻ പ്രദേശങ്ങളിലെയും ജനങ്ങൾക്കിടയിൽ അദ്ദേഹം സഹകരണ സംവിധാനം എന്ന ആശയം അവതരിപ്പിച്ചു, അങ്ങനെ സമൂഹത്തോടുള്ള ഉത്തരവാദിത്തം പങ്കിട്ടെടുക്കാൻ പരസ്പര സഹായങ്ങൾ കൊണ്ട് കഴിയുമെന്ന് ജനങ്ങളെ ബോധവത്കരിച്ച് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് തുടക്കം സുന്ദർബൻസിലെ സഹകരണ സംഘങ്ങളുടെ സ്ഥാപനത്തോടെ അദ്ദേഹം ആരംഭിച്ചു. ഗോസബയിൽ 1918 ൽ 15 അംഗങ്ങളുള്ള സഹകരണ ക്രെഡിറ്റ് സൊസൈറ്റി, ഒരു കൂട്ടം ഗ്രാമീണ ക്രെഡിറ്റ് സൊസൈറ്റികളുടെ ഒരു ന്യൂക്ലിയസ് എന്ന രീതിയിൽ ആരംഭിച്ചു.1919- കേന്ദ്ര കാർഷിക ഫാം,1923ൽ ഒരു സഹകരണ നെല്ല് വിൽപന സൊസൈറ്റി, 1924ൽ ഗോസബ സെൻട്രൽ കോ-ഓപറേറ്റിവ് ബാങ്ക്,1927ൽ ജമിനി റൈസ് മിൽ,1934ൽ റൂറൽ റീകൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ആരംഭിച്ചു. നൊബേൽ സമ്മാന ജേതാവായ കവി രവീന്ദ്രനാഥ ടാഗോറിന്റെ സമകാലികനും അടുത്ത സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം, ഗ്രാമ പുനർനിർമാണത്തിന്റെയും ,സഹകരണസംഘങ്ങളുടെയും ആവശ്യകതയെക്കുറിച്ച് ടാഗോർ പഠിച്ചത് ഹമിൽട്ടണിൽ നിന്നാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതെക്കുപടിഞ്ഞാറൻ ബംഗാളിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആദിവാസികൾക്ക്, ഗോസബയിൽ ഹമിൽട്ടൺ അഭയം നൽകി. കൃഷി,സംഭരണം, സഹകരണ ബാങ്കിങ് സംവിധാനം എന്നി ആശയങ്ങളിലൂടെ,അവിടെ സഹകരണ സംഘങ്ങളെ അടിസ്ഥാനമാക്കി ഒരു ആദർശ സമൂഹം വികസിപ്പിക്കുകയും ചെയ്ത സർ ഡാനിയൽ ഹമിൽട്ടണാണ് ഇന്ത്യയിൽ സഹകരണ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്, ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടത് സുന്ദർബൻ പ്രദേശം 24 നോർത്ത് പർഗാനസ് ജില്ലയിലുൾപ്പെടുന്നതും,ബംഗാൾ സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയാണെന്നതുമാണ്. ഹമിൽട്ടന്റെ ആശയങ്ങളുടെ തുടർച്ച ഏറ്റെടുത്ത് ശക്തിപ്പെടുത്തി ബംഗാളി ഗ്രാമീണ കാർഷികമേഖലയെ,ഗ്രാമീണ ജനതയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ എല്ലാം അറിയുന്നവരെന്ന് അഹങ്കരിച്ച രാഷ്ട്രീയക്കാർക്കും, കൽക്കത്താ നഗരത്തിലെ കോളജ് സ്ട്രീറ്റിലെ ഇന്ത്യൻ കോഫിഹൗസിലെ കാപ്പിക്കോപ്പ ബുദ്ധിജീവിക്കൾക്കും കഴിയാതെ പോയി.

