
തിരുവനന്തപുരം: സ്‌കൂള്‍ ഒളിംപിക്‌സില്‍ നീന്തല്‍ക്കുളത്തില്‍നിന്നും പൊന്നുവാരിക്കൂട്ടി തിരുവനന്തപുരം. ആദ്യദിനത്തിലെ 24 മത്സരത്തില്‍ 17 സ്വര്‍ണവും നീന്തിയെടുത്ത് തലസ്ഥാനത്തിന്റെ ജലരാജാക്കന്മാറും റാണിമാരും. 16 വെള്ളിയും 11 വെങ്കലവുമായി 143പോയിന്റോടെ തിരുവന്തപുരം ആധിപത്യം ഉറപ്പിച്ചു. 35 പോയിന്റ് മാത്രമാണ് തൊട്ടുപിന്നിലുള്ള തൃശൂരിന് നേടാനായത്.
അഞ്ച് സ്വര്‍ണവും നാലു വെള്ളിയും നേടി 37 പോയിന്റ് നേടിയ തുണ്ടത്തില്‍ എം വി എച്ച്എസ്എസ് ആണ് ആദ്യദിനത്തില്‍ തിരുവനന്തപുരത്തിന്റെ കരുത്തായത്. മൂന്ന് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും നേടി 19 പോയിന്റുമായി വെഞ്ഞാറമൂട് എച്ച് എസ്എസും നാല് വെള്ളിയും രണ്ട് വെങ്കലവും 14 പോയിന്റുമായി കന്യാകുളങ്ങര ഗേള്‍സും രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും 14 പോയിന്റുമായി വിഎന്‍വിവിഎച്ച്എസ്എസ് തിരുവല്ലവും തലസ്ഥാന ജില്ലയുടെ മെഡല്‍ കൊയ്‌ത്തിന് കൂട്ടായി. രണ്ട് മീറ്റ് റിക്കോര്‍ഡുകള്‍ പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സായി തൃശൂരിലെ അജിത് യാദവ് 27.99 സെക്കന്റുകൊണ്ട് 50 മീറ്റര്‍ പൂര്‍ത്തിയാക്കി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ രണ്ടാമതെത്തിയ എറണാകുളത്തിന്റെ ജോഹാന്‍ ജൂലിയനും (28.89 സെക്കന്‍ഡ്) റെക്കാര്‍ഡ് തിരുത്തിക്കുറിച്ചു.
പിരപ്പന്‍കോട് അംബേദ്കര്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ ബാക്ക് സ്‌ട്രോക്ക്, ബ്രസ്റ്റ് സ്‌ട്രോക്ക്, ഫ്രീ സ്‌റ്റൈല്‍, ബട്ടര്‍ഫ്‌ലൈ ഇനങ്ങളിലായി 24 മത്സരങ്ങളാണ് നടന്നത്. തൃശൂരിന് നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി തൃപ്തിപ്പെടേണ്ടിവന്നു. 35 പോയിന്റാണ് തൃശൂരിന്. രണ്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് തൊട്ടുപിന്നിലുള്ള എറണാകുളത്തിന് നേടാനായുള്ളൂ. 24 പോയിന്റാണ് ആദ്യദിനത്തിലെ എറണാകുളത്തിന്റെ നേട്ടം. ഒരുസ്വര്‍ണവും നാല് വെങ്കലവും നേടിയ പാലക്കാടാണ് നാലാമത്. ഒമ്പത് പോയിന്റും. ഇന്ന് 32 മത്സരങ്ങളാണ് നീന്തല്‍കുളത്തില്‍ നടക്കുക.
അതേസമയം കേരള സ്‌കൂള്‍ കായിക മേളയില്‍ ആദ്യദിനത്തിലെ ശ്രദ്ധ നീന്തല്‍ക്കുളത്തിലായിരുന്നു. എന്നാല്‍, കുട്ടികളുടെ പ്രകടനം നിരാശാജനകം. 24 ഫൈനലുകള്‍ ആദ്യദിനം നടന്നുവെങ്കിലും ദേശീയ നിലവാരത്തിലുള്ള ഒരു പ്രകടനം പോലും വരാതിരുന്നത് നമ്മുടെ നീന്തലിന്റെ നിലവാരത്തകര്‍ച്ചയെ സൂചിപ്പിക്കുന്നു. രണ്ട് മീറ്റ് റിക്കോര്‍ഡുകള്‍ മാത്രമാണ് പിറന്നത്. നിലവാരം കുറഞ്ഞ മത്സരങ്ങളാണ് പിരപ്പന്‍കോട് നടന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.