22 വാർഡുകളുള്ള ചക്ല എന്ന കാർഷിക ഗ്രാമപഞ്ചായ ത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്താവാൻ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഒരു ബ്രാഞ്ച് ചക്ലയിലെ പത്തർഖട്ട എന്ന സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്.ചക്ല കാർഷിക സഹകരണ ബാങ്ക് (കൃഷി ഉന്നയൻ സമിതി) ചക്ലയിൽ കാലോചിതമായി പരിവർത്തനപ്പെടാതെ, ഒട്ടും സൗഹൃദപരമല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 1975 ൽ തുടങ്ങിയതും, 2003 മുതൽ പണമിടപാടുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തിട്ടുള്ളതുമായ ഈ ബാങ്ക് ഇപ്പോഴും പ്രവർത്തിക്കുന്നത് ചെറിയ ഒരു മുറിക്കകത്താണ്, രാവിലെ എട്ടു മണി മുതൽ 11 മണി വരെയും, വൈകുന്നേരം നാലു മുതൽ ഏഴു വരെയുമാണ് ബാങ്കിന്റെ പ്രവർത്തന സമയം. കമ്പ്യൂട്ടർവത്കരണം ഇന്നും അന്യമായ ഈ ബാങ്കിന്റെ പ്രവർത്തനം ഒരു ജീവനക്കാരനിലൂടെ മാത്രമാണ്. ചക്ലക്ക് സമീപ പഞ്ചായത്തുകളിലൊന്നും ഇത്രയും ‘വലിയ’ ബാങ്ക് സംവിധാനം ഇല്ലായെന്നതും യഥാർത്ഥ്യമാണ്. ബംഗാൾ സംസ്ഥാന സഹകരണ ബാങ്കാണ് പ്രാഥമിക കാർഷിക സഹകര സംഘങ്ങളെ നിയന്ത്രിക്കുന്നത്.ജന സംഖ്യാനുപാതികമായി ബാങ്കിങ് സംവിധാനം ഇന്ത്യാ രാജ്യത്ത് വികസിച്ചിട്ടില്ലയെന്ന യാഥാർത്ഥ്യം വസ്തുതാപരമായി തിരിച്ചറിയുമ്പോഴും ബംഗാളി ഗ്രാമങ്ങളിൽ ബാങ്കിങ് പ്രവർത്തനങ്ങൾ വളരെയേറെ പരിമിതമാണ് . ചില ബാങ്കുകളുടെ സർവിസ് സെന്ററുകൾ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.പതിനായിരം രൂപ വരെയുള്ള പണവിനിമയ സംവിധാനങ്ങൾ മാത്രമായി ഇത്തരം സർവിസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ ഒതുങ്ങുന്നു.
ചക്ലയിലെ സ്കൂളുകൾ
ഭരണാധികാരികൾക്ക് ഉണ്ടാവേണ്ടത് വിദ്യാർഥികൾക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും, വളരാനുള്ള ഭൗതിക സാഹചര്യവും, രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരാകാൻ അവരെ പ്രാപ്തരാക്കുന്ന പാഠ്യപദ്ധതിയും ഉറപ്പാക്കുക എന്ന വിശാലമായ കാഴ്ചപ്പാടും ലക്ഷ്യവുമാണ്. കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമാണ് ഒരു ജനതയുടെ വളർച്ചയുടെ അടിസ്ഥാന ശില. എന്നാൽ എന്തൊക്കെയാണ് ബംഗാളിലെ ഗ്രാമങ്ങളിൽ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമെന്ന് നിങ്ങളും അറിയണം.പേരിനുമാത്രം പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകൾ, കൃത്യതയോ, കാര്യക്ഷമതയോ ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ,പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന വിദ്യാർഥികൾ, സ്കൂളിനെ ഉച്ചഭക്ഷണ വിതരണകേന്ദ്രമായി കാണുന്ന അധ്യാപകരും, ഭക്ഷണ ഗുണഭോക്താക്കളാവാൻ മാത്രം വിധിക്കപ്പെട്ട വിദ്യാർഥി സമൂഹവും…. ബംഗാളിലെ ഗ്രാമീണ ജനതയുടെ അവസ്ഥ ദയനീയം!
ചക്ല ഗ്രാമത്തിൽ ലോവർ പ്രൈമറി (5 വയസ്സു മുതൽ 9 വയസ്സ് വരെ @ 1 Std to 5 Std ) തലത്തിൽ 13 സ്കൂളുകളും,5 കിമീ അകലെ ഒരു ഹൈസ്കൂളും, 18കിമീ അകലെ ഒരു കോളജും പ്രവർത്തിക്കുന്നുണ്ട് ഒട്ടും കാര്യക്ഷമത ഇല്ലാതെ.പതിനൊന്ന് മണിയാവുമ്പോഴെക്കും ഓടിക്കിതച്ച് എത്തുന്ന അധ്യാപകരും, ഉച്ചയാവുമ്പോഴെക്കും ഭക്ഷണത്തിന് വേണ്ടി മാത്രം സ്കൂളിലെത്തുന്ന കുട്ടികളും! അവിടെ ഹാജർ നിലയോ, കുട്ടികളുടെ അക്ഷരജ്ഞാനമോ ആർക്കും പ്രശ്നമല്ലാതാവുന്നു,SSLC ലെവലിൽ എത്തിയ വിദ്യാർഥികൾക്ക് പോലും ബംഗാളി ,ഹിന്ദി, ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതാൻ പോലും അറിയില്ല. പഠനമല്ല സ്കൂളിലെത്താനുള്ള കാരണം മറിച്ച് വിശപ്പാണ്! അതെ ഏറ്റവും വലിയ പ്രശ്നം വിശപ്പാണ്, ഒരു നേരത്തെ ഭക്ഷണമെങ്കിൽ അത്,അതിനായി മാത്രം സ്കൂളിൽഎത്തുന്നവരാണ് കുട്ടികൾ. രക്ഷിതാക്കൾ വയലുകളിൽ കഠിനാധ്വാനം ചെയ്യുമ്പോൾ കന്നുകാലികളുടെ പരിപാലനം കുട്ടികൾക്ക് ഏറ്റെടുക്കേണ്ടി വരുന്നു. വേണ്ടത്ര പോഷകാഹാരങ്ങളില്ലാതെ വളരുന്ന കുട്ടികൾ,നിത്യ ജീവിതത്തിനായി രക്ഷിതാക്കളെ സഹായിച്ചുകൊണ്ടാണ് ഓരോ കുട്ടിയും വളർന്നു വരുന്നത്.6 മീറ്റർ നീളം വരുന്ന ഒരു സാരിയിൽ കല്ലുകളും, മുത്തുകളും പിടിപ്പിച്ചു നൽകിയാൽ 300 രൂപ ലഭിക്കും. സുക്ഷ്മതയോടെ ഈ പ്രവൃത്തി സമയ ലഭ്യതക്കനുസരിച്ച് വീട്ടിലെ എല്ലാവരും കൂടി ചെയ്ത് പൂർത്തീകരിക്കുകയാണ് പതിവ്.. എന്നാൽ അതേ സാരി മാർക്കറ്റിൽ വിൽക്കപ്പെടുന്നത് 5000 മുതൽ 6000 രൂപ വരെ വിലക്കായിരിക്കുമെന്നതും ഓർക്കണം!

സീറോ ഫൗണ്ടേഷന്റെ സ്കൂൾ
ഞങ്ങൾ നേരിട്ട് കണ്ട അംഗൻവാടിയുടെയും കാര്യം മറിച്ചായിരുന്നില്ല. ഒരു വീടിനോട് ചേർന്ന ചായ്പ്പ്, മുറ്റത്ത് അടുപ്പ്, വിശാലമായി പടർന്ന് നിൽക്കുന്ന ഒരു മാവ് പടർത്തുന്ന തണലാണ് മുറ്റം മുഴുവൻ,ആ മുറ്റത്തും ചായ്പ്പിലുമായി കുഞ്ഞുകുട്ടികൾ നിലത്ത് ചാക്കുവിരിച്ച്, അതിന്മേലാണ് ഇരിക്കുന്നത്. രാവിലെ10-11 മണിയാവുമ്പോഴെക്കും 3മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾ ഓരോ ചാക്കുമായി എത്തുന്നു, ചാക്ക് അവരവർക്ക് ഇരിക്കാനുള്ളതാണ്.തുടർന്ന് എത്തിച്ചേർന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഭക്ഷണം പാകം ചെയ്യാനുള്ള കാര്യങ്ങൾ ആരംഭിക്കുകയും പാകമായ ഭക്ഷണം വിളമ്പിക്കൊടുക്കയും,അത് വിളമ്പിക്കിട്ടുന്നതവരെ ഭക്ഷണം എന്ന ഏക പ്രതീക്ഷയിൽ കളിചിരിയോടെയിരിക്കുന്ന മക്കളും, ഭക്ഷണശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്കുംമടങ്ങുന്നു, ഇങ്ങനെയൊക്കെയാണ്സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ. അക്ഷരജ്ഞാനമില്ലാത്ത മുൻതലമുറയുടെ തനിയാവർത്തനംമാത്രമാണ് ഗ്രാമങ്ങളിലാകെ സംഭവിച്ചത്!

എന്ത് രാഷ്ട്രീയ പ്രവർത്തനമാണ്, എന്ത് സാമൂഹിക പരിവർത്തനമാണ് 1945 മുതൽ 2023 ഈ ദിവസം വരെ ബംഗാളിലെ രാഷ്ട്രീയപാർട്ടികളും,സർക്കാറുകളും നടത്തിയത്…?
1947 ആഗസ്റ്റ് 15 ന് പ്രഫുല്ല ചന്ദ്രഘോഷിൽ തുടങ്ങി ബിദാൻചന്ദ്ര റായ്, അജോയ്കുമാർ മുഖർജി, സിദ്ധാർഥശങ്കർ റായ്,ജ്യോതി ബസു, ബുദ്ധദേബ് ഭട്ടാചാര്യ, മമതാ ബാനർജിയിലൂടെ തുടർന്നു വരുന്ന ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തപ്പെടുക തന്നെവേണം. പശ്ചിമ ബംഗാൾ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 68.13% മനുഷ്യരും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും യഥാക്രമം 3,18,44,945 ഉം 3,03,38,168 ഉം വരും. പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ മൊത്തം ജനസംഖ്യ 6,21,83,113 ആയിരുന്നു. 2001-2011ൽ രേഖപ്പെടുത്തിയ ജനസംഖ്യാ വളർച്ചാ നിരക്ക് 68.13 % ആണ്. പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ-പുരുഷ അനുപാതം1000 പുരുഷന്മാർക്ക് 953 സ്ത്രീകൾ എന്ന നിരക്കിലാണ്,അതേ സമയം കുട്ടികളിൽ (0-6 വയസ്സ്)1000 ആൺകുട്ടികൾക്ക് 959 പെൺകുട്ടികൾ എന്ന രീതിയിലാണ്,78,20,710 കുട്ടികൾ ഗ്രാമപ്രദേശങ്ങളിലാണ്ജീവിക്കുന്നത്. മൊത്തം ഗ്രാമീണ ജനസംഖ്യയുടെ 12.58 ശതമാനം കുട്ടികളാണ്. ഗ്രാമങ്ങളിൽ മെച്ചപ്പെട്ട റോഡുകളും ഗതാഗതസൗകര്യങ്ങളും ഇല്ല.പഠിക്കാൻ വിദ്യാലയങ്ങളും, ചികിത്സക്ക് ആശുപത്രികളും ഉണ്ടെങ്കിലും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ല,
എന്തുകൊണ്ടാണ് ബംഗാൾ ഗ്രാമങ്ങളിലെ പൊതുജനസേവന സംവിധാനങ്ങളെല്ലാം ഇങ്ങനെ കാര്യക്ഷമത ഇല്ലാതെ ആയിത്തീർന്നത്?
ഗ്രാമീണജനതയുടെ ജീവിതസാഹചര്യങ്ങളെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തകളും,കാര്യക്ഷമ ഇല്ലാത്ത സേവന സംവിധാനങ്ങളും കൂടുതൽ കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണ്.ഇതിനെല്ലാം പുറമെയാണ് ഭൂവുടമകളുടെയും,പ്രാദേശിക പണമിടപാടുകാരുടെയും ചൂഷണം. സാധാരണക്കാർ കാർഷികമായ ആവശ്യങ്ങൾക്കായും,അല്ലാതെയും പണമിടപാടുകാരിൽ നിന്നും കടം വാങ്ങുന്ന ചെറിയ തുകകൾക്ക് പോലും വലിയ തുക പലിശയായി നൽകിയിട്ടും തീരാത്തതാണ് ഇത്തരം കടങ്ങൾ.സാധാരണക്കാരുടെ പരിമിതമായ അറിവ് ചൂഷണം ചെയ്ത് കൊഴുത്ത് വളരുന്നപുത്തൻ ‘ഷൈലോക്ക്’ മാർ ചക്ലയിലും ശക്തമാണ്.
ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാൻ രാപ്പകൽ അധ്വാനിക്കുന്നവർ,ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ വെന്തുരുകുന്നവർ,അവർ ജീവിച്ചു വരുന്ന ചക്ല എന്ന ഗ്രാമം ഓരോ അനുയോജ്യമായകൃഷികളുമായി വർഷം മുഴുവൻ അദ്ധ്യാനിച്ചിട്ടും ദാരിദ്ര്യം മാത്രമാണ് ബാക്കി ആവുന്നത്.ബംഗാളിലെ ദാരിദ്യത്തിൻ്റെ പ്രതീകമാണ് ചക്ല എന്ന ഗ്രാമം.

അമ്പതുകളില്‍ ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ബംഗാൾ ,ഇന്ത്യയുടെ ശരാശരി ആളോഹ രി വരുമാനത്തിന് മുകളിലായിരുന്നു ബംഗാളിന്റേത്. ഇന്ന് ബംഗാൾ ഗ്രാമങ്ങൾ കാർഷിക മേഖലയിലെ തൊഴിൽ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരും, തൊഴില്‍രഹിതരുമാണ് കൂടുതൽ. തൊഴില്‍ അവസ രങ്ങൾ നൽകാൻ വ്യവസായങ്ങള്‍ ഒന്നും കാര്യമായി ഉണ്ടായില്ലായെന്ന് മാത്രമല്ല ഉണ്ടായിരുന്നവ ഏറെക്കുറെ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. കേരളത്തിൽ നടപ്പിലാക്കിയ പോലെ പൂർണമായിട്ടല്ലെങ്കിലും ബംഗാളിലും ഭൂപരിഷ്ക്കരണം നിയമം വഴി നടപ്പാക്കാൻ ശ്രമിച്ചതിന്റെ ഫലമായി കാർഷിക മേഖലയിലുണ്ടായ മാറ്റങ്ങൾ ഉണ്ടായത് കാർഷികോൽപന്നങ്ങളുടെ ഉൽപാദന നിരക്ക് വർധിച്ച് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രീതിയിലായിരുന്നു.
എന്നാൽ പിന്നീടത് താഴേക്ക് വരികയാണുണ്ടായത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ നൂറുജില്ലകളുടെ പട്ടികയില്‍ ബംഗാളിലെ 22 ജില്ലകളിൽ 17 ജില്ലകളും ഉൾപ്പെടും.ഉത്തര്‍ ദിനാജ്പുര്‍,ദക്ഷിണ്‍ ദിനാജ്പുര്‍, ജല്‍പാൽഗുഡി, മുര്‍ഷിദാബാദ്, പുരുലിയ, ബാങ്കുര, മാള്‍ഡ, മേദിനിപുര്‍ തുടങ്ങിയ ജില്ലകളിലെ പട്ടിണിയെക്കുറിച്ച് ഇതിനകം തന്നെ റിപ്പോർട്ടുകളും, പത്രവാർത്തകളും നിരവധി തവണ വന്നു കഴിഞ്ഞതാണ്. ഭൂപരിഷ്‌കാരണത്തിന്റെ ഫലമായി ആദ്യകാലങ്ങളിൽ കാര്‍ഷികോത്പാദന നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതായിരുന്നു, കാലക്രമേണ അത് വളരെ താഴോട്ട് പോയി. കൃഷിഭൂമിയിൽ മുഴുവനായി ജലസേചനസൗകര്യങ്ങൾ എത്തിക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. കാർഷിക മേഖലയിലൂടെ തന്നെയാണ് മൊത്തം ജനസംഖ്യയിലെ 43% ജനങ്ങളും ഇന്നും ജീവിച്ചു വരുന്നത്. ജനങ്ങൾക്ക് വ്യവസായ മേഖലകളിൽ തൊഴില്‍ കണ്ടെത്തണമെങ്കിൽ വ്യവസായങ്ങൾ കാര്യമായി ഉണ്ടായതുമില്ല.









